തിരമാല പോലെ വോട്ടര്‍മാര്‍: കേരളം ഒളിപ്പിച്ചു വച്ച തരംഗമെന്ത് ?

പോളിംഗ് ശതമാനം ഉയര്‍ന്നതിന് ഒരു പൊതുസ്വഭാവമുണ്ട്. കൃത്യമായ ഒരു തരംഗത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അത് രാഹുല്‍ തരംഗമോ, ഇടതുതരംഗമോ, ഹൈന്ദവ ഏകീകരണമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്...  

Jimmy james analysing election scenario

കേരളത്തിന്‍റെ പോളിംഗ് ശതമാനം സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ശതമാനത്തിലേക്ക് നീങ്ങുകയാണ്. പോളിംഗ് സമയം കഴിഞ്ഞും ആയിരക്കണക്കിന് ആളുകള്‍ വോട്ടിനായി ക്യൂ നില്‍ക്കുന്നു. വോട്ടിംഗ് മെഷീനുകള്‍ക്ക് പറ്റിയ തകരാറും മോശം കാലാവസ്ഥയുമടക്കം ഇതിന് പല കാരണമുണ്ടാവാം. അതു മാറ്റി നിര്‍ത്താം. എന്നാലും എണ്‍പത് ശതമാനത്തിലേക്ക് പോലും കേരളത്തിലെ പോളിംഗ് ശതമാനമെത്തിയാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.

കേരളത്തിലെ വോട്ടര്‍മാര്‍ ഒരു വലിയ തിരമാല പോലെ രാവിലെ തൊട്ട് പോളിംഗ് ബൂത്തിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇന്ന് നാം  കണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 72.5 ശതമാനം വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്തത്. അതിന് ശേഷം വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 77 ആയി.

ഇന്ന് ഇപ്പോള്‍ പോളിംഗ് കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന കണക്കു പ്രകാരം കേരളത്തിലെ പോളിംഗ് 76.1 ആണ്. കേരളത്തിലെ ആയിരക്കണക്കിന് പേര്‍ ഇനിയും വോട്ടു ചെയ്യാന്‍ ക്യൂവിലുണ്ട് എന്നോര്‍ക്കുക. ഇതെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ കണക്കുകള്‍ ക്രോഡീകരീക്കുമ്പോള്‍ ഇത് ഇനിയും കൂടാം. എനിക്ക് തോന്നുന്നത് 80 ശതമാനത്തിന് മുകളില്‍ മലയാളികള്‍ ഇക്കുറി വോട്ട് ചെയ്തുവെന്നാണ്. മലയാളികള്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നു. നമ്മുടെ തന്നെ പഴയ പോളിംഗ് റെക്കോര്‍ഡുകള്‍ നാം തകര്‍ത്തിരിക്കുന്നു. 

വിശദമായ ചരിത്രത്തിലേക്ക് പോയാല്‍  വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് സാധാരണ പോളിംഗ് ഉയര്‍ന്നു നില്‍ക്കാറ്. തെക്കന്‍ കേരളത്തില്‍ പോളിംഗ് കുറവായിരിക്കും. അന്തിമ കണക്കു വരുമ്പോള്‍ ഇക്കുറിയും അങ്ങനെ തന്നെയാവും . എങ്കിലും തെക്കന്‍ കേരളം ആകെ പോളിംഗ് ശതമാനത്തില്‍ കാര്യമായ മുന്നേറ്റം നടത്തി ചരിത്രത്തെ തിരുത്തുന്നു. 

ഇതിനൊരു പ്രധാന ഉദാഹരണം പത്തനംതിട്ടയാണ് കഴിഞ്ഞ തവണ വെറും 65 ശതമാനം പോളിംഗാണ് പത്തനംതിട്ടയില്‍ രേഖപ്പെടുത്തിയത്. ഇക്കുറി 75 ശതമാനം കഴിഞ്ഞാലും അത്ഭുതപ്പെടാനില്ല. പത്തനംതിട്ടയിലെ ജനങ്ങളെ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നേരം ഇരുട്ടിയിട്ടും പോളിംഗ് ബൂത്തുകളില്‍ തടിച്ചു കൂട്ടുന്നു. ട്രെന്‍ഡ് വളരെ വ്യക്തമാണ്. ഇനി തിരുവനന്തപുരത്തെ കാര്യമെടുക്കാം 72 ശതമാനത്തിന് മുകളിലാണ് അവിടെ പോളിംഗ്. കഴിഞ്ഞ തവണ അവിടെ 68 ശതമാനമാണ് പോളിംഗ്. 

എന്തു കൊണ്ടാണ് പോളിംഗ് ഇങ്ങനെ കൂടിയത് എന്നാണ് പ്രധാന ചോദ്യം. അതിന് പല കാരണങ്ങളുണ്ടാവാം. പ്രാദേശിക വിഷയങ്ങളുണ്ടാവാം. മൊത്തത്തിലുള്ള ജനവികാരമുണ്ടാവാം. രാഷ്ട്രീയക്കാര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം അവര്‍ മുന്നോട്ടു വച്ച തെരഞ്ഞെടുപ്പ് വിഷയങ്ങളും മുദ്രാവാക്യങ്ങളും ജനമേറ്റെടുത്തിരിക്കുന്നു. അത് അനുകൂലമായിട്ടാണോ പ്രതികൂലമായിട്ടാണോ എന്നാണ് ഇനി അറിയേണ്ടത്.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും പോളിംഗ് കൂടി. അവിടെ സ്വഭാവികമായും ശബരിമല ഒരു വിഷയമായി മാറി എന്നു പറയാം. പക്ഷേ അപ്പോള്‍ ആറ്റിങ്ങലോ, കൊല്ലത്തോ, കണ്ണൂരോ... ഇവിടെയൊക്കെ വോട്ടുകള്‍ കൂടിയത് എന്തു കൊണ്ടാവാം.  ഇതൊക്കെ ചോദ്യങ്ങളാണ്. എനിക്ക് തോന്നുന്നത് പോളിംഗ് ഇത്ര കണ്ട് കൂടിയതിന് പിന്നില്‍ ഒരു പൊതുസ്വഭാവമുണ്ടാവാം.

അത് രാഹുല്‍ തരംഗമാണോ ബിജെപി അവകാശപ്പെടും പോലെ ഹൈന്ദവ ഏകീകരണമാണോ മോദി സര്‍ക്കാരിനെതിരെയുള്ള ഇടതുതരംഗമാണോ? ഇതിലേതുമാവാം. പക്ഷേ ഒരു തരംഗമുണ്ട്. വോട്ടര്‍മാരുടെ വളരെ വലിയ ആവേശം പോളിംഗ് ബൂത്തില്‍ കാണുന്നുണ്ട്. അവര്‍ പോളിംഗ് ശതമാനം എണ്‍പത് ശതമാനത്തിന് മുകളിലേക്ക് എത്തിക്കുകയാണ്. 

പോളിംഗ് ശതമാനം കൂടിയത് ആര്‍ക്കാണ് പ്രയോജനം ?  പൊതുവേ പറയാറ് കാറ്റായാലും മഴയാലും വെയിലായാലും ഇടതു വോട്ടുകള്‍ പെട്ടിയില്‍ വീഴും, പോളിംഗ് ശതമാനം കൂടിയാല്‍ യുഡിഎഫിന് ഗുണം ചെയ്യും എന്നാണ്. എന്നാല്‍ ഇത്തവണ എല്ലാ മണ്ഡലങ്ങളിലും ബിജെപി അവരുടെ ശക്തി കാണിക്കാനുള്ള ചില മണ്ഡലങ്ങളില്‍ എങ്കിലും ജയിക്കാനുള്ള പോരാട്ടത്തിലാണ്. തിരുവനന്തപുരം, പത്തനംതിട്ട,തൃശ്ശൂര്‍ എന്നീ മണ്ഡലങ്ങളില്‍ അവര്‍ ആ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

ഇടതുമുന്നണി പോലെ ഒരു കേഡര്‍ പാര്‍ട്ടി കൂടി ഈ തെരഞ്ഞെടുപ്പില്‍ സജീവമായി ഉണ്ടായിരുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. അവരെ ജനങ്ങള്‍ ഗൗരവമായി  കണ്ടു. കേഡര്‍ സ്വഭാവമുള്ലള രണ്ട് സംഘങ്ങള്‍ ഇടതുമുന്നണിയും എന്‍ഡിഎയും വളരെ കാര്യമായി ഇത്തവണ തെരഞ്ഞെടുപ്പിലുണ്ടായി എന്നത് പോളിംഗ് ശതമാനം കൂടാന്‍ ഒരു കാരണമായിട്ടുണ്ടാവാം. 

മറുവശത്ത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും സൃഷ്ടിച്ച ഒരു ആവേശം, ദില്ലിയില്‍ ഒരു പക്ഷേ കോണ്‍ഗ്രസ് വന്നേക്കാം എന്ന പ്രതീക്ഷ, ഇതെല്ലാം കേരളത്തിലെ കോണ്‍ഗ്രസിലുണ്ടാക്കിയ ഉണര്‍വ് ഈ മൂന്ന് ഘടകങ്ങളും വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. ചുരുക്കത്തില്‍ മൂന്ന് മുന്നണികളും അവരുടേതായ പ്രചാരണം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും ഒരു തെര‍ഞ്ഞെടുപ്പ് ആവേശം കേരളത്തില്‍ സൃഷ്ടിച്ചു. പക്ഷേ ഇവരില്‍ ആര്‍ക്കൊപ്പം ജനം നില്‍ക്കും എന്നറിയാന്‍ നാം ഇനിയും ഒരു മാസം കൂടി കാത്തിരിക്കണം. 

Latest Videos
Follow Us:
Download App:
  • android
  • ios