'രാജേഷ് ആയതു കൊണ്ട് തെറി വിളിക്കുമെന്നു പേടിയില്ല'; തൃത്താല സ്ഥാനാര്‍ത്ഥികളെ കുറിച്ച് കെ ആര്‍ മീര

സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിളിച്ച് സംസാരിച്ചാല്‍ ആ കുട്ടിക്ക് പ്രചോദനമാകും എന്ന് ആവശ്യപ്പെട്ട എംബി രാജേഷും സൈബര്‍ സെല്ലുകളെ ഉപയോഗിച്ച് തെറി വിളിച്ച തൃത്താല എംഎല്‍എയും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ച് വിശദമാക്കുന്നതാണ് കുറിപ്പ്.

K R meera comapres between LDF and UDF candidates in Trithala constituency

തൃത്താല മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളേക്കുറിച്ചുള്ള എഴുത്തുകാരി കെ ആര്‍ മീരയുടെ കുറിപ്പ് വൈറലാവുന്നു. സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിളിച്ച് സംസാരിച്ചാല്‍ ആ കുട്ടിക്ക് പ്രചോദനമാകും എന്ന് ആവശ്യപ്പെട്ട എംബി രാജേഷും സൈബര്‍ സെല്ലുകളെ ഉപയോഗിച്ച് തെറി വിളിച്ച തൃത്താല എംഎല്‍എയും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ച് വിശദമാക്കുന്നതാണ് കുറിപ്പ്. ഒരാള്‍ തെറി വിളിക്കുന്നു, മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി രണ്ടു വാക്കു സംസാരിക്കാമോ എന്ന്  അഭ്യര്‍ഥിക്കുന്നു. രണ്ടു തരം ജനാധിപത്യ ബോധ്യങ്ങള്‍,  രണ്ടു തരം ജനപ്രതിനിധികളെന്നാണ് കുറിപ്പില്‍ കെ ആര്‍ മീര വ്യക്തമാക്കുന്നത്. 

കെ ആര്‍ മീരയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, ശ്രീ എം.ബി. രാജേഷ് എന്നെ വിളിച്ചു. ‘‘ തൃത്താലയില്‍ പ്രചാരണത്തിനിടയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. നല്ല വായനക്കാരിയാണ്. എഴുത്തുകാരിയുമാണ്.  എനിക്കു വളരെ മതിപ്പു തോന്നി.  ഇഷ്ടപ്പെട്ട എഴുത്തുകാരെക്കുറിച്ചു ചോദിച്ചപ്പോള്‍ ഏറ്റവും ഇഷ്ടം കെ. ആര്‍. മീരയെ ആണെന്നു പറഞ്ഞു. തീര്‍ത്തും സാധാരണ കുടുംബത്തിലെ കുട്ടിയാണ്.  പക്ഷേ, അവള്‍ നിങ്ങളുടെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഞാന്‍ ആ കുട്ടിയുടെ നമ്പര്‍ തരട്ടെ? തിരക്കൊഴിയുമ്പോള്‍ അവളെ ഒന്നു വിളിച്ചു സംസാരിക്കാമോ? അത് ആ കുട്ടിക്കു വലിയ പ്രചോദനമായിരിക്കും. ’’


സൈബര്‍ സെല്ലുകളെ‍ ഉപയോഗിച്ച് എന്നെ തെറി വിളിച്ച എം.എല്‍.എയുടെ മണ്ഡലമാണല്ലോ,  തൃത്താല. 
ഒരാള്‍ തെറി വിളിക്കുന്നു; മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി‍ രണ്ടു വാക്കു സംസാരിക്കാമോ എന്ന്  അഭ്യര്‍ഥിക്കുന്നു. –രണ്ടു തരം ജനാധിപത്യ ബോധ്യങ്ങള്‍;  രണ്ടു തരം ജനപ്രതിനിധികള്‍. ഞാന്‍ കയ്യോടെ ആ കുട്ടിയുടെ വിലാസം  വാങ്ങി.  കയ്യൊപ്പോടെ മൂന്നു പുസ്തകങ്ങള്‍ അവള്‍ക്ക് അയയ്ക്കുകയും ചെയ്തു. 


തപാല്‍ ഇന്നലെ അവള്‍ക്കു കിട്ടി. അവള്‍ എന്നെ വിളിച്ചു. എന്റെ മകളെക്കാള്‍ നാലോ അഞ്ചോ വയസ്സിന് ഇളയവള്‍. 
അവള്‍ വളരെ സന്തോഷത്തിലായിരുന്നു.  ഞാനും. എഴുത്തുകാര്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ‍് അതാണ് – വായനക്കാരുടെ ശബ്ദത്തിലെ സ്നേഹത്തിന്റെ ഇടര്‍ച്ച‍. ആ സ്നേഹത്തിന്, ശ്രീലക്ഷ്മി സേതുമാധവനു Sree Lakshmi Sethumadhavan നന്ദി.  ശ്രീലക്ഷ്മിയെ പരിചയപ്പെടുത്തിയതിന് എം.ബി. രാജേഷിനും നന്ദി പറയുന്നു. നന്ദി പറഞ്ഞില്ലെങ്കില്‍ തെറി വിളിക്കുമോ എന്നു പേടിച്ചിട്ടല്ല. രാജേഷ് ആയതു കൊണ്ട്, തെറി വിളിക്കുമെന്നു പേടിയില്ല.  


ഉത്തരം മുട്ടിയാല്‍ അസഭ്യം പറഞ്ഞും അപകീര്‍ത്തിപ്പെടുത്തിയും നിശ്ശബ്ദയാക്കുന്ന ‘ആല്‍ഫ മെയില്‍ അപകര്‍ഷത’ രാജേഷിന്‍റെ പ്രസംഗങ്ങളിലോ ചര്‍ച്ചകളിലോ ഫെയ്സ് ബുക്ക് പോസ്റ്റുകളിലോ കണ്ടിട്ടില്ല.   കടുത്ത വിയോജിപ്പോടെയും എം. ബി. രാജേഷിനോടു സംവാദം സാധ്യമാണ്. നമ്മളെയൊക്കെ നിരീക്ഷിക്കുന്ന ശ്രീലക്ഷ്മിയുടെ തലമുറയിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും വേണ്ടി– അതിനു പ്രത്യേകം നന്ദി.

Latest Videos
Follow Us:
Download App:
  • android
  • ios