'എന്താ ഫ്രഞ്ചുകാരെ, ഇത് കണ്ടില്ലേ'; മെസിയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദത്തിൽ വഴിത്തിരിവ്, റഫറി തന്നെ രംഗത്ത്
ലിയോണൽ മെസിയുടെ ആ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. അർജന്റീന നായകൻ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവർ അവകാശപ്പെടുന്നത്
വാർസോ: അവസാന നിമിഷം വരെ ആവേശം ചോരാതെ ത്രില്ലറായി മാറിയ കലാശ പോരാട്ടത്തിനൊടുവിലാണ് അർജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് മെസിയും കൂട്ടരും കിരീടം കൊത്തിപ്പറന്നത്. . ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് മെസിയും കൂട്ടരും കിരീടം കൊത്തിപ്പറന്നത്. മത്സരത്തിൽ രണ്ട് ഗോളുകളാണ് ലിയോണൽ മെസി സ്വന്തമാക്കിയത്.
ഏയ്ഞ്ചൽ ഡി മരിയയെ വീഴ്ത്തിയതിന് ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മെസി ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് എക്സ്ട്രാ ടൈമിൽ അർജന്റീനയെ മുന്നലെത്തിച്ച ഗോൾ നേടിയതും അർജന്റൈൻ നായകൻ തന്നെയായിരുന്നു. ഫ്രാൻസ് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസിന്റെ ഒരു രക്ഷപ്പെടുത്തലിൽ നിന്ന് ലഭിച്ച പന്ത് മെസി ഗോൾ വര കടത്തുകയായിരുന്നു. താരം ഓഫ്സൈഡ് ആയിരിക്കുമെന്ന് ചിലരെങ്കിലും കരുതിയിരുന്നെങ്കിലും വാർ പരിശോധനയിൽ അല്ലെന്ന് വ്യക്തമായിരുന്നു.
പക്ഷേ, ഈ ഗോളിനെ ചൊല്ലി വിവാദം ഉയർന്നു. ലിയോണൽ മെസിയുടെ ആ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. അർജന്റീന നായകൻ ഗോളിലേക്ക് ഷോട്ട് എടുക്കുമ്പോൾ തന്നെ കുറച്ച് അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് കയറിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇതിനുള്ള വീഡിയോ തെളിവുകളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഗോൾ നേടുമ്പോൾ മൈതാനത്ത് അധികമായി ഒരാൾ ഉണ്ടായിരുന്നുവെന്ന് ഒരു ഗോൾ വീണതിന് ശേഷം കളി പുനരാരംഭിക്കുന്നതിന് മുമ്പായി റഫറി മനസിലാക്കിയാൽ ആ ഗോൾ അനുവദിക്കരുതെന്നുള്ള ഫിഫ നിയമമാണ് മെസിയുടെ ഗോളിനെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
ഫ്രഞ്ച് മാധ്യമങ്ങൾ ഉൾപ്പെടെ ഈ വിഷയത്തിന് വലിയ വാർത്താ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമന്‍ മാഴ്സിനിയാക്ക് ഈ വിഷയത്തിൽ മറുടി പറഞ്ഞിരിക്കുകയാണ്. ചോദ്യം ഉയർന്നതോടെ മൊബൈൽ എടുത്ത ഷിമന്‍ മാഴ്സിനിയാക്ക് എംബാപ്പെ നേടിയ ഒരു ഗോളിന്റെ വീഡിയോ ആണ് കാണിച്ചത്. ഫ്രഞ്ചുകാർ എന്തുകൊണ്ട ഈ ചിത്രം പരാമർശിക്കുന്നില്ല എന്ന അദ്ദേഹം ചോദിച്ചു. എംബാപ്പെ ഒരു ഗോൾ നേടുമ്പോൾ ഏഴ് ഫ്രഞ്ച് താരങ്ങൾ മൈതാനത്തുണ്ടെന്ന് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എംബാപ്പെ എക്സ്ട്രാ ടൈമിൽ പെനാൽറ്റിയിലൂടെ ഗോൾ നേടുമ്പോഴാണ് ഏഴോളം ഫ്രഞ്ച് താരങ്ങൾ അധികമായി മൈതാനത്തുണ്ടായിരുന്നത്.