സൈബർ 'തെരഞ്ഞെടുപ്പിൽ' തോൽക്കാത്ത സ്വരാജും ബൽറാമും

സ്വരാജിനെ പോലെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്ന നേതാക്കളിൽ തോൽവിയറിഞ്ഞ കോൺഗ്രസ് എംഎൽഎയാണ് വിടി ബൽറാം. സ്വരാജ് അണികളിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ നേരിട്ടുള്ള സൈബർ യുദ്ധങ്ങളിൽ മറു പക്ഷത്തുള്ള ആളായിരുന്നു വിടി

vt balram and m swaraj in social media after assembly election result

തിരിച്ചുവന്നിടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളെ.....'  എന്നു തുടങ്ങി 'ഉയർത്തെണീറ്റു വന്നിടും സമീപമാത്രയൊന്നിതിൽ......' എന്നവസാനിപ്പിക്കുന്ന നാലുവരി കവിത നിയമസഭയിൽ അന്ന് ശബ്ദമുറച്ചു പാടിയത് സിപിഎം യുവനേതാവ് എം സ്വരാജായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ പരാജയപ്പെട്ടതിന് പിന്നാലെ ആയിരുന്നു സ്വരാജിന്റെ സഭയിലെ പ്രസംഗം. അന്നുമുതൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഫലവും പുറത്തുവന്ന ഇന്നിതുവരെ കമ്യൂണിസ്റ്റ് പ്രവർത്തകർ ഏറ്റവും കൂടുതൽ ഏറ്റെടുത്ത, ആവേശം കൊണ്ട വീഡിയോകളിലൊന്നാകും ഇത്.  

സ്വരാജ് പ്രവർത്തകർക്ക് എന്നും ആവേശമാണ്. ചാനൽ ചർച്ചകളിൽ കരുത്തുറ്റ മുഖമായ സ്വരാജിന്റെ  ഓരോ പ്രതിരോധങ്ങളും പ്രയോഗങ്ങളും വലിയ ആവേശത്തോടെയാണ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. തൃപ്പൂണിത്തറയിൽ കെ ബാബുവിനോട് ആയിരത്തിനടുത്ത് വോട്ടുകൾക്കാണ് സ്വരാജിന്റെ പരാജയം.  

സ്വരാജിന്റെ തോൽവിയുടെ അനുരണനങ്ങൾ വലിയ രീതിയിൽ കാണുന്നത് സാമൂഹിക മാധ്യമങ്ങളിൽ തന്നെയാണ്.  തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ  വലിയ പിന്തുണയാണ് സ്വരാജിന് സിപിഎം സൈബർ ഇടങ്ങളിൽ ലഭിക്കുന്നത്. സ്വരാജിന്റെ തന്നെ വാക്കുകൾ വീഡിയോ രൂപത്തിൽ വാട്സാപ്പ് ഫേസ്ബുക്ക് വാളുകളിൽ നിറയുന്നു. '

സ്വരാജിനെ പോലെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്ന നേതാക്കളിൽ തോൽവിയറിഞ്ഞ കോൺഗ്രസ് എംഎൽഎയാണ് വിടി ബൽറാം. സ്വരാജ് അണികളിലൂടെ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോൾ നേരിട്ടുള്ള സൈബർ യുദ്ധങ്ങളിൽ മറു പക്ഷത്തുള്ള ആളായിരുന്നു വിടി. സൈബർ ഇടങ്ങളിൽ വലിയ ആശയ പോരാട്ടങ്ങളിലൂടെ കോൺഗ്രസിന്റെ യുവ മുഖമായി മാറിയിരുന്നു ബൽറാം. സംഘപരിവാര്‍ ആശയങ്ങള്‍ക്കെതിരെയും ശക്തമായ ആക്രമണമായിരുന്നു ബല്‍റാം സമൂഹമാധ്യമങ്ങളില്‍ നടത്തിയിരുന്നത്. ശബരിമലയടക്കമുള്ള വിഷയങ്ങളിലെ നിലപാടുകളും ശ്രദ്ധേയമായിരുന്നു. എംബി രാജേഷിനോടാണ്  ബൽറാം 3173 വോട്ടിന് പരാജയപ്പെട്ടത്.

മഹാനായ എകെജിയുടെ മുറിവേറ്റ സ്മരണയ്ക്ക്  മുന്നിൽ ഈ വിജയം സമർപ്പിക്കുന്നുവെന്നായിരുന്നു വിജയ പ്രഖ്യാപനത്തിന് ശേഷം രാജേഷിന്റ ആദ്യ പ്രതികരണം. വിടി ബൽറാമും രാജേഷും തമ്മിലുള്ള പ്രധാന സോഷ്യൽ മീഡിയ പോരിന്റെ ബാക്കിയായിരുന്നു ഈ പ്രതികരണം. എകെജിയെ ബാല പീഡകൻ എന്ന് വിശേഷിപ്പിച്ചതായിരുന്നു ചർച്ചയുടെ തുടക്കം. വ്യാപക പ്രതിഷേധമുയർന്നപ്പോൾ എകെജിയുടെ ആത്മകഥയിൽ സുശീലയെ പത്തുവയസിൽ പ്രണയിക്കുന്നുവെന്ന്  പറഞ്ഞ് വിവാദത്തിൽ വീണ്ടും വിടി ന്യായീകരണവുമായി എത്തി. അതൊരു സൈബർ യുദ്ധത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

അങ്ങനെ തുടങ്ങിയ ഭരണ-പ്രതിപക്ഷ വിഷയങ്ങളിലെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടി. അവസാനമായി മണ്ഡലത്തിലെ ഒരു കുടിവെള്ള പൈപ്പുവരെ തർക്കത്തിന് വഴിയൊരുക്കിയിരുന്നു. 2011-ലാണ് വിടി ബല്‍റാമിനെ ഇറക്കി യുഡിഎഫ് തൃത്താല പിടിച്ചെടുത്തത്. ഒരു പതിറ്റാണ്ടിന് ശേഷം ഇടതുകോട്ടയായിരുന്ന ത്രിത്താല എംബി രാജേഷ് തിരിച്ചുപിടിച്ചിരിക്കുന്നു. അവസാന രണ്ട് പഞ്ചായത്തുകൾ എണ്ണാൻ ബാക്കിയുള്ളപ്പോൾ തന്നെ തോൽവി സമ്മതിച്ച് വിടി ബൽറാം എത്തിയതും ഫേസ്ബുക്കിലൂടെയായിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios