ഒടുവിൽ ഇന്നസെന്‍റ് തന്നെ ഇറങ്ങേണ്ടിവരുമോ? ചാലക്കുടിയിൽ അഭിമാന പോരാട്ടം
തൃശൂരിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പാളിച്ചകളാണ് യുഡിഎഫിന്‍റെ തലവേദന. നിലവിലെ എം പി ഇന്നസെന്‍റിനെതിരായ പ്രചാരണമാണ് ഇടതുമുന്നണിയെയും അലോസരപ്പെടുത്തുന്നു.
പ്രളയത്തിന്‍റെ തീവ്രത ഏറ്റവുംമധികം അനുഭവിച്ച ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് ചാലക്കുടി. ആ ദുരിതത്തിന്‍റെ നശിച്ച ഓർമ്മകൾ വിട്ടുമായും മുമ്പാണ് ലോക്സഭാ തെരഞ്ഞടുപ്പ് എത്തുന്നത്. തൃശൂർ- എറണാകുളം ജില്ലകളിലായി പരന്നു കിടക്കുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. തൃശൂരിലെ കയ്പ മംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളും എറണാകുളത്തെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ലോക്സഭാ മണ്ഡലം പരിധി.
2014 ൽ പിസി ചാക്കോയെന്ന കോൺഗ്രസിലെ അതികായനെ ഇന്നസെന്‍റ് എന്ന ഇടതുസ്വതന്ത്രനായ സിനിമാ താരം അട്ടിമറിച്ച മണ്ഡലം. അഞ്ച് വർഷങ്ങൾക്കിപ്പുറം ഇനിയൊരു മത്സരത്തിനില്ലെന്ന് നിലവിലെ എം പി ഇന്നസെന്‍റ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഈയൊരു ഘട്ടത്തിലാണ് പുതിയ പേരുകൾ ഉയരുന്നത്. എറണാകുളത്തും തൃശൂരും ഒരേപോലെ പരിചിതനായ ഒരാൾ സ്ഥാനാർഥിയാകണമെന്നാണ് പ്രാഥമിക ചർച്ചകളിലെ നിർദേശം.
മുൻ എം പിയും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ പി രാജീവിന്‍റെ പേരാണ് ഇതിൽ പ്രധാനം. മാള സ്വദേശിയാണ് എന്നതും പ്രവർത്തനമേഖല എറണാകുളമാണ് എന്നതും രാജീവിന് അനുകൂല ഘടകങ്ങളാണ്. മുൻ പെരുമ്പാവൂർ എം എൽ എ യും യാക്കോബായ സഭാ ആംഗവുമായ സാജു പോളാണ് പരിഗണക്കപ്പെടുന്ന മറ്റൊരാൾ. പെരുമ്പാവൂർ, ആലുവ, അങ്കമാലി മേഖലകളിൽ യാക്കോബായ സഭയ്ക്കുളള മേൽക്കൈ സാജുപോളിന് ഗുണകരമാകുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും സമവാക്യങ്ങൾ മാറിമറിഞ്ഞാൽ ഇന്നസെന്‍റ് തന്നെ ഏറ്റവുമൊടുവിൽ മത്സര രംഗത്തെത്തിയാലും അൽഭുതപ്പെടാനില്ല.
യുഡിഎഫിന് ചാലക്കുടി ഇത്തവണ അഭിമാന പോരാട്ടമാണ്. എന്തുവില കൊടുത്തും പിടിച്ചെടുക്കണം. അതുകൊണ്ടുതന്നെ ജനകീയത മാനദണ്ഡമാക്കണമെന്നാണ് നിർദേശം. മുൻ ചാലക്കുടി എംപി കെ പി ധനപാലനാണ് പരിഗണിക്കപ്പെടുന്നവരിൽ ഒരാൾ. കഴിഞ്ഞ തവണ സമ്മദ്ദങ്ങൾക്കുവഴങ്ങി തൃശൂരിൽ മൽസരിച്ച് തോറ്റു. അതുകൊണ്ടുതന്നെ മൽസരിക്കുന്നെങ്കിൽ ചാലക്കുടി വേണമെന്നാണ് ധനപാലന്‍റെ നിലപാട്.
കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാൾ. ധീവരസമുദായത്തിൽപ്പെട്ട പ്രതാപനെ നിർത്തിയാൽ എൽഡിഎഫിന് മേൽക്കൈയുളള കൊടുങ്ങല്ലൂർ, കയ്പമംഗലം ഉൾപ്പെടെയുളള തീരദേശ ഗ്രാമങ്ങളെ വരുതിയിലാക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. മത്സരത്തിനില്ലെന്ന് നിലപാടെടുത്തെങ്കിലും മുൻ കെ പി സി സി പ്രസിഡന്‍റ് വി എം സുധീരനേയും ഇവിടെ പരിഗണിച്ചേക്കാം. ചാലക്കുടിക്ക് അവകാശവാദമുന്നയിച്ച് കേരളാ കോൺഗ്രസ് എം രംഗത്തുണ്ടെങ്കിലും പരമ്പരാഗത കോൺഗ്രസ് മണ്ഡലം വിട്ടുകൊടുക്കാൻ സാധ്യതയില്ല .
ചാലക്കുടിയിലെ എൻ ഡി എ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇപ്പോഴും ചിത്രം വ്യക്തമല്ല. ബിജെപി സ്ഥാനാർഥി വേണോ അതോ ബി ഡി ജെഎസ് മൽസരിക്കണോയെന്ന കാര്യത്തിൽ തീരുമാനമാകണം. 2014ൽ ബി ജെ പിയിലെ ബി ഗോപാലകൃഷ്ണന് ഒരു ലക്ഷത്തിനടുത്ത് വോട്ടാണ് കിട്ടിയത്. ഇത്തവണ ബി ഡി ജെ എസ് മൽസരിച്ചാൽ മണ്ഡലത്തിലെ നിർണായക ശക്തിയാകാൻ കഴിയുമെന്നും കണക്കുകൂട്ടുന്നു
തിരുവനന്തപുരം ചാലക്കുടി മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്ന പ്രത്യേക പരിപാടി 'വമ്പും വീമ്പും' ഇവിടെ കാണാം:
.
ചാലക്കുടിയിലെയും തൃശൂരിലെയും സ്ഥാനാർഥി നിർണയങ്ങൾ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. തൃശൂരിൽ ക്രിസ്ത്യൻ മതിഭാഗത്തിൽപ്പെട്ട ഒരാൾ മത്സരിച്ചാൽ ചാലക്കുടിയിൽ ഹിന്ദുമതത്തിൽപ്പെട്ട ഒരാൾ എന്നതാണ് കാലങ്ങളായുളള പതിവ്. നേരെ മറിച്ചും സംഭവിക്കാം. ഇത്തവണത്തെ സ്ഥാനാർഥി നിർണയത്തിലും ഇടത് വലത് മുന്നണികൾ പഴയ പതിവ് തെറ്റിക്കാനിടിയില്ല. ക്രൈസ്തവര്‍ക്കും ഈഴവ സമുദായത്തിൽപ്പെട്ടവർക്കും ഇരുമണ്ഡലങ്ങളിലുമുളള സ്വാധീനമാണ് ഇതിന് കാരണം
ചാലക്കുടിയിൽ ചില കാര്യങ്ങൾ മുന്നണികളെ അലോസരപ്പെടുത്തുന്നുണ്ട്. തൃശൂരിലെ കോൺഗ്രസ് സംഘടനാസംവിധാനത്തിലെ പാളിച്ചകളാണ് യുഡിഎഫിന്‍റെ തലവേദന. കഴിഞ്ഞ തവണ തൃശൂരും ചാലക്കുടിയും തോൽക്കാൻ ഇത് കാരണമായെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നു. ഹൈക്കമാൻഡിന്‍റെ സമ്മര്‍ദ്ദങ്ങൾക്കും ഗ്രൂപ്പുകളുടെ താൽപര്യങ്ങൾക്കും വഴങ്ങി തോന്നുന്നപോലെ സ്ഥാനാഥികളെ നിശ്ചയിച്ചാൽ 2014 ആവര്‍ത്തിക്കുമെന്ന് യുഡിഎഫിന് അറിയാം. കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ നിരവധി വികസന പ്രവത്തനങ്ങൾ നടത്തി എന്ന് അവകാശപ്പെടുന്പോഴും നിലവിലെ എം പി ഇന്നസെന്‍റിനെതിരായ പ്രചാരണമാണ് ഇടതുമുന്നണിയുടെ തലവേദന. സാധാരണക്കാർക്ക് എം പിയെ കാണാൻ കിട്ടുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ നാലുമണ്ഡലങ്ങളിലായി ഇരുപതിനായിരത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷമാണ് യുഡിഎഫിന് കിട്ടിയത്. എന്നാൽ തൃശൂരിലെ മൂന്നു മണ്ഡലങ്ങളിൽ നിന്നായി എൽഡിഎഫ് എൺപതിനായിരത്തിൽപ്പരം വോട്ടിന്‍റെ ലീഡ് നേടി. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യുന്ന സ്വഭാവത്തിൽ ഏറെ വ്യത്യാസമുണ്ടെന്നതാണ് എൽ ഡി എഫിന്‍റെ തലവേദന.
ഇരുമുന്നണികൾക്കും എൻ ഡി എയ്ക്കും അഭിമാനപോരാട്ടമാണ് ചാലക്കുടിയിലേത്. പ്രളയ പുനരധിവാസമടക്കം ഏറെ വിമർശന വിധേയാമാക്കപ്പെടുന്ന ഇക്കാലത്ത് മണ്ഡലം നിലനിർത്താൻ എൽ ഡി എഫിന് വിയർപ്പൊഴിക്കേണ്ടിവരും. പരന്പരാഗത കോട്ട തിരിച്ചുപിടിക്കണമെങ്കിൽ സ്ഥാനാർഥി നിർണയത്തിലടക്കം ജനകീയത പരിഗണിക്കേണ്ടതായും വരും. എൻ ഡി എ കൂടി സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുന്നതോടെ വാശിയേറിയ പോരാട്ടത്തിനാണ് ചാലക്കുടി ലോക്സഭാ മണ്ഡലം കാതോർക്കുന്നത്.