ഉടുമ്പന്‍ചോലയില്‍ ഇഎം ആഗസ്തി; 1996 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്
എഐസിസി സര്‍വേയിലും മണ്ഡലത്തില്‍ ആഗസ്തി മത്സരിച്ചാല്‍ വിജയസാധ്യത ഉണ്ടെന്ന് കണ്ടതോടെയാണ് മികച്ച സഹകാരിയും വാഗ്മിയുമായ ആഗസ്തിക്ക് നറുക്കു വീണത്.
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇഎം ആഗസ്തി എത്തിയതോടെ 1996ലെ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനത്തിനാണ് കളമൊരുങ്ങുന്നത്. ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസിനേയും സിപിഎമ്മിനെയും നയിച്ചിട്ടുള്ളവരുടെ നേര്‍ക്ക് നേര്‍ പോരാട്ടത്തിന് വേദിയാവുകയാണ് ഉടുമ്പന്‍ചോല.
മുന്‍പ് എംഎം മണിയെ ഇതേ മണ്ഡലത്തില്‍ പരാജയപ്പെടുത്തിയ ഇഎം ആഗസ്തി എഐസിസി അംഗവും കൂടിയാണ്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ച ആഗസ്തി എത്തുന്നതോടെ മണ്ഡലത്തിലെ ഇലക്ഷന്‍ ചിത്രം ഏതാണ്ട് വ്യക്തമായി. എഐസിസി സര്‍വേയിലും മണ്ഡലത്തില്‍ ആഗസ്തി മത്സരിച്ചാല്‍ വിജയസാധ്യത ഉണ്ടെന്ന് കണ്ടതോടെയാണ് മികച്ച സഹകാരിയും വാഗ്മിയുമായ ആഗസ്തിക്ക് നറുക്കു വീണത്.
രണ്ടാം വിജയം ലക്ഷ്യം വെക്കുന്ന വൈദ്യുത വകുപ്പ് മന്ത്രി എം എം മണിക്ക് തടയിടാന്‍ ആഗസ്തിക്ക് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ജില്ലയിലെ ഇരു പാര്‍ട്ടികളുടെയും അമരക്കാരായിരുന്നിട്ടുള്ള ആശാനും പ്രസിഡന്റും തമ്മിലുള്ള പോരാട്ടം ഉടുമ്പന്‍ചോലയെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ശ്രദ്ധയിലെത്തിക്കുമെന്ന കാര്യം ഉറപ്പാണ്.