പത്തനംതിട്ടയിൽ ലഹരി വേട്ട, 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
പരിശോധനയിൽ അനിൽ കുമാറിൽ നിന്നും 1.11 കിലോഗ്രാം കഞ്ചാവ് എക്സൈസ് കസ്റ്റഡിയിലെടുത്തു.
![youth arrested by excise with ganja in pathanamthitta vkv youth arrested by excise with ganja in pathanamthitta vkv](https://static-gi.asianetnews.com/images/01hsnj3wnvz7ejr4xt3khgraxx/ganja-arrest_363x203xt.jpg)
റാന്നി: പത്തനംതിട്ടയിൽ എക്സൈസിന്‍റെ ലഹരി വേട്ട. കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. കുമ്പഴ സ്വദേശി അനിൽ കുമാറാണ് എക്സൈസിന്‍റെ പിടിയിലായത്. പത്തനംതിട്ട റേഞ്ച് ഇൻസ്‌പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പരിശോധനയിൽ അനിൽ കുമാറിൽ നിന്നും 1.11 കിലോഗ്രാം കഞ്ചാവ് എക്സൈസ് കസ്റ്റഡിയിലെടുത്തു.
പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ കെ കെ ഗോപകുമാർ, കെ രാജീവ്, ബിനുരാജ്, സുൽഫിക്കർ, അജി എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്, അനൂപ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഫ്രിജീഷ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 17 ലിറ്റർ ചാരായവും, 400 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. രാജാക്കാട് കച്ചിറപ്പാലം ഭാഗത്ത് നിന്നാണ് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. കാന്തിപ്പാറ കച്ചിറപ്പാലം സ്വദേശി സജീവൻ ആണ് പ്രതി. ഇയാൾ ഓടിരക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ്. കേസ് രേഖകളും തൊണ്ടി മുതലുകളും ഉടുമ്പൻചോല എക്സൈസ് റേഞ്ചിന് കൈമാറി. പാർട്ടിയിൽ ഗ്രേഡ് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ തോമസ് ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ ജസ്റ്റിൻ, ആൽബിൻ, വുമൻ സിവിൽ എക്സൈസ് ഓഫീസർ അശ്വതി, ഡ്രൈവർ ശശി പി.കെ എന്നിവരും ഉണ്ടായിരുന്നു.
Read More : കുടയെടുത്തോ! ഇന്നും നല്ല മഴ വരുന്നു; പാലക്കാടുൾപ്പടെ 12 ജില്ലകളിൽ മഴ സാധ്യത, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം