തൊട്ടതെല്ലാം പിഴച്ചു: ബിജെപിയില്‍ ഒറ്റപ്പെട്ട് പി.എസ് ശ്രീധരന്‍പിള്ള
ബിജെപി സംസ്ഥാന അധ്യക്ഷനായുള്ള ഈ രണ്ടാം വരവില്‍ പിള്ളയ്ക്ക് തൊട്ടതെല്ലാം പിഴച്ച അവസ്ഥയാണ്.
തിരുവനന്തപുരം: പട തുടങ്ങും മുന്‍പേ തോറ്റ പടനായകന്‍റെ സ്ഥിതിയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍പിള്ള. ആർഎസ് എസ്സും ദേശീയ നേതൃത്വവും കൈവിട്ടതോടെ പാര്‍ട്ടിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍. അവസരമെല്ലാം മറ്റുള്ളവർകൊണ്ടുപോയപ്പോൾ ശ്രീധരൻപിള്ള തീര്‍ത്തും നിസ്സഹായനായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ദേശീയ നേതൃത്വം പിള്ളയോട് ആവശ്യപ്പെട്ടതെന്നാണ് സൂചന.
ശബരിമലയിൽ പ്രതീക്ഷ വെച്ചൊരുങ്ങിയ സംസ്ഥാന അധ്യക്ഷന് സ്വന്തം സീറ്റ് പോലും ഉറപ്പിക്കാനായില്ല എന്നതാണ് അവസ്ഥ. തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ ഒരുങ്ങിയ ശ്രീധരന്‍പിള്ളക്ക് കിട്ടിയ ആദ്യ തിരിച്ചടി മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ വരവായിരുന്നു. കുമ്മനം ഇറങ്ങിയാല്‍ മാത്രമേ തിരുവനന്തപുരം കിട്ടൂ എന്ന കര്‍ശന നിലപാടാണ് ആര്‍എസ്എസ് കേരളഘടകം ബിജെപി ദേശീയനേതൃത്വത്തെ അറിയിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് മിസോറാമില്‍ നിന്നും കുമ്മനത്തെ തിരുവനന്തപുരത്ത് തിരികെയെത്തിച്ചു.
തിരുവനന്തപുരം കുമ്മനം കൊണ്ടു പോകുമെന്ന് വ്യക്തമായതോടെ പത്തനംതിട്ടയ്ക്ക് വേണ്ടിയായിരുന്നു പിഎസ് ശ്രീധരന്‍പിള്ളയുടെ അടുത്ത നീക്കം. ഇതിനായി കൈവിട്ട നീക്കങ്ങളും പ്രതികരണങ്ങളും ശ്രീധരന്‍പിള്ള നടത്തി. അതൊക്കെ പിള്ളയ്ക്ക് തന്നെ വിനയായും മാറി. കീഴ്ഘടകങ്ങളിലെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഘടകം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പല മണ്ഡലങ്ങളിലും തന്‍റെ പേരാണ് ഒന്നാമതെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവന കേട്ട് നേതാക്കളും പ്രവര്‍ത്തകരും അമ്പരന്നു.
ശബരിമല വിഷയം സൃഷ്ടിച്ച അന്തരീക്ഷവും എന്‍എസ്എസിന്‍റെ പിന്തുണയും വച്ച് പത്തനംതിട്ടയിലോ തിരുവനന്തപുരത്തോ ജയിച്ചു കയറാം എന്ന് ഉറച്ചു വിശ്വസിച്ച ശ്രീധരന്‍പിള്ളയ്ക്ക് കാലിടറിയത് ശബരിമല വിഷയത്തില്‍ തന്നെയാണ്. ശബരിമല സമരത്തില്‍ അടിക്കടി എടുത്ത നിലപാട് മാറ്റവും, ശബരിമലയില്‍ നിന്നും സമരം സെക്രട്ടേറിയറ്റിന് മുന്‍പിലെത്തിച്ചതും പിള്ളയുടെ ഗ്രാഫ് കുത്തനെ താഴ്ത്തി. കെ.സുരേന്ദ്രേനെ വെട്ടി ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കാന്‍ കൈകൊടുത്ത ആര്‍എസ്എസും അതോടെ സുരേന്ദ്രനൊപ്പമായി. ശബരിമല വിഷയം വച്ച് കേരളത്തില്‍ പാര്‍ട്ടി രക്ഷപ്പെടും എന്നു കരുതിയ ദേശീയനേതൃത്വത്തിനും പിള്ളയിലുള്ള വിശ്വാസം പോയികിട്ടി.
ബിജെപി സംസ്ഥാന അധ്യക്ഷനായുള്ള ഈ രണ്ടാം വരവില്‍ പിള്ളയ്ക്ക് തൊട്ടതെല്ലാം പിഴച്ച അവസ്ഥയാണ്. പാര്‍ട്ടിക്കുള്ളിലെ വിവിധ വിഭാഗങ്ങളെ ഒന്നിച്ചു നിര്‍ത്താനോ ഒപ്പം നിര്‍ത്താനോ പിള്ളക്കായില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യാതെ സ്ഥാനാര്‍ത്ഥി പട്ടിക അയച്ചതടക്കം എല്ലാ കാര്യങ്ങളും പിള്ള തനിഷ്ടപ്രകാരം ചെയ്യുകയാണെന്ന പരാതിയുമായി സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തിന് മുന്നിലെത്തി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെന്നത് മാത്രമല്ല, ഇപ്പോള്‍ ശ്രീധരന്‍പിള്ളയുടെ കൈയിലുള്ള പാര്‍ട്ടി അധ്യക്ഷ സ്ഥാനവും തുലാസിലാണ്. ഗവര്‍ണര്‍ പദവിയും കളഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയ കുമ്മനം രാജശേഖനും ശബരിമല സമരത്തോടെ കൂടുതല്‍ കരുത്തനായ കെ സുരേന്ദ്രനുമെല്ലാം പിള്ളയുടെ അധ്യക്ഷ കസേരയ്ക്ക് ഭാവിയില്‍ വെല്ലുവിളിയാവും. നിര്‍ണായക സീറ്റുകളില്‍ തീരുമാനം തന്‍റേതല്ലെന്ന മുന്‍കൂര്‍ ജാമ്യമെടുക്കാം എന്നത് മാത്രമാണ് ഇനിയുള്ള ഏക പിടിവള്ളി.