1930 മുതലുള്ള ലോകകപ്പ് ഓർമകൾ സ്റ്റാമ്പ് രൂപത്തിൽ; അമൂല്യ ശേഖരത്തിൽ ചരിത്രം പറഞ്ഞ് വികാസ്
സ്റ്റാമ്പുകളിലൂടെ ലോകകപ്പ്, കകപ്പ് സ്മരണിക സ്റ്റാമ്പുകളുടെ അമൂല്യശേഖരം
കോഴിക്കോട്: ലോകകപ്പ് കാൽപന്തുകളിയുടെ ആവേശത്തിലാണ് ലോകം. ഒരു തുകൽപന്തിന് പിറകെ ആവേശം നിറച്ച് ആരാധകർ പായുന്നു. ഈ സമയം ലോകകപ്പിനെ സ്റ്റാമ്പുകളിലൂടെ ആവേശ കാഴ്ച ഒരുക്കുകയാണ് കോഴിക്കോട് ബിലാത്തിക്കുളം സ്വദേശി വികാസ്. ലോകകപ്പിന് വ്യത്യാസ്തമായ ഒട്ടേറെ സ്മരണികൾ ആതിഥേയരായ ഖത്തർ ഒരുക്കിയിട്ടുണ്ട്. കറൻസിയും നാണയങ്ങളും സ്റ്റാമ്പുമൊക്കെ ഇതിൽ പെടും.
മത്സരിക്കുന്ന 32 ടീമുകളുടെയും ഗ്രൂപ്പ് തിരിച്ചുള്ള പ്രത്യേക സ്റ്റാമ്പുകൾ ആണ് ഖത്തർ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്റ്റാമ്പുകളുടെ സമ്പൂർണ ശേഖരം സ്വന്തമാക്കിയിരിക്കുകയാണ് വികാസ്. രണ്ട് ഗ്രൂപ്പുകളിലെ എട്ട് ടീമുകളുടെത് വീതമുള്ള നാല് ആൽബമായാണ് ഖത്തർ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. ഫുട്‌ബോൾ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്നവർക്ക് ഈ ആൽബം ഏറെ വിലപ്പെട്ടതാണ്. തന്റെ സ്റ്റാമ്പ് ശേഖരണ താല്പര്യം അറിയുന്ന സുഹൃത്തുക്കൾ വഴിയാണ് ആൽബം വേഗത്തിൽ സ്വന്തമാക്കാൻ കഴിഞ്ഞത് എന്നും വികാസ് പറയുന്നു.
ഖത്തർ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നമായ ലൗഈബിനെ ചിത്രികരിച്ച പ്രത്യേക സ്റ്റാമ്പും ഉടൻ വികാസിനെ തേടിയെത്തുമെന്ന പ്രതിക്ഷയിലാണ് ഇദ്ദേഹം. 1930 -ലെ ഉറുഗ്വോയ് ലോകകപ്പ് മുതൽ പുറത്തിറങ്ങിറക്കിയ സ്മരണിക സ്റ്റാമ്പുകളുടെ വിപുല ശേഖരം വികാസിന്റെ സമ്പാദ്യമായുണ്ട്. രണ്ടാം ലോക മഹായുദ്ധം കാരണം 1942 -ലും 1946 -ലും ലോകകപ്പ് ഫുട്ബോൾ മത്സരം നടന്നിരുന്നില്ല. അതിന് ശേഷം ഇറക്കി ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ സ്റ്റാമ്പുകളും പ്രത്യേക ആൽബം ആക്കി വികാസ് സൂക്ഷിക്കുകയാണ്.
Read more: ലിയോണല്‍ മെസിയും അര്‍ജന്റീനയും തിരിച്ചുവരവ് ആഘോഷിച്ച രാത്രി; ഡെന്‍മാര്‍ക്കിന്റെ കാര്യമാണ് കഷ്ടം
1986 -ലെ മെക്സിക്കോ ലോകകപ്പിലും 1998 -ലെ ഫ്രാൻസ് ലോകകപ്പിലും പുറത്തിറക്കിയ പ്രത്യേക നാണയങ്ങൾ, 1994ലെ അമേരിക്ക ലോകകപ്പിൽ സ്മരണികയായി പുറത്തിറക്കിയ ഓട്ടോ ഫോക്കസ് ഫിലിം ക്യാമറ തുടങ്ങിയ അപൂർവ ശേഖരങ്ങളും വികാസ് നിധി പോലെ സൂക്ഷിക്കുന്നുണ്ട്.