പി ജയരാജനും കെ സുധാകരനും ഏറ്റുമുട്ടുമോ? കണ്ണൂരിലേക്ക് കണ്ണുനട്ട് കേരളം

ഇടത് വൈകാരിക കോട്ടയായ കണ്ണൂരിൽ ജില്ലാ സെക്രട്ടറി പി ജയരാജൻ മത്സരിക്കുമോ? ഏറ്റുമുട്ടാൻ കെ സുധാകരൻ ഇറങ്ങുമോ?

will k sudhakaran contest against p jayarajan in kannur loksabha election 2019

മലയോര മേഖലയായ പേരാവൂർ , ഇരിക്കൂർ,  വിമാനത്താവളം ഉൾപ്പെടുന്ന മട്ടന്നൂർ, പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടം,  തീരമേഖല ഉള്ള അഴീക്കോട്, കണ്ണൂർ, ഒപ്പം കിഴാറ്റൂർ സമരം കൊണ്ടു ശ്രദ്ധേയമായ തളിപ്പറന്പ് എന്നിവ ഉൾപ്പെട്ടതാണ് കണ്ണൂരിന്റെ അങ്കത്തട്ട് 

സിറ്റിംഗ് എം.പി പി.കെ ശ്രീമതിക്ക് തന്നെയാണ് മണ്ഡലത്തിൽ  മുൻതൂക്കം.  രണ്ടാമൂഴം കാക്കുന്ന പി.കെ ശ്രീമതിയെ വനിതയെന്ന നിലയിൽ  മാറ്റുക പാർട്ടിക്ക് എളുപ്പവുമല്ല.  രണ്ടാമങ്കത്തിനായി മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു പി.കെ ശ്രീമതി .കാര്യം ഇങ്ങനൊക്കെ ആണെങ്കിലും ഇടത് വൈകാരിക കോട്ടയായ കണ്ണൂരിൽ ജില്ലാ സെക്രട്ടറി പി ജയരാജൻ മത്സരിക്കുമോയെന്നതാണ് ആരുടെയും ആകാംക്ഷ.  നിലവിൽ ജില്ലാ സെക്രട്ടറിയായ പി ജയരാജൻ വ്യക്തിപൂജ ആരോപണവും നടപടിയും നേരിട്ടെങ്കിലും അണികൾക്ക് താൽപര്യവും മണ്ഡലത്തിൽ സ്വാധീനവും ഉള്ള നേതാവാണ്.  വടകരയിലേക്ക് മാറാനുള്ള സാധ്യതയും തള്ളാനാവില്ല.

യുഡിഎഫിൽ കെ സുധാകരനു വേണ്ടിയാണ് മുറവിളികൾ.  ശബരിമല സമരത്തിന്റെ കൂടി പശ്ചാത്തലത്തിൽ സുധാകരന് വിജയമെളുപ്പമാകുമെന്ന് പ്രാദേശിക ഘടകങ്ങൾ ഉറപ്പ് പറയുന്നു.  തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളിൽ പിൻവലിഞ്ഞിരുന്ന കെ സുധാകരൻ മട്ടന്നൂരിൽ ഷുഹൈബ് വധത്തിന് പിന്നാലെ ദിവസങ്ങൾ നീണ്ട  സമരത്തിലൂടെ പൊതുജനങ്ങൾക്കും അണികൾക്കും മുന്നിൽ വലിയ തിരിച്ചുവരവാണ് നടത്തിയത്.   എന്നാൽ ഡിസിസി പ്രസിഡന്റ്  സതീശൻപാച്ചേനിയും കെപിസിസി എക്സിക്യൂട്ടിവ് അംഗം സജീവ് ജോസഫും പട്ടികയിലുണ്ട്.  അവസരമെത്തിയാൽ തലകുലുക്കാൻ സതീശൻ പാച്ചേനി തയാർ. എ.പി അബ്ദുള്ളക്കുട്ടിയോ, രാഹുൽ ബ്രിഗേഡിൽ നിന്ന് ഒരാളോ വന്നാലും അത്ഭുതപ്പെടാനില്ല.  ശബരിമല കർമ്മസമതി വഴിയും മറ്റും അടുത്തകാലം സജീവമാക്കിയ ബിജെപിയും ശക്തനെത്തന്നെ നിർത്തുമെന്നുറപ്പ്.  രാഷ്ട്രീയ പാകയിൽ അക്രമികൾ കാലുകൾ വെട്ടിമാറ്റിയ സദാനന്ദൻ മാസ്റ്ററുടെയും, സികെ പത്മനാഭന്റെയും പേരാണ് കൂടുതൽ ഉയർന്നു കേൾക്കുന്നത്. ശബരിമല സമരത്തിന് മുന്നിൽ നിന്ന ആർഎസ്എസ് നേതാവ് പുതിയ സാഹചര്യത്തിൽ കളത്തിലിറങ്ങുമെന്ന ഊഹങ്ങളും ചില കേന്ദ്രങ്ങളിലുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിന്റെ കടമ്പ.

കണ്ണൂര്‍ പത്തനംതിട്ട മണ്ഡലങ്ങളിലെ തീപാറും പോരാട്ട വാ‍ര്‍ത്തയുമായി വമ്പും വീമ്പും ഇവിടെ കാണാം:

കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ്, മട്ടന്നൂർ, ഇരിക്കൂർ,പേരാവൂർ, ധർമ്മടം ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഴീക്കോടും ഇരിക്കൂറും പേരാവൂരും മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം ഇടതുകൈയിൽ ഭദ്രം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കണക്കുകളിൽ ഇടതിന് മുൻതൂക്കമുള്ളപ്പോഴും യുഡിഎഫിന് ഏതുസമയത്തും തിരിച്ചുവരവിന് സാധ്യത തുറന്നിട്ടുള്ള മണ്ഡലമാണ് കണ്ണൂർ. പി.കെ ശ്രീമതിക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകളെത്തുമെന്ന പ്രതീക്ഷ.  കണ്ണൂർ റെയിൽവേ സ്റ്റേഷൻ നവീകരണമടക്കം മണ്ഡലത്തിലുടനീളം എടുത്തുപരയാൻ പദ്ധതികളുണ്ട് എം.പിയ്ക്ക്.  

പി ജയരാജനായാൽ പോരാട്ടം പിന്നെയും ചൂടേറും.  ശുക്കൂർ,കതീരൂർ മനോജ് വധക്കേസുകളിൽ ഉൾപ്പെട്ട പി ജയരാജന് മേൽ ശുഹൈബ് വധത്തെ തുടർന്നുള്ള ആരോപണങ്ങളുമുണ്ട്.  ജയരാജന്റെ പ്രഭാവത്തിൽ കണ്ണു വയ്ക്കുന്നവരിൽ പാർട്ടി അണികൾ മാത്രമല്ല ഉള്ളത്. അങ്ങനെയെങ്കിൽ ഇടതിന്    എതിരാളിയായി കെസുധാകരനെത്തുകയാണെങ്കിൽ കണ്ണൂരിൽ നിന്ന് കണ്ണെടുക്കേണ്ടി വരില്ല കേരളത്തിന്. കസ്തൂരി രംഗൻ മലയോര പ്രതിഷേധം കഴിഞ്ഞ തവണ വിനയായെന്നു കെ സുധാകരൻ റബിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പം ജാതി അടിസ്ഥാനത്തിൽ എതിർ സ്ഥാനാർഥി വോട്ടു പിടിച്ചതും എടുത്തു പറയുന്നു.

ശബരിമല വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ ബിജെപി നടത്തുന്ന നീക്കങ്ങൾ കഴിഞ്ഞ തവണ  പികെ ശ്രീമതിക്ക്6566 എന്ന ഭൂരിപക്ഷത്തിൽ എന്ത് മാറ്റമുണ്ടാക്കുമെന്നതും കണ്ടറിയണം.  ദേശീയ അധ്യക്ഷൻ അമിത്ഷാ തന്നെ നേരിട്ട് രണ്ടുതവണയെത്തി സിപിഎമ്മിനെതിരെ രാഷ്ട്രീയസമരം നയിച്ച ജില്ലയിൽ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് അതിപ്രധാനമാണ്. സ്മാരകങ്ങളുടെ നാട്ടിൽ, തലയെടുപ്പുള്ള നേതാക്കലുള്ള നാട്ടിൽ, കണ്ണൂരിൽ രാഷ്ട്രീയമായിരുന്നു എന്നും ഒന്നാമത്. നിർണായക തെരഞ്ഞെടുപ്പിൽ അതിന്റെ ചൂട് പതിന്മടങ്ങാകും. കാത്തിരിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios