ആ 'അപൂര്‍വ്വ ബഹുമതി' ആര്‍ ശെല്‍വരാജിനു സ്വന്തം!

കേരളത്തിന്‍റെ നിയമസഭാ ചരിത്രത്തിലെ കൌതുകങ്ങള്‍ നിരവധിയാണ്. അതില്‍ അപൂര്‍വ്വമായൊരു ബഹുമതിക്ക് ഉടമയാണ് മുന്‍ എംഎല്‍എ ആര്‍ ശെല്‍വരാജ്. 

Politician R Selvarajs Specialty In Kerala Legislative Assembly History

കേരളത്തിന്‍റെ നിയമസഭാ ചരിത്രത്തിലെ കൌതുകങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഐക്യകേരളത്തില്‍ ഒരു നിയമസഭാ കാലയളവില്‍ രണ്ടു പാര്‍ട്ടികളുടെ എംഎല്‍എ ആയിരുന്ന ബഹുമതി ഒരാള്‍ക്കു മാത്രം സ്വന്തം. നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന ആര്‍ ശെല്‍വരാജാണ് അത്. 

ഐക്യകേരള രൂപീകരണശേഷം ഒരു പാർട്ടിയിൽ നിന്ന് രാജി വെച്ച് എംഎൽഎ സ്ഥാനം ഉപേക്ഷിക്കുകയും തുടർന്ന് മറ്റൊരു പാർട്ടിയിൽ ചേർന്ന് അതേ മണ്ഡലത്തിൽ നിന്നും ഉപതെരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്‍ത ആദ്യത്തെ വ്യക്തി എന്ന ബഹുമതിയും ശെല്‍വരാജിന് സ്വന്തം. 

ആ കഥ ഇങ്ങനെ. കെഎസ്‍വൈഎഫിലൂടെയായിരുന്നു ശെല്‍വരാജിന്‍റെ പൊതുരംഗപ്രവേശനം. 1982-ലും 1986-ലും കൊല്ലയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 1999 മുതൽ കുറേക്കാലം സിപിഎം പാറശാല ഏരിയാ സെക്രട്ടറിയായിരുന്നു. 2003-ൽ ജില്ലാ കമ്മിറ്റിയില്‍. 2001-ൽ പാറശാല നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. പക്ഷേ കോൺഗ്രസിലെ സുന്ദരൻ നാടാരോട് പരാജയപ്പെട്ടു. എന്നാൽ 2006-ൽ അതേ സുന്ദരൻ നാടാരെ 4407 വോട്ടിന് പരാജയപ്പെടുത്തി ശെല്‍വരാജ് നിയമസഭയിലെത്തി. 

Politician R Selvarajs Specialty In Kerala Legislative Assembly History

(ആര്‍ ശെല്‍വരാജ് ഉമ്മന്‍ചാണ്ടിക്കൊപ്പം)

2011-ലെ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ശെല്‍വരാജും പാര്‍ട്ടിയും തമ്മില്‍ അകലുന്നത്. ഇത്തവണ നെയ്യാറ്റിൻകര മണ്ഡലത്തിൽ മത്സരിക്കാന്‍ ശെല്‍വരാജിനോട് സിപിഎം ആവശ്യപ്പെട്ടു. പകരം പാറശാലയിൽ  പാര്‍ട്ടി മത്സരിപ്പിച്ചത് ആനാവൂർ നാഗപ്പനെ. എന്നാല്‍ ആനാവൂർ പരാജയപ്പെട്ടു. നെയ്യാറ്റിൻകരയിൽ നിന്നും ശെൽവരാജ് 6702 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്‍തു. കോൺഗ്രസിലെ തമ്പാനൂർ രവിയെയായിരുന്നു ശെൽവരാജ് പരാജയപ്പെടുത്തിയത്. 

എന്നാൽ 2012 മാർച്ചിൽ ശെൽവരാജ് എംഎൽഎ സ്ഥാനവും മറ്റു സംഘടനാ സ്ഥാനങ്ങളും രാജിവെച്ചു. പാറശാലയിലെ പാർട്ടിയുടെ പരാജയത്തിൽ തനിക്ക് പങ്കുണ്ടെന്ന പരാതിയെ തുടർന്ന് പാർട്ടി നേതൃത്വത്തിന് താൻ അനഭിമതനായിത്തീരുകയും തനിക്കെതിരെ അടിച്ചമർത്തൽ തുടരുന്നുവെന്നതുമാണ് പാർട്ടി വിടുന്നതിനുള്ള മുഖ്യ കാരണമായി അന്ന് ശെല്‍വരാജ് പറഞ്ഞത്.  തന്നെ അനുകൂലിക്കുന്നവരെ ഏരിയാകമ്മറ്റിയിൽ നിന്നും പാർട്ടിയിലെ മറ്റ് ഘടകങ്ങളിൽ നിന്നും ഒഴിവാക്കിയെന്നും ശെല്‍വരാജ് ആരോപിച്ചിരുന്നു. എന്നാൽ യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ നടന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്‍റെ ഭാഗമായിട്ടാണ് ശെല്‍വരാജിന്‍റെ രാജിയെന്നായിരുന്നു സിപിഎമ്മിന്‍റെ ആരോപണം. 

അങ്ങനെ നെയ്യാറ്റിൻകരയില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങി. ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ശെൽവരാജ് 6334 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിച്ചു. എല്‍ഡിഎഫിന്‍റെ എഫ് ലോറന്‍സിനെ ആയിരുന്നു അദ്ദേഹം മലര്‍ത്തിയടിച്ചത്.  അങ്ങനെ ഐക്യകേരള രൂപീകരണശേഷം ഒരു പാർട്ടിയിൽ നിന്ന് രാജി വെച്ച് എംഎൽഎ സ്ഥാനം ഉപേക്ഷിക്കുകയും തുടർന്ന് മറ്റൊരു പാർട്ടിയിൽ ചേർന്ന് അതേ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‍ത ആദ്യത്തെ വ്യക്തി എന്ന ബഹുമതി ശെല്‍വരാജിനു സ്വന്തമായി. ഇതോടെ ആ നിയമസഭയിലെ ഭരണകക്ഷിയായ യുഡിഎഫിന്‍റെ അംഗബലം 73 ആയി ഉയർന്നു. എന്നാല്‍ 2016ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ കെ അന്‍സലനിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 9,543 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു അന്‍സലന്‍ അന്ന് ശെല്‍വരാജിനെ മലര്‍ത്തിയടിച്ചത്. 

എന്നാല്‍ കേരളപ്പിറവിക്കു ശേഷമുള്ളത് എന്ന ബഹുമതി മാത്രമേ ഇക്കാര്യത്തില്‍ ശെല്‍വരാജിനുള്ളു. കാരണം കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് ഇതേ മാതൃകയില്‍ ജയിച്ചവര്‍ വേറെയും ചിലര്‍ ഉണ്ട് എന്നതു തന്നെ. തിരു-കൊച്ചി നിയമസഭയിൽ കെ ബാലകൃഷ്‍ണ മേനോൻ, കെ.കണ്ണൻ എന്നിവർ ഇക്കാര്യത്തില്‍ ശെല്‍വരാജിന് മുന്ന നടന്നവരാണ്. ഇവര്‍ നിയമസഭാംഗത്വം രാജിവെച്ച് മറ്റൊരു പാർട്ടി സ്ഥാനാർത്ഥിയായി അതേ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചിരുന്നു. 

1949-ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരാനായിട്ടാണ് കണയന്നൂർ സംവരണ മണ്ഡലത്തിൽ നിന്നുള്ള കെ കണ്ണന്‍ നിയമസഭാംഗത്വം രാജിവച്ചത്. തുടര്‍ന്ന് ഇതേ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. അതുപോലെ 1950-ൽ പീപ്പിൾസ് പാർട്ടി അംഗമായിരുന്ന ബാലകൃഷ്‍ണ മേനോൻ, പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ (പിഎസ്‍പി) ചേർന്നതിനെ തുടർന്ന് വടക്കാഞ്ചേരിയിൽ നിന്നുള്ള തന്‍റെ നിയമസഭാംഗത്വം രാജിവച്ചു. തുടർന്ന് 1951-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും വീണ്ടും ജയിച്ച് മേനോനും നിയമസഭയിലെത്തി. 

Politician R Selvarajs Specialty In Kerala Legislative Assembly History

(ചിത്രം - കെ ബാലകൃഷ്‍ണ മേനോന്‍)

മേല്‍പ്പറഞ്ഞതൊക്കെ വിജയിച്ചവരുടെ ചരിത്രമാണെങ്കില്‍ ഇതേ മാതൃകയില്‍ മത്സരിച്ച് പരാജയപ്പെട്ട ഒരു എംഎല്‍എയുടെ ദുരന്തകഥയുമുണ്ട് ഇക്കൂട്ടത്തില്‍. ഉദുമ എംഎൽഎ ആയിരുന്ന എം കുഞ്ഞിരാമൻ ന‌മ്പ്യാരാണ് ആ ഹതഭാഗ്യന്‍. 1982-ൽ ഉദുമ മണ്ഡലത്തിൽ നിന്നും ഇടതു പക്ഷത്തിന്‍റെ പിന്തുണയോടെയാടെ മത്സരിച്ച് ജയിച്ചാണ് അദ്ദേഹം എംഎൽഎ ആയത്. യതാര്‍ത്ഥത്തില്‍ കോൺഗ്രസുകാരാനായിരുന്നു കുഞ്ഞിരാമന്‍ നമ്പ്യാര്‍. ഘടകകക്ഷികൾക്ക് കോൺഗ്രസ് ആവശ്യത്തിലധികം സീറ്റ് നൽകുന്നുവെന്ന പരാതിയായിരുന്നു നേതൃത്വത്തോട് പിണങ്ങി ഇറങ്ങിയിനു പിന്നില്‍.  അങ്ങനെ 82ലെ തെരെഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇദ്ദേഹം തീരുമാനിച്ചു. അതോടെ നമ്പ്യാര്‍ക്ക്  ഇടതുപക്ഷം പിന്തുണയും പ്രഖ്യാപിച്ചു. തങ്ങളുടെ സ്വന്തം സ്ഥാനാർഥിയെ പിൻവലിപ്പിച്ച ശേഷമായിരുന്നു ആ പിന്തുണ. അങ്ങനെ നമ്പ്യാര്‍ ജയിച്ചുകയറി. 

എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക് മാതൃസംഘടനയായ കോണ്‍ഗ്രസിനോടു വീണ്ടും സ്‍നേഹം വന്നു. അങ്ങനെ ലീഡര്‍ കെ കരുണാകരന്‍റെ അഭ്യർത്ഥനയെ തുടർന്ന് കോൺഗ്രസിലേക്ക് മടങ്ങിപ്പോകാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി 1984 ഡിസംബർ 8-ന് കുഞ്ഞിരാമൻ ന‌മ്പ്യാർ  തന്‍റെ നിയമസഭാംഗത്വം രാജിവച്ചു. തുടർന്ന് 1985-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) സ്ഥാനാർത്ഥിയായി അദ്ദേഹം ഉദുമയില്‍ തന്നെ മത്സരിച്ചു. പക്ഷേ ജനവിധി ചതിച്ചു. സിപിഎമ്മിലെ കെ പുരുഷോത്തമനോട് 816 വോട്ടുകൾക്ക് എം കുഞ്ഞിരാമൻ ന‌മ്പ്യാര്‍ പരാജയപ്പെട്ടു.

 

Latest Videos
Follow Us:
Download App:
  • android
  • ios