ഇന്നോവയുടെ അനുജന്മാരെ ഇന്ത്യക്ക് വേണ്ട , പടിയടച്ചിറക്കി ടൊയോട്ട!
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ സെഡാന്‍ മോഡലായ എറ്റിയോസ്, ഹാച്ച്ബാക്ക് മോഡലായ ലിവ എന്നിവയുടെ സീരീസ് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തും.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ സെഡാന്‍ മോഡലായ എറ്റിയോസ്, ഹാച്ച്ബാക്ക് മോഡലായ ലിവ എന്നിവയുടെ സീരീസ് ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തും. എറ്റിയോസ് ലിവ ഹാച്ച്ബാക്ക്, എറ്റിയോസ് സെഡാന്‍, എറ്റിയോസ് ക്രോസ് എന്നീ മൂന്ന് മോഡലുകളാണ് എറ്റിയോസ് സീരീസില്‍ ഉള്‍പ്പെടുന്നത്. എറ്റിയോസ് സീരീസ് കൂടാതെ കൊറോള ഓള്‍ട്ടിസ് മിഡ്‌സൈസ് സെഡാനും ഇന്ത്യ വിടും. നാല് മോഡലുകളും ബിഎസ് 6 പാലിക്കുന്നതാക്കി മാറ്റില്ല.
2010 ലാണ് ഈ സീരീസ് ആദ്യമായി വിപണിയിലെത്തിയത്. ആദ്യ നാളുകളില്‍ ഇരു മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞു തുടങ്ങി. അതോടൊപ്പം BS6 മലിനീകരണ നിയന്ത്രണ നിയമം കൂടി വരുന്ന ഈ സന്ദർഭത്തിൽ വാഹനത്തിനെ വിപണിയിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിച്ചേർന്നിരിക്കുന്നു.
10 വര്‍ഷത്തിനിടക്ക് വാഹനത്തിനെ മൂന്ന് തവണ ടൊയോട്ട പുതുക്കിയിട്ടുണ്ട്. സുഗമമായ എഞ്ചിന്‍, മികച്ച മൈലേജ് എന്നിവയൊക്കെയായിരുന്നു വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. 2016 -ല്‍ നടത്തിയ ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ റേറ്റിങും എത്തിയോസ് സ്വന്തമാക്കിയിരുന്നു. 2019 ൽ നിരയിലേക്ക് പുതുമോടികള്‍ എത്തിയതോടെ ഇരുമോഡലുകളുടെയും വില്‍പ്പന ഗണ്യമായി തന്നെ കുറഞ്ഞു.
ലിവയുടെ 9,000 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്. പ്രതിവര്‍ഷം 40 ശതമാനത്തിന്റെ ഇടിവ് റിപ്പോർട്ട് ചെയ്യുന്നു. എറ്റിയോസിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം 17,236 യൂണിറ്റുകൾ മാത്രമാണ് വിറ്റത്, 21 ശതമാനത്തിന്റെ ഇടിവും വില്‍പ്പനയില്‍ ഉണ്ടായി. ഇതോടെയാണ് ഇപ്പോള്‍ വില്‍പ്പന അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്. വേണ്ടത്ര വില്‍പ്പന ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്ന എറ്റിയോസ് സീരീസ് ഈ വര്‍ഷം ജനുവരി മുതല്‍ നിര്‍മിക്കുന്നില്ല. ഡീലര്‍മാര്‍ ഇപ്പോള്‍ സ്‌റ്റോക്ക് വിറ്റഴിക്കുകയാണ്. കൊറോള ഓള്‍ട്ടിസിന്റെ കാര്യത്തില്‍, മിഡ്‌സൈസ് സെഡാനുകളില്‍നിന്ന് മാറി ഉപയോക്താക്കള്‍ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളോട് (എംപിവി) കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായാണ് ടൊയോട്ട മനസ്സിലാക്കുന്നത്. ഇരു മോഡലുകളുടെയും വില്‍പ്പന അവസാനിപ്പിച്ച് ഗ്ലാന്‍സയുടെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.
എറ്റിയോസ് സീരീസ്, കൊറോള ഓള്‍ട്ടിസ് ഉടമകളുടെ ആവശ്യങ്ങള്‍ ടൊയോട്ട സര്‍വീസ് ഔട്ട്‌ലെറ്റുകളില്‍ നിറവേറുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ മോഡലുകളുടെ ജെനുവിന്‍ സ്‌പെയര്‍ പാര്‍ട്ടുകള്‍ ലഭിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതിനകം 35,000 ല്‍ കൂടുതല്‍ ബിഎസ് 6 വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. ജനുവരി 27 മുതല്‍ ഫാക്റ്ററിയില്‍നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് ബിഎസ് 6 കാറുകള്‍ മാത്രമാണ് അയയ്ക്കുന്നത്.
എറ്റിയോസ് ലിവ വിപണി വിടുന്നതോടെ ഇനി ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്ക് ആയിരിക്കും ഇന്ത്യയില്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ മോഡല്‍. മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 2019 ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. ടൊയോട്ട കിർലോസ്‍കർ മോട്ടോറി(ടികെഎം)ന്റെ ഉൽപന്ന ശ്രേണിയിലെ ഏറ്റുവമധികം വിൽപനയുള്ള കാറായി മാറിയിരിക്കുകയാണ് ഗ്ലാൻസ. മാരുതിയുടെ ജനപ്രിയ മോഡലുകളായ വിറ്റാര ബ്രെസയും എര്‍ട്ടിഗയും കൂടി ടൊയോട്ടയുടെ ബാഡ്‍ജില്‍ എത്താനുള്ള ഒരുക്കത്തിലാണ്.