ചിരിയോടെ കോലിയുടെ തോളില്‍ തട്ടി അഭിനന്ദിച്ചു; ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവര്‍ന്ന് മുഹമ്മദ് ഷമി- വീഡിയോ
ബൗളിംഗില്‍ മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കാന്‍ ഷമിക്കായി. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കോലി അര്‍ധ സെഞ്ചുറി നേടിയപ്പോഴാണ് ഷമിയും ചിത്രത്തിലിടം നേടിയത്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (RCB) മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരം മുഹമ്മദ് ഷമിക്ക് (Mohammed Shami) അത്ര നല്ല ദിവസമൊന്നും ആയിരുന്നില്ല. നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങിയ ഷമി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. 58 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു ഷമിയുടെ ഇര. ഷമിയുടെ യോര്‍ക്കറില്‍ ബൗള്‍ഡാവുകയായിരുന്നു കോലി.
ബൗളിംഗില്‍ മോശം പ്രകടനമാണ് പുറത്തെടുത്തതെങ്കിലും ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കാന്‍ ഷമിക്കായി. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കോലി അര്‍ധ സെഞ്ചുറി നേടിയപ്പോഴാണ് ഷമിയും ചിത്രത്തിലിടം നേടിയത്. ഷമിയുടെ മൂന്നാം ഓവറിലാണ് കോലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. സീസണില്‍ കോലിയുടെ ആദ്യ അര്‍ധ സെഞ്ചുറിയായിരുന്നിത്. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കോലി വിമര്‍ശനങ്ങള്‍ക്ക് നടുക്കാണ്. അപ്പോഴാണ് ആശ്വാസമായി അര്‍ധ സെഞ്ചുറിയെത്തുന്നത്.
റണ്‍സ് ഓടിയെടുത്ത കോലിയെ ആദ്യം അഭിനന്ദിച്ചത് ഷമിയായിരുന്നു. കോലിയുടെ പുറത്തുതട്ടി അഭിനന്ദിച്ച ഷമി പുഞ്ചിരിയോടെ പലതും പറയുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മുമ്പ് ഷമിക്കെതിരെ വിദ്വേഷത്തോടെയുള്ള പരിഹാസമുണ്ടായപ്പോള്‍ ഏറെ പിന്തുണച്ച താരമാണ് കോലി.
ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയാ മത്സരത്തിന് ശേഷമാണ് ഷമിയുടെ മതം പറഞ്ഞ് ക്രിക്കറ്റ് ആരാധകര്‍ പരിഹസിച്ചത്. കോലി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു സംഭവം. പിന്നാലെ കടുത്ത പിന്തുണയുമായെത്തിയ കോലി വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു.
എന്നിരുന്നാലും മത്സരത്തില്‍ ആര്‍സിബിക്ക് തോല്‍വി പിണഞ്ഞിരുന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയോ ആര്‍സിബി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. കോലിക്ക് പുറമെ രജത് പടിദാര്‍ (52), ഗ്ലെന്‍ മാക്‌സ്‌വെല്‍ (33) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാംഗ്‌വാനാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്.
മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് മില്ലര്‍ (39), രാഹുല്‍ തെവാട്ടിയ (43) എന്നിവരാണ് ഗുജറാത്തിന്റെ വിജയം എളുപ്പമാക്കിയത്. ഇരുവരും പുറത്താവാതെ നിന്നു.
