'പിഞ്ചുകുഞ്ഞിനെ പുറത്തേറ്റി അതിഥി തൊഴിലാളി സൈക്കിളില്‍ വീട്ടിലേക്ക്'; കണ്ണുനിറയ്‌ക്കുന്ന ചിത്രത്തിന്‍റെ കഥ
പിഞ്ചുകുഞ്ഞുമായി സൈക്കിളില്‍ യാത്ര ചെയ്യുന്ന അമ്മയാണ് ചിത്രത്തില്‍. പുറത്ത് ബാഗുപോലെ കെട്ടിയ തുണിസഞ്ചിയില്‍ കുഞ്ഞ് ഉറക്കവും. ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയാണ് ഇതെന്നാണ് പ്രചാരണങ്ങള്‍.

ദില്ലി: രാജ്യത്തെ ലോക്ക് ഡൗണ്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ വലിയൊരു കൂട്ടം ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. പലരും ജന്‍മനാട്ടിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്തു. പിഞ്ചു മക്കളെ ചുമലിലേറ്റിയുള്ള അമ്മമാരുടെ ദീര്‍ഘദൂര നടത്തമെല്ലാം ഏവരെയും കരയിച്ചു. ഇത്തരത്തിലൊരു ചിത്രം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പ്രചാരണം
പിഞ്ചുകുഞ്ഞുമായി സൈക്കിളില്‍ യാത്ര ചെയ്യുന്ന അമ്മയാണ് ചിത്രത്തില്‍. പുറത്ത് ബാഗുപോലെ കെട്ടിയ തുണിസഞ്ചിയില്‍ കുഞ്ഞ് ഉറക്കവും. ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയാണ് ഇതെന്നാണ് പ്രചാരണങ്ങള്‍.
വാസ്‌തവം
എന്നാല്‍, പ്രചരിക്കുന്ന ചിത്രം ഇന്ത്യയിലെ ലോക്ക് ഡൗണ്‍ കാലത്തെയല്ല എന്നതാണ് സത്യം. വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രമാണ് ഇപ്പോഴത്തേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. മാത്രമല്ല, ഈ ചിത്രം ഇന്ത്യയില്‍ നിന്നുമല്ല.
വസ്‌തുതാ പരിശോധനാ രീതി
വൈറലായിരിക്കുന്ന ചിത്രം നേപ്പാളില്‍ നിന്നുള്ളതാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് വിഭാഗത്തിന്‍റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായത്. ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള സാമൂഹ്യമാധ്യമമായ Pinterestലും Alamyയിലും ഈ ചിത്രം 2014 മുതല്‍ കാണാം. നോപ്പാളില്‍ നിന്ന് പകര്‍ത്തിയ ചിത്രം എന്നാണ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും(പിഐബി) പ്രചരിക്കുന്ന ചിത്രം ഇന്ത്യയില്‍ നിന്നുള്ളതല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഴയ ചിത്രങ്ങളും വീഡിയോകളും അനവസരത്തില്‍ പ്രചരിക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കി പിഐബി.
നിഗമനം
ലോക്ക് ഡൗണ്‍ കാലത്തെ അതിഥി തൊഴിലാളികളുടെ പലായനം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം പഴയതാണെന്നും ഇന്ത്യയില്‍ നിന്നുള്ളത് അല്ലെന്നും വ്യക്തമായിരിക്കുകയാണ്. നേപ്പാളില്‍ നിന്നുള്ള ചിത്രം ആറ് വര്‍ഷത്തോളമായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...


