കോഴിക്കോട് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വീരേന്ദ്രകുമാറിന്‍റെ ജെഡിയു മുന്നണി വിട്ടതാണ്  ഇടതുപക്ഷത്തിന്‍റെ പൊന്നാപുരം കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയത്. പാതിമനസ്സോടെയെത്തിയ മുല്ലപ്പള്ളി ജയിച്ചു കയറി. 10 വര്‍ഷത്തിനിപ്പുറം  വടകര വീണ്ടും മാറിയിരിക്കുന്നു, വീരേന്ദ്രകുമാര്‍ തിരികെ എല്‍ഡിഎഫില്‍. അരലക്ഷത്തോളം വോട്ട് സ്വന്തമായുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്.

2009ലും 2014ലും ഇടത് കോട്ടയിൽ കടന്നുകയറി കടത്തനാടന്‍ അങ്കത്തില്‍ രണ്ട് തവണ പൂഴിക്കടകന്‍ പയറ്റിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ നിന്ന് ജയിച്ചു കയറിയത്. ലോക് സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൂന്നാമങ്കത്തിന് മുല്ലപ്പള്ളിയിറങ്ങുമോയെന്നതാണ് വടകരക്കാരുട പ്രധാന ചര്‍ച്ചാവിഷയം. മുല്ലപ്പള്ളിയില്ലെങ്കില്‍ ടി സിദ്ദിഖ്, അതോ സാക്ഷാല്‍ കെ സുധാകരന്‍ എത്തുമോ ? ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ക്യാംപില്‍ സജീവം. മണ്ഡലത്തില്‍ നിന്നുള്ള കെപിസിസി ഭാരവാഹി കെ പ്രവീണ്‍‍കുമാർ, കെഎസ്യു പ്രസിഡണ്ട് കെ അഭിജിത് എന്നിവരുടെ പേരുകളുമുണ്ട് പട്ടികയില്‍.

വടകരയങ്കത്തിനിറങ്ങാന്‍ ഇടതു പക്ഷം ഇതേ വരെ ആരെയും കണ്ടെത്തിയിട്ടില്ല. കടത്തനാട്ടില്‍ ചുരികത്തലപ്പ് വീശുന്നതാരായിരിക്കുമെന്ന് ചോദിച്ചാല്‍ സമയമുണ്ടല്ലോയെന്ന് സിപിഎം നേതാക്കൾ മറുപടി പറയുന്നതിനും കാരണമുണ്ട്. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍ജെഡി മുന്നണിയില്‍ തിരിച്ചെത്തിയിരിക്കുന്നു. അവരുടെ കേരളത്തിലെ ശക്തികേന്ദ്രമാണ് വടകര. സീറ്റ് വേണമെന്നവര്‍ അവകാശപ്പെട്ടു കഴിഞ്ഞു. പാളയത്തില്‍ പടയുണ്ട്. വീരേന്ദ്രകുമാറ്‍ തെറ്റിപ്പിരിഞ്ഞുപോയപ്പോള്‍ ഇടതുപക്ഷത്തുറച്ച് നിന്ന ജെഡിഎസ് സീറ്റ് എല്‍ജെഡിക്ക് കൊടുക്കരുതെന്ന് പറയുന്നു.

സിറ്റിംഗ് എംഎല്‍എ ആയ സികെ നാണുവിനെത്തന്നെയാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുന്നത്.എല്‍ജെഡി ക്യാംപില്‍ കെ പി മോഹനന്റെ പേരിനാണ് മുന്‍തൂക്കം. ഷേക്ക് പി ഹാരിസും മനയത്ത് ചന്ദ്രനും രംഗത്തുണ്ട്.

എന്നാല്‍ ഒടുക്കം സിപിഎം രണ്ട് പേരെയും വെട്ടി സീറ്റ് കൈക്കലാക്കുമോ എന്നാണ് സംശയം . എ ശിവദാസന്‍, പി സതീദേവി, മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകള്‍ സിപിഎം ക്യാംപില്‍ സജീവമാണ്. ബിജെപിയില്‍ നിന്ന് സി കെ പദ്മനാഭന്‍, പ്രകാശ് ബാബു, ന്യൂനപക്ഷമുഖമായ അലി അക്ബര്‍ എന്നിവരുടെ പേരുകളുമുണ്ട് അന്തരീക്ഷത്തിൽ. ബിജെപി മുന്‍ജില്ലാ പ്രസിഡണ്ട് രഘുനാഥിന് അവസരം നല്‍കുമോ എന്നും കണ്ടറിയണം.

വടകര കോട്ടയം മണ്ഡലങ്ങളുടെ മത്സര ചിത്രവുമായി വമ്പും വീമ്പും എന്ന പരിപാടി ഇവിടെ കാണാം;

വടകരയിലെ രാഷ്ട്രീയബലാബലങ്ങളിലും കാലാകാലങ്ങളിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട് .1957 മുതല്‍ 1971 വരെ മുന്ന് തെരഞ്ഞെടുപ്പുകളില്‍ സോഷ്യലിസ്റ്റുകളാണീ മണ്ഡലത്തില്‍ നിന്ന് ജയിച്ചു കയറിയത് .71-ല്‍ കോണ്‍ഗ്രസിന്റെ യുവതുര്‍ക്കി കെ പി ഉണ്ണികൃഷ്ണന്‍ ദില്ലിയില്‍ നിന്നെത്തി മണ്ഡലം പിടിച്ചു.

ഉണ്ണികൃഷ്ണന്‍ ചേരി മാറി കോണ്‍ഗ്രസ് എസ്സായപ്പോള്‍ ഇടതുപക്ഷം തുണയായി. 1984 മുതല്‍ ഇടതുപക്ഷപ്രതിനിധിയായി ഉണ്ണിദില്ലിയിലേക്ക് പറന്നു.ആകെ ആറുതവണ വടകരയുടെ എം പി യായി ഉണ്ണികൃഷ്ണന്‍. 96-ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയി അവരുടെ സ്ഥാനാര്‍ത്ഥിയായി വടകരയിലെത്തിയ ഉണ്ണികൃഷ്ണനെ പക്ഷെ കടത്തനാട്ടുകാര്‍ തള്ളിക്കളഞ്ഞു.

96 മുതല്‍ 2009 വരെ സിപിഎമ്മിന്റെ കൈയിലായി മണ്ഡലം. 2009 പക്ഷെ സിപിഎമ്മിന് തിരിച്ചടിയുടെ കാലമായിരുന്നു. ഒഞ്ചിയമടക്കം 3 പഞ്ചായത്തുകളില്‍ സിപിഎമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആര്‍എംപി ഉണ്ടാക്കിയതും. വീരേന്ദ്രകുമാറിന്റെ ജെഡിയു കോഴിക്കോട് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടതും ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി. പാതിമനസ്സോടെയെത്തിയ മുല്ലപ്പള്ളി ജയിച്ചു കയറി.

10 വര്‍ഷത്തിനിപ്പുറം വടകര വീണ്ടും മാറിയിരിക്കുന്നു, വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി തിരികെ എല്‍ഡിഎഫില്‍. അരലക്ഷത്തോളം വോട്ട് സ്വന്തമായുണ്ടെന്നാണവർ അവകാശപ്പെടുന്നത്. ആ വാദം യാഥാര്‍ഥ്യമെങ്കിൽ അത് മതി വടകരയുടെ വിധി മാറി മറിയാന്‍.

സിപിഎം വിമതരുണ്ടാക്കിയ ആര്‍എംപി യുഡിഎഫിനൊപ്പം നിലയുറപ്പിച്ചാലവരുടെ വോട്ടും ചോരും. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെങ്കിലും സിപിഎമ്മിനെ തോല്പിക്കാന്‍ ആര്‍ എം പി വോട്ടുമറിച്ചേക്കുമെന്നും സൂചനയുണ്ട്. 20000ത്തോളം വോട്ടുകളാണ് മണ്ഡലത്തില്‍‍ ആര്‍എംപിക്കുള്ളത്.

കോണ്‍ഗ്രസിലെ ചേരിപ്പോര് പതിവില്ലാത്ത വിധം ശക്തമാണ്. സിപിഎമ്മിലാകട്ടെ ആര്‍എംപിയെ മാറ്റി നിര്‍ത്തിയാല്‍ അച്ചടക്കപ്രശ്നങ്ങളില്ല. തലശ്ശേരി, കൂത്ത് പറമ്പ് നിയമസഭാ മണ്ഡലങ്ങൾ നല്‍കുന്ന ശക്തമായ മുന്‍തൂക്കത്തിന്റെ ബലത്തില്‍ വടകര സ്വന്തമാക്കാമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. കോണ്‍ഗ്രസാകട്ടെ സ്ഥാനാര്‍ത്ഥിയുടെ മികവില്‍ ഇടത് കോട്ടയില്‍ നിന്ന് ചോര്‍ന്ന് കിട്ടുന്ന വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. എന്തായാലും വടകരയില്‍ ഇത്തവണ ചുരികസീല്‍ക്കാരം ഉയര്‍ന്ന് കേള്‍‍ക്കാം...