വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

മുഖ്യമന്ത്രിയുടെ വസതി പെട്ടെന്ന് നിശബ്‍ദമായി. കസേരയില്‍ തുടരാമെന്ന മോഹവുമായി പട്ടവും അധികാരമെന്ന ചക്കരക്കുടമെന്ന സ്വപ്‍നവുമായി അനുചരന്മാരും ഉറക്കത്തിലായി

Election History Of Kerala Legislative Assembly - Part 3

1955 ഫെബ്രുവരി. തിരുക്കൊച്ചിയിലെ രാഷ്‍ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞിരിക്കുന്നു. തന്‍റെ മന്ത്രിസഭയ്ക്ക് പനമ്പിള്ളിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നല്‍കിയിരുന്ന ക്രിയാത്മക പിന്തുണ പിന്‍വലിക്കുമെന്ന് പട്ടത്തിന് അപ്പോഴേക്കും ഉറപ്പായിരുന്നു. ഫെബ്രുവരി 8ന് സര്‍ക്കാരിനെതിരെയുള്ള അവിശ്വാസം വോട്ടിനിടാന്‍ വച്ചിരിക്കുന്നു. അതിനു തൊട്ടുതലേന്ന് സിപിഐ ഒരു ദൂതനെ പട്ടത്തിന്‍റെ അരികിലേക്ക് അയച്ചു. മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ആ ദൂതന്‍ സാക്ഷാല്‍ ടി വി തോമസായിരുന്നു. 

Election History Of Kerala Legislative Assembly - Part 3

പട്ടത്തിനോടുള്ള വിരോധമൊക്കെ തല്‍ക്കാലം മറന്നുള്ള സിപിഐയുടെ ആ നീക്കത്തിനു പിന്നില്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് തിരുവിതാംകൂര്‍ ഭരണകൂടത്തിനെതിരായി സായുധകലാപം നടത്തിയതിന്‍റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചിലര്‍ അപ്പോഴും തടവില്‍ കഴിയുന്നുണ്ടായിരുന്നു. അവരെ മോചിപ്പിക്കുന്നതിന് പട്ടത്തിന്‍റെ അധികാര പ്രേമത്തെ ഉപയോഗിക്കാനായിരുന്നു സിപിഐയുടെ നീക്കം. അതിന് വഞ്ചകനും സര്‍വ്വോപരി കമ്മ്യൂണിസ്റ്റ് വിരോധിയുമായ പട്ടത്തോട് സിപിഐ അടുക്കുന്നത്.  മുഖസ്‍തുതികൊണ്ട് അദ്ദേഹത്തെ മൂടണം, പിന്തുണ വാഗ്‍ദാനം നല്‍കി കാര്യങ്ങള്‍ നേടിയെടുക്കണം. ഇതായിരുന്നു ടി വി തോമസില്‍ നിക്ഷിപ്‍തമായിരുന്ന ചുമതല.

എം എന്‍ ഗോവിന്ദന്‍ നായരായിരുന്നു അന്ന് സിപിഐ സംസ്ഥാന സെക്രട്ടറി. ശരിക്കും അദ്ദേഹമായിരുന്നു പട്ടത്തെ കണ്ട് സംസാരിക്കേണ്ടത്. എന്നാല്‍ പട്ടം അദ്ദേഹത്തെ പടിപ്പുര കടത്തില്ലെന്ന് പാര്‍ട്ടിക്ക് അറിയാം. തമ്മില്‍ഭേദം തോമസാണ്. കമ്മ്യൂണിസ്റ്റ് വിരോധമുണ്ടെങ്കിലും പരിഷ്‍കൃതനായ തോമസിനോട് പട്ടത്തിന് ഒരു ഇഷ്‍ടമൊക്കെയുണ്ട്. അതുകൊണ്ടുതന്നെയാണ് ദൂതനായി തോമസിനെ പാര്‍ട്ടി നിയോഗിച്ചതും. സിപിഐയുടെ ദേശീയ സെക്രട്ടറി അജയഘോഷ് അന്ന് തിരുവനന്തപുരത്തുണ്ട്. കാണാമറയത്തിരുന്ന് അദ്ദേഹമായിരുന്നു ഈ കളികളുടെ ചരടുവലിച്ചത്. 

Election History Of Kerala Legislative Assembly - Part 3

ചിത്രം -  ടി വി തോമസ്

തന്‍റെ രാഷ്‍ട്രീയ സഹായികളുടെ സാനിധ്യത്തിലായിരുന്നു പട്ടം തോമസുമൊത്ത് ഇരുന്നത്. ചര്‍ച്ചയില്‍ നിരവധി വാഗ്‍ദാനങ്ങള്‍ ടി വി തോമസ് പട്ടത്തിനു മുന്നില്‍വച്ചു. ചില വിശദാംശങ്ങളും സംസാരിച്ചു. പക്ഷേ, അന്തിമതീരുമാനം അപ്പോള്‍ ഉണ്ടായില്ല. തന്‍റെ തീരുമാനം പിന്നീട് അറിയിക്കാമെന്നായിരുന്നു പട്ടത്തിന്‍റെ നിലപാട്. തോമസ് മുറവിട്ടിറങ്ങിയ ശേഷം അസ്വസ്ഥനായിരുന്നു പട്ടം. കമ്മ്യൂണിസ്റ്റു പിന്തുണയോടെയുള്ള അധികാരം അഭികാമ്യമാണോ എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. കമ്മ്യൂണിസ്റ്റുകാരെ വിശ്വസിക്കാമോ എന്ന് പട്ടത്തിന് അപ്പോഴും ഉറപ്പില്ലായിരുന്നു. അതേസമയം കോണ്‍ഗ്രസിനോടും പനമ്പിള്ളിയോടുമുള്ള പകയും അധികാരത്തോടുള്ള ആര്‍ത്തിയും അദ്ദേഹത്തെ വിടാതെ പിന്തുടരുകയും ചെയ്‍തു. അനിശ്ചിതത്വത്തിന്‍റെ ആ രാത്രിയില്‍ പട്ടം ഉറങ്ങാതെ ഉലാത്തി. പലതവണ സഹപ്രവര്‍ത്തകരുമായി വഴക്കിട്ടു. 

ഒടുവില്‍ ഒരു നിമിഷത്തില്‍ അദ്ദേഹം അനുനായികളോട് പറഞ്ഞു. താന്‍ കമ്മ്യൂണിസ്റ്റു തടവുകാരെ വിട്ടയയ്ക്കും. ജീവിതാവസാനം വരെ കോണ്‍ഗ്രസിനെ എതിര്‍ക്കും. എങ്ങനെയും അധികാരത്തില്‍ തുടരുക മാത്രമായിരുന്നു പട്ടത്തിന്‍റെ ലക്ഷ്യം. അതോടെ അനുനായികള്‍ക്കും സന്തോഷമായി. മുഖ്യമന്ത്രിയുടെ വസതി പെട്ടെന്ന് നിശബ്‍ദമായി. കസേരയില്‍ തുടരാമെന്ന മോഹവുമായി പട്ടവും അധികാരമെന്ന ചക്കരക്കുടമെന്ന സ്വപ്‍നവുമായി അനുചരന്മാരും ഉറക്കത്തിലായി

എന്നാല്‍ അതേ രാത്രിയില്‍ മറ്റുചില സംഭവങ്ങള്‍ കൂടി അരങ്ങേറി. സിപിഐ - പിഎസ്‍പി ഒത്തുകളിയില്‍ എതിര്‍പ്പുണ്ടായിരുന്ന ചില പിഎസ്‍പി നേതാക്കള്‍ തന്നെ അതു പൊളിക്കാനിറങ്ങിയിരുന്നു. പിഎസ്‍പി നേതാവും തൊഴില്‍ മന്ത്രിയുമായിരുന്ന പി കെ കുഞ്ഞായിരുന്നു ഈ നീക്കത്തിനു പിന്നില്‍. പ്രമേയത്തെ പരാജയപ്പെടുത്താന്‍ വോട്ടു തേടി ആ രാത്രിയില്‍ കുഞ്ഞിന്‍റെ നേതൃത്വത്തില്‍ ചില പിഎസ്‍പിക്കാര്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സമീപിച്ചു. പക്ഷേ ആരും വളഞ്ഞില്ല, അതോടെ ആ നീക്കം പരാജയപ്പെട്ടു. 

Election History Of Kerala Legislative Assembly - Part 3

(പനമ്പിള്ളി ഗോവിന്ദ മേനോന്‍)

നേരം പുലര്‍ന്നു. ഫെബ്രുവരി 8ന് സഭ ചേര്‍ന്നു. ചര്‍ച്ച തുടങ്ങി. മന്ത്രിസഭയുടെമേല്‍ കോണ്‍ഗ്രസുകാര്‍ കുറ്റാരോപണപ്പെരുമഴ തന്നെ പെയ്യിച്ചു. പിഎസ്‍പി അംഗങ്ങളും അടങ്ങിയിരുന്നില്ല. പിഎസ്‍പിയുടെ ഭൂപരിഷ്‍കാര ബില്ലിനെ എതിര്‍ത്തു എന്നതായിരുന്നു കോണ്‍ഗ്രസിനു മേലുള്ള അവരുടെ പ്രധാന ആരോപണം. എന്നാല്‍ എങ്ങും തൊടാതെയായിരുന്നു സിപിഐ നേതാക്കളുടെ പ്രസംഗങ്ങള്‍. മന്ത്രിസഭയ്ക്കുള്ള തങ്ങളുടെ പിന്തുണ മുഖ്യമന്ത്രി തങ്ങളുടെ പാര്‍ട്ടിയോടെടുക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉറപ്പിച്ചുപറഞ്ഞു. ഈ സമയമൊക്കെ സന്ദര്‍ശക ഗാലയറിയില്‍ ഒരു സന്ദര്‍ശകന്‍ ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ടിരിപ്പുണ്ടായിരുന്നു. സിപിഐയുടെ ദേശീയ സെക്രട്ടറി അജയഘോഷ് ആയിരുന്നു അത്.

ചര്‍ച്ച അവസാനിക്കാറായി. അപ്പോഴേക്കും കളിയില്‍ താന്‍ തോറ്റെന്ന് പട്ടത്തിന് ഏറെക്കുറെ ഉറപ്പായി. കോണ്‍ഗ്രസ് ജയിക്കും. സഹായിക്കുമെന്ന് താന്‍ ഉറച്ചുവിശ്വസിച്ചിരുന്ന ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ മുഖങ്ങളും തന്‍റെ തോല്‍വി ഉറപ്പിച്ചു പറയുന്നു. സിപിഐയുടെ പിന്തുണകൊണ്ടുമാത്രം മന്ത്രിസഭ നിലനില്‍ക്കില്ല. ഭൂരിപക്ഷത്തിനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുന്നു. ഒറ്റക്കാര്യമേ ഇനി തീരുമാനിക്കാനുള്ളു. ഒരു രാഷ്‍ട്രീയ നേട്ടവുമില്ലാതെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് താന്‍ കീഴടങ്ങണോ? പട്ടത്തിനുള്ളിലെ കമ്മ്യൂണിസ്റ്റ് വിരോധി വീണ്ടും ഉണര്‍ന്നു. എന്നാല്‍ തങ്ങളുടെ നീക്കം പൊളിഞ്ഞ കഥയറിയാതെ മധുരപ്രതീക്ഷയിലായിരുന്നു ഈ സമയമൊക്കെ സഭയിലെ  സിപിഐ നേതാക്കളും എംഎല്‍എമാരും.

Election History Of Kerala Legislative Assembly - Part 3

(ചിത്രം - പട്ടം താണുപിള്ള)

മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിനുള്ള സമയമായി. വാക്കുകള്‍ക്കായി പട്ടം നിയമസഭയില്‍ തപ്പിത്തടഞ്ഞു. അത്രയും കാലത്തിനിടയില്‍ നിയമ സഭയില്‍ അദ്ദേഹം നടത്തിയിട്ടുള്ളതില്‍ വച്ചേറ്റവും മോശം പ്രസംഗമായിരുന്നു അന്നുനടന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് തടവുകാരെ മോചിപ്പിക്കുന്നതു സംബന്ധിച്ച് തലേന്നെടുത്ത തീരുമാനത്തെപ്പറ്റി ഒരക്ഷരം പോലും മിണ്ടാതിരിക്കാന്‍ അപ്പോഴും പട്ടം പ്രത്യേകം ശ്രദ്ധിച്ചിരുന്നു! അതേസമയം ഇക്കാര്യം മറ്റൊരാള്‍ കൂടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സന്ദര്‍ശക ഗാലറിയിലിരുന്ന അജയഘോഷ്. 

അവിശ്വാസം വോട്ടിനിട്ടു. കോണ്‍ഗ്രസ്, തമിഴ്‍നാട് കോണ്‍ഗ്രസ്, ചില സ്വതന്ത്രന്മാര്‍ എന്നിവര്‍ പ്രമേയത്തെ അനുകൂലിച്ച് എഴുന്നേറ്റു. കമ്മ്യൂണിസ്റ്റുകാര്‍ വാക്കുപാലിക്കുമെന്ന് പിഎസ്‍പിക്കാര്‍ കരുതി. താഴെ വീഴുമെന്ന് ഉറപ്പാണെങ്കിലും തന്‍റെ ആത്മാവിനെ സമാധാനിപ്പാക്കാമെന്ന പ്രതീക്ഷയോടെ പട്ടവും അവരെ ഉറ്റുനോക്കി. ഈ സമയമൊക്കെ അന്തംവിട്ടിരിക്കുകയായിരുന്നു സിപിഐയുടെ നിയമസഭാ നേതാവായ ടി വി തോമസ്. എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം പരുങ്ങി. 

"പ്രമേയത്തെ എതിര്‍ക്കുന്നവര്‍.."

സ്‍പീക്കറുടെ ശബ്‍ദം ഉയര്‍ന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഉടന്‍ എഴുന്നേറ്റുനിന്നു. ടി വി തോമസിന് അപ്പോഴും ഒരെത്തുംപിടിയും കിട്ടിയിരുന്നില്ല. കയ്യോടെ തീരുമാനം എടുക്കണം! അദ്ദേഹം സന്ദര്‍ശക ഗാലറിയിലേക്കു പാളിനോക്കി.  അവിടിരുന്ന അജയഘോഷ് എന്തോ ആഗ്യം കാണിച്ചു. നിഷ്‍പക്ഷത പാലിക്കാനുള്ള അടയാളമായിരുന്നു അത്. അതോടെ ടി വി തോമസിന് ശ്വാസം നേരെ വീണു. അദ്ദേഹവും സഹപ്രവര്‍ത്തകരും കസേരയില്‍ അനങ്ങാതിരുന്നു. ഒടുവില്‍ 30 വോട്ടുകള്‍ക്കെതിരെ 60 വോട്ടുകള്‍ക്ക് അവിശ്വാസപ്രമേയം പാസായി. 27 കമ്മ്യൂണിസ്റ്റ് അംഗങ്ങള്‍ നിഷ്‍പക്ഷരായി. 

Election History Of Kerala Legislative Assembly - Part 3

(ചിത്രം - അജയ് ഘോഷ്)

അങ്ങനെ പട്ടം മന്ത്രിസഭ താഴെവീണു. സിപിഐയും പട്ടവും വീണ്ടും പരസ്‍പരം കബളിപ്പിച്ചെന്നു ചുരുക്കം. എങ്കിലും പട്ടത്തിന് അതൊരു ആഘാതമായിരുന്നു. കമ്മ്യൂണിസ്റ്റുകാരുമായി വെറുതെ വിലപേശി തന്‍റെ അസ്‍തിത്വവും ഭാവിയും തുലച്ചെന്ന ദു:ഖം അവസാനകാലം വരെ പട്ടത്തെ അലട്ടിയിരുന്നതായി ചിലര്‍ പറയുന്നു. മാത്രമല്ല അന്ന് രാജിവച്ച് ഇറങ്ങിപ്പോകുന്നതിനു മുമ്പ് പട്ടത്തിന് വേറയും ചില തിരിച്ചടികളുണ്ടായി. മന്ത്രിസഭ പിരിച്ചുവിടാനും വീണ്ടും തെരെഞ്ഞെടുപ്പ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു.  പോകുന്നപോക്കില്‍ പനമ്പിള്ളിക്കിട്ടൊരു പണിയായിരുന്നു അത്. എന്നാല്‍ രാജപ്രമുഖന്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു. അതും പട്ടത്തിന് അപമാനമായി. 
 
പിന്നാലെ, പിഎസ്‍പി എംഎല്‍എമാരായ വയലാ ഇടിക്കുളയും കൊടകര കേശവ മേനോനും പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന വാര്‍ത്തയും എത്തി. ഈ കാലുമാറ്റം കൂടി അറിഞ്ഞതോടെ പട്ടത്തിന്‍റെ തകര്‍ച്ച പൂര്‍ണമായി. അങ്ങനെ തമിഴ്‍നാട് കോണ്‍ഗ്രസിന്‍റെ ഉള്‍പ്പെടെ പിന്തുണയോടെ പനമ്പിള്ളി ഗോവിന്ദ മേനോന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്‌ മന്ത്രിസഭ അധികാരത്തിൽവന്നു. തിരുക്കൊച്ചിയുടെ അഞ്ചാം മന്ത്രിസഭ ആയിരുന്നു അത്. തിരു-കൊച്ചി സംയോജനം മുതല്‍ ഏറെക്കാലമായി മനസില്‍ താലോലിച്ചിരുന്ന തിരുക്കൊച്ചി മുഖ്യമന്ത്രി എന്ന സ്വപ്‍നം ഒടുവില്‍ പനമ്പിള്ളിയും സാക്ഷാല്‍ക്കരിച്ചു. 

എന്നാല്‍ അസ്ഥിരത എന്ന ശാപം പിന്തുടരുകയായിരുന്നു. കാലാവധി പൂർത്തിയാക്കാൻ പനമ്പിള്ളിക്കും കഴിഞ്ഞില്ല. ആ മന്ത്രിസഭയും വീണു. അടുത്ത പൊതുതെരഞ്ഞെടുപ്പുവരെ രാഷ്ട്രപതി ഭരണത്തിനു കീഴിലായി  തിരുക്കൊച്ചി. രാജപ്രമുഖന്റെ ഉപദേഷ്‍ടാവായി പി എസ്‌ റാവു നിയമിതനായി. 

അതിനിടെ കേന്ദ്രസർക്കാർ നിയോഗിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷൻ ശുപാർശ നടപ്പിലായി. മൂന്നായി മുറിഞ്ഞുകിടന്ന ഭൂപ്രദേശത്തെ ഒന്നിച്ചു ചേർത്തു. തിരുവിതാംകൂറിലെ നാല്‌ താലൂക്കുകളായ തോവളൈ, അഗസ്‍തീശ്വരം, കൽക്കുളം, വിളവൻകോട്‌ എന്നിവയും, ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസിനു വിട്ടുകൊടുത്തു. ശേഷിച്ച തിരുകൊച്ചിയും മദ്രാസ്‌ സംസ്ഥാനത്തിലെ മലബാർ ജില്ലയും കൂട്ടിച്ചേര്‍ത്തതോടെ 1956 നവംബര്‍ -1ലെ പുലരിയില്‍  ഐക്യകേരളം പിറന്നുവീണു. 

എന്നാല്‍ മലയാളികളുടെ ചിരകാല സ്വപ്‍നമായിരുന്ന ഐക്യകേരളം നിലവിൽവരുമ്പോൾ സംസ്ഥാനത്ത്‌ ഒരു ജനകീയ സർക്കാർ ഇല്ലായിരുന്നു. രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു കേരളം. പി എസ്‌ റാവു ആക്ടിങ്‌ ഗവർണർ. 1956 നവംബർ 22ന്‌ ഡോ ബി രാമകൃഷ്‍ണ റാവു ഗവർണറായി. പിന്നാലെ പൊതുതെരെഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടന്നു. അത് ലോകത്തെ തന്നെ ചരിത്രസംഭവങ്ങളില്‍ ഒന്നായി കേരളത്തെ അടയാളപ്പെടുത്തുകയും ചെയ്‍തു.  

(അടുത്തത്: ചുവന്നുതുടുത്ത് ഐക്യകേരളം, കമ്യൂണിസ്റ്റു സർക്കാർ)

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

(വിവരങ്ങള്‍ക്ക് കടപ്പാട് - കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍)

Latest Videos
Follow Us:
Download App:
  • android
  • ios