കോവിഡ് -19: വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടവര്‍ക്ക് മെച്ചപ്പെട്ട സേവനവുമായി ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍


കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ഐടി വകുപ്പ് വിവിധ ടെലികോം സേവനദാതാക്കളില്‍ നിന്ന് ദൈനംദിന റിപ്പോര്‍ട്ട് ആവശ്യപ്പെടും. 

covid -19: better internet service for work @ home professionals

തിരുവനന്തപുരം: കോവിഡ്-19 വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടവര്‍ക്ക് മെച്ചപ്പെട്ട സേവനവുമായി ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ രംഗത്ത്.

ഐടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സഹായകമാകുന്ന രീതിയില്‍ അടിയന്തര സാഹചര്യങ്ങളില്‍  നെറ്റ് വര്‍ക്ക് ശേഷി 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിനും ഇന്‍റര്‍നെറ്റ് ലഭ്യതയെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കുന്നതിന് കോള്‍സെന്‍ററുകള്‍ സജ്ജമാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലില്‍ ധാരണയായി.

കോവിഡ് 19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് ഇന്‍റര്‍നെറ്റ് സഹായത്തോടെ വീട്ടിലിരുന്നു ജോലിചെയ്യാന്‍ (വര്‍ക്ക് അറ്റ് ഹോം) സമ്മര്‍ദ്ദമേറുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഇടപെടല്‍ നടത്തിയത്. വര്‍ക്ക് അറ്റ് ഹോം-നുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ഇതേ തുടര്‍ന്ന് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി  കേരള സര്‍ക്കിളിലെ വിവിധ ടെലികോം സേവന ദാതാക്കള്‍,  കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. 

കേരളത്തിലെ ഇന്‍റര്‍നെറ്റ് ഉപഭോഗത്തിന്‍റെ ബഹുഭൂരിപക്ഷവും തദ്ദേശീയമായ സെര്‍വറുകള്‍ വഴി തന്നെ ലഭ്യമാക്കിയിട്ടുള്ളതാണ്. മാത്രമല്ല അന്തര്‍ദേശീയ ഇന്‍റര്‍നെറ്റ് ട്രാഫിക് മൊത്തം ഉപഭോഗത്തിന്‍റെ വളരെ കുറഞ്ഞ അളവില്‍ മാത്രമാണുള്ളത്. സാഹചര്യത്തിനനുസരിച്ച് ശേഷി വര്‍ധിപ്പിക്കാന്‍ അതുകൊണ്ട് പ്രയാസമില്ലെന്ന് ദാതാക്കള്‍ വ്യക്തമാക്കി. 

ഇതനുസരിച്ച്, ഇന്‍റര്‍നെറ്റ് ഉപഭോഗത്തില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ദ്ധന കാരണം ലഭ്യതക്കുറവിലുണ്ടാകുന്ന പരാതികള്‍ സേവന ദാതാക്കള്‍ക്ക് കൈമാറാം. സേവന ദാതാക്കളുടെ പരാതിപരിഹാര നമ്പറിലും കേരള സര്‍ക്കാര്‍ കോള്‍സെന്‍റര്‍ നമ്പറിലും (155300)  വിളിച്ച് പരാതി അറിയിക്കാം. എന്നാല്‍, നിലവിലെ നെറ്റ് വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മൂലമുള്ള പരാതികള്‍ കര്‍ശനമായും ഒഴിവാക്കുക. 

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ഐടി വകുപ്പ് വിവിധ ടെലികോം സേവനദാതാക്കളില്‍ നിന്ന് ദൈനംദിന റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഇതുകിട്ടുന്ന മുറയ്ക്ക്  ഈ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്ത് പെട്ടെന്നുണ്ടാകുന്ന ഉപയോഗ വര്‍ദ്ധനവ് സേവനദാതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര നടപടികള്‍ സ്വീകരിക്കും. 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതുഇടങ്ങളിലെ സമ്പര്‍ക്കം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. നിലവിലെ സാഹചര്യം നേരിടുവാന്‍  പൂര്‍ണമായും സജ്ജമാണെന്ന് ടെലികോം സേവനദാതാക്കള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios