അവസാന നിമിഷം ആ നാലുപേരെ ടീമിലെത്തിച്ച രാജസ്ഥാന്‍റെ നീക്കം ബ്രാത്ത്‌വെയ്റ്റിന്‍റെ നാല് സിക്സ് പോലെ: ആകാശ് ചോപ്ര
താരലേലത്തില്‍ രാജസ്ഥാന് പിഴച്ചത് യുവതാരം റിയാന്‍ പരാഗിനെ നിലനിര്‍ത്തേണ്ടിവന്നതാണ്. ഐപിഎല്ലില്‍ ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പരാഗിന് 16.9 റണ്‍സ് ശരാശരിയില്‍ 339 റണ്‍സ് മാത്രമാണ് നേടാനായത്.

ദില്ലി: ഐപിഎല്‍ താരലേലത്തിന്‍റെ(IPL 2022 auction) അവസാനം ഒഴിവുള്ള നാലു വിദേശ താരങ്ങളുടെ സ്ലോട്ടിലേക്ക് നാലു കളിക്കാരെ കണ്ടെത്തിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ( Rajasthan Royals) അപ്രതീക്ഷിത നീക്കത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര( Aakash Chopra). 2016ലെ ടി20 ലോകകപ്പ് ഫൈനലില്‍ ബെന്‍ സ്റ്റോക്സിനെതിരെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് നേടിയ നാലു പടുകൂറ്റന്‍ സിക്സുകള്‍ പോലെയായിരുന്നു രാജസ്ഥാന്‍റെ നീക്കമെന്ന് ചോപ്ര പറഞ്ഞു.
അവസാന അഞ്ച് മിനുട്ടിലാണ് രാജസ്ഥാന്‍ നാലു വിദേശ താരങ്ങളെ ടീമിലെത്തിച്ചത്. നഥാന്‍ കോള്‍ട്ടര്‍നൈല്‍, ജിമ്മി നീഷാം, റാസി വാന്‍ഡര്‍ ഡസ്സന്‍, ഡാരില്‍ മിച്ചല്‍ എന്നിവരെ കുറഞ്ഞ തുകക്ക് ടീമിലെത്തിക്കാന്‍ രാജസ്ഥാനായി. അത് തന്ത്രപരമായ നീക്കമായിരുന്നു. ഈ നാലു കളിക്കാരും സീസണ്‍ മുഴുവന്‍ ടീമിനൊപ്പമുണ്ടാകുകയും ചെയ്യുമെന്നും ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
താരലേലത്തില്‍ രാജസ്ഥാന് പിഴച്ചത് യുവതാരം റിയാന്‍ പരാഗിനെ നിലനിര്‍ത്തേണ്ടിവന്നതാണ്. ഐപിഎല്ലില്‍ ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പരാഗിന് 16.9 റണ്‍സ് ശരാശരിയില്‍ 339 റണ്‍സ് മാത്രമാണ് നേടാനായത്. അതും 118.5 പ്രഹരശേഷിയില്‍. ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ നേടിതയതാകട്ടെ മൂന്ന് വിക്കറ്റും. എന്നാല്‍ മഹിപാല്‍ ലോമറോറിനെ വന്‍തുകക്ക് മറ്റ് ടീമുകള്‍ സ്വന്തമാക്കിയതിനാല്‍ ടീമിനായ കളിച്ച കളിക്കാരന്‍ എന്ന നിലയില്‍ പരാഗിനെ നിലനിര്‍ത്തുകയല്ലാതെ രാജസ്ഥാന് മുന്നില്‍ മറ്റ് സാധ്യതകള്‍ ഇല്ലായിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി.
പരാഗിനെ വേണമെങ്കില്‍ കൈയൊഴിഞ്ഞ് മറ്റേതെങ്കിലും കളിക്കാരനെ വേണമെങ്കില്‍ രാജസ്ഥാന് ടീമിലെടുക്കാമായിരുന്നു. എന്നാല്‍ അറിയാത്ത ദൈവത്തേക്കാള്‍ അറിയാവുന്ന ചെകുത്താനാണ് നല്ലതെന്ന ചൊല്ലാണ് ഇവിടെ രാജസ്ഥാന്‍ പ്രയോഗിച്ചതെന്നും ചോപ്ര പറഞ്ഞു. ഐപിഎല്ലില്‍ മാര്‍ച്ച് 29ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍റെ ആദ്യ മത്സരം.
കഴിഞ്ഞ സീസണില്‍ സഞ്ജുവിന്‍റെ കീഴിലിറങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ ടീം അടിമുടി ഉടച്ചുവാര്‍ത്താണ് രാജസ്ഥാന്‍റെ വരവ്.ഈ സീസണില്‍ സഞ്ജുവിനെയും ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനെയും നിലനിര്‍ത്തിയ രാജസ്ഥാന്‍ ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ 6.5 കോടി രൂപ നല്‍കി യുസ്‌വേന്ദ്ര ചാഹലിനെയും അഞ്ച് കോടി രൂപക്ക് ആര്‍ അശ്വിനെയും രാജസ്ഥാന്‍ ടീമിലെടുത്തിരുന്നു.
ഇരുവര്‍ക്കും പുറമെ പേസര്‍ പ്രസിദ്ധ് കൃഷ്ണ(10 കോടി), ട്രെന്‍റ് ബോള്‍ട്ട്(10 കോടി), ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍(8.50 കോടി), ദേവ്‌ദത്ത് പടിക്കല്‍(7.75 കോടി), നേഥന്‍ കോള്‍ട്ടര്‍നൈല്‍(2 കോടി), നവദീപ് സെയ്നി(2.6 കോടി), ജെയിംസ് നീഷാം(1.5 കോടി), റാസി വാന്‍ഡര്‍ ഡസ്സന്‍(1 കോടി) എന്നിവരെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.
