സിപിഐയില്‍ വിശ്വാസമര്‍പ്പിച്ച് ഇന്ദിരാ കോണ്‍ഗ്രസുകാര്‍!

വല്ല്യേട്ടന്‍ കളിക്കുന്ന സിപിഎമ്മിന് പണി കൊടുത്തതില്‍ ആഹ്ളാദിച്ച് സിപിഐക്കാര്‍. സിപിഐയില്‍ വിശ്വാസം അര്‍പ്പിച്ച് കോണ്‍ഗ്രസ് ഐക്കാര്‍

Election History Of Kerala Legislative Assembly Part  18

Election History Of Kerala Legislative Assembly Part  18

രു ബദൽ മന്ത്രിസഭ അസാധ്യമെന്ന്‌ കരുതിയവരെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു 1969ല്‍ സിപിഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്‌ രൂപംകൊള്ളുന്നത്. എം എന്‍ ഗോവിന്ദന്‍ നായരും ടി വി തോമസുമായിരുന്നു ഈ കൂട്ടുകെട്ടിന്‍റെ സൂത്രധാരന്മാർ. പുതിയ സർക്കാർ ഉണ്ടാകുമെന്ന്‌ പൊതുയോഗങ്ങളിൽ എമ്മെനും ടിവിയും പ്രഖ്യാപിച്ചപ്പോൾ തമാശയായി പലരും കണ്ടു. എന്നാൽ ഇവരുടെയൊക്കെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്‌ 1969 നവംബര്‍ ഒന്നിന് സി അച്യുതമേനോൻ സർക്കാർ അധികാരത്തിൽ വന്നു. സിപിഐക്കൊപ്പം ഐഎസ്‍പി, മുസ്ലിംലീഗ്‌, ആർഎസ്‍പി, കേരള കോണ്‍ഗ്രസ് എന്നീ സഖ്യത്തിന്റെതായിരുന്നു സർക്കാർ. എട്ടംഗ മന്ത്രിസഭയില്‍ സിപിഐയെക്കൂടാതെ ഈ കക്ഷികളും അംഗമായി.  വല്ല്യേട്ടന്‍ കളിക്കുന്ന സിപിഎമ്മിനെ മാറ്റി നിര്‍ത്തി സ്വന്തമായി സര്‍ക്കാര്‍ ഉണ്ടാക്കാനായതില്‍ സിപിഐക്കാര്‍ അതിയായി ആഹ്ളാദിച്ചു. എന്നാല്‍ അധികാരം കളഞ്ഞിട്ടാണെങ്കിലും വലതു തൊഴുത്തില്‍ സിപിഐയെ കൊണ്ടുകെട്ടിയിടുക എന്ന തങ്ങളുടെ ഗൂഢപദ്ധതി പൂര്‍ണമായും വിജയിച്ചതു കണ്ട് ഉള്ളാലെ ചിരിക്കുകയായിരുന്നിരിക്കണം അപ്പോള്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍. 

ഇന്ദിരാ കോണ്‍ഗ്രസ് വരുന്നു
ഈ സമയം അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്‌ പിളർപ്പിലേക്ക്‌ നീങ്ങുകയായിരുന്നു. 1969ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പായിരുന്നു ഇതിനു വഴിവച്ചത്‌. എൻ സഞ്ജീവ റെഡ്ഡിയായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്കുളള കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി. എന്നാല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മൗനാനുവാദമുളള സ്വതന്ത്ര സ്ഥാനാർഥിയായി വി വി ഗിരിയും മത്സരിക്കാനെത്തി. കോണ്‍ഗ്രസ് രാഷ്‍ട്രീയം കലങ്ങിമറിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വി വി ഗിരി വിജയിച്ചു. അതോടെ കോൺഗ്രസ്‌ പിളർന്നു. 

Election History Of Kerala Legislative Assembly Part  18(ചിത്രം - ഇന്ദിരാ ഗാന്ധിയും കെ കരുണാകരനും)

ഇന്ദിരാ ഗാന്ധിയുടെയും നിജലിംഗപ്പയുടെയും നേതൃത്വത്തിലുളള രണ്ടു ചേരികളായി മാറി കോണ്‍ഗ്രസ്. ഈ പിളര്‍പ്പിന്‍റെ പ്രതിഫലനം കേരളത്തിലുമുണ്ടായി. സഞ്ജീവറെഡ്ഡിക്ക്‌ വോട്ടു ചെയ്‍ത അഞ്ച്‌ എംഎൽഎമാർ ഇന്ദിരാപക്ഷത്തേക്ക്‌ കൂറുമാറി. ബാക്കി നാലുപേർ നിജലിംഗപ്പ പക്ഷത്തും നിലയുറപ്പിച്ചു. ഒപ്പം കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റിയും രണ്ടായി പിളർന്നു. ഇന്ദിരാപക്ഷം ഇന്ദിരാ കോൺഗ്രസായും നിജലിംഗപ്പ പക്ഷം സംഘടനാ കോൺഗ്രസായും മാറി.

വിശ്വാസ വോട്ടെടുപ്പ്
അച്ചുതമേനോന്‍റെ സിപിഐ മന്ത്രിസഭയ്ക്ക്‌ കോൺഗ്രസ്‌ പുറത്തുനിന്നും പിന്തുണ നൽകിയിരുന്നു. പി രവീന്ദ്രൻ, കെ ടി ജേക്കബ്ബ്‌, എൻ കെ ശേഷൻ, ഒ കോരൻ, സി എച്ച്‌ മുഹമ്മദ്‌ കോയ, കെ അവുക്കാദർകുട്ടി നഹ, കെ എം ജോർജ്ജ്‌ എന്നിവരായിരുന്നു മന്ത്രിസഭയിലെ മറ്റംഗങ്ങൾ. 1969 മാര്‍ച്ചില്‍ അച്ചുതമേനോന്‍ മന്ത്രിസഭ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. ഈ സമയം ഇന്ദിരാ കോണ്‍ഗ്രസിലെ അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്‍തു. കേരളത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ അച്യുതമേനോൻ രാജ്യസഭാംഗമായിരുന്നു. ഈ സമയം എംഎല്‍എ അല്ലായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹം തെരെഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി. അച്ചുതമേനോനായി കൊട്ടാരക്കര മണ്ഡലത്തില്‍ നിന്നും ഇ ചന്ദ്രശേഖരന്‍ നായര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. അങ്ങനെ 1970 ഏപ്രിൽ 21ന്‌ കൊട്ടാരക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച്‌ അച്യുതമേനോൻ നിയമസഭാംഗമായി.

നാടകീയ രാജി
പക്ഷേ അച്ചുതമേനോന്‍ മന്ത്രിസഭയെയും അസ്ഥിരത കാത്തിരിപ്പുണ്ടായിരുന്നു. ഐഎസ്‍പിയിലെ പ്രശ്‍നങ്ങള്‍ മന്ത്രിസഭയെ കുഴപ്പത്തിലാക്കി. മുന്‍മന്ത്രി പി കെ  കുഞ്ഞിന്റെ പേരിലുള്ള അന്വേഷണ നടപടികള്‍ ഹൈക്കോടതി റദ്ദുചെയ്‍തതിനെ തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിയാക്കാനും എന്‍ കെ ശേഷനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കാനുമുള്ള തീരുമാനമാണ് പ്രശ്‍നം വഷളാക്കിയത്. എസ്‌എസ്‍പി അഖിലേന്ത്യാ നേതൃത്വത്തിലുണ്ടായ അഭിപ്രായ സംഘട്ടനത്തിന്റെ ഫലമായി ധനകാര്യമന്തി എൻ കെ ശേഷനോട്‌ പാർട്ടി രാജി ആവശ്യപ്പെട്ടു. രാജിവച്ച ശേഷൻ മറ്റു രണ്ടു എംഎൽഎമാരോടൊപ്പം പിഎസ്‍പിയിൽ ചേർന്നു.

Election History Of Kerala Legislative Assembly Part  18(ചിത്രം - സി  അച്ചുതമേനോന്‍)

എന്നാല്‍ തികച്ചും അപ്രതീക്ഷിതവും നാടകീയവൂമായിരുന്നു അച്യുതമേനോന്റെ നീക്കം. 1970 ജൂൺ 26ന്‌ നിയമസഭ പിരിച്ചുവിടാൻ ഗവർണർക്കു മുഖ്യമന്ത്രി ശുപാർശ നൽകി. അന്നു തന്നെ ഗവർണർ വിശ്വനാഥന്‍ വിജ്ഞാപനവും പുറപ്പെടുവിച്ചു. തല്‍ക്കാലം അച്യുതമേനോൻ മന്ത്രിസഭ തുടർന്നു. പൊതുതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന്‌ 1970 ഓഗസ്റ്റ്‌ ഒന്നിന്‌ രാജിവച്ചു. അങ്ങനെ 1970 ഓഗസ്റ്റ്‌ നാലിനു കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി. 

തെരെഞ്ഞെടുപ്പിലേക്ക്
1970 സെപ്റ്റംബർ 17ന്‌ കേരളം വീണ്ടും തെരഞ്ഞെടുപ്പിനു സാക്ഷ്യം വഹിച്ചു. ഒരു പട്ടികവർഗ അംഗം, 11 പട്ടികജാതി അംഗങ്ങൾ എന്നിവർ ഉൾപ്പെടെ നിയമസഭയുടെ അംഗബലം 133. ഇതിനു പുറമേ ഗവർണർ നാമനിർദ്ദേശം ചെയ്യുന്ന ആംഗ്ലോ-ഇന്ത്യൻ അംഗവും. 9 വനിതകൾ ഉൾപ്പെടെ 505 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്ത്‌. സിപിഐ (എം), എസ്എസ്‍പി, ഐഎസ്‍പി, കെടിപി, കെഎസ്‍പി എന്നിവര്‍ ചേര്‍ന്ന ഇടതുപക്ഷ മുന്നണിയും കോണ്‍ഗ്രസ്, സിപിഐ, മുസ്ലീം ലീഗ്, പിഎസ്‍പി, ആര്‍എസ്‍പി എന്നീ കക്ഷികള്‍ ചേര്‍ന്ന് കോണ്‍ഗ്രസ് ഐക്യമുന്നണിയായും കേരള കോണ്‍ഗ്രസും സംഘടന കോണ്‍ഗ്രസും പ്രത്യേക ജനാധിപത്യ മുന്നണിയായും മത്സരിച്ചു. 7,634,451 വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 

Election History Of Kerala Legislative Assembly Part  18

75.07 % ആയിരുന്നു പോളിംഗ്. സിപിഐ 29 സീറ്റില്‍ മത്സരിച്ചു, 16 ഇടത്ത് ജയിച്ചു. സിപിഐ(എം) 73ല്‍ 29 സീറ്റുകള്‍ നേടി. കേരള കോൺഗ്രസ്‌ 31 സീറ്റില്‍ മത്സരിച്ച് 12 സീറ്റ് നേടി. പിഎസ്‍പിക്ക് എഴില്‍ മൂന്ന് സീറ്റാണു കിട്ടിയത്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 14 സീറ്റില്‍ മത്സരിച്ചു, ആറു സീറ്റ് നേടി. 52 സീറ്റില്‍ മത്സരിച്ച കോൺഗ്രസ്‌ 30 സീറ്റുകള്‍ നേടിയപ്പോള്‍ മുസ്ലീം ലീഗ് 20ല്‍ 11ഉം ആർഎസ്‍പി 14ല്‍ ആറും സീറ്റുകള്‍ നേടി. 16 സ്വതന്ത്രർ വിജയിച്ചു. ആകെ രണ്ടു സ്ത്രീകളാണു ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അരൂരില്‍ നിന്നും സിപിഐഎമ്മിന്റെ കെ ആര്‍ ഗൗരിയും മുവാറ്റുപുഴയില്‍ നിന്നും കേരള കോണ്ഗ്രസിന്റെ പെണ്ണമ്മ ജേക്കബും ആയിരുന്നു നിയമസഭയിലെത്തിയ സ്ത്രീകള്‍. എന്നാല്‍ ഇത്തവണയും ഭാരതീയ ജനസംഘത്തിനു സീറ്റുകളൊന്നും ലഭിച്ചില്ല.  

വീണ്ടും അച്ചുതമേനോന്‍
1970 ഒക്ടോബര്‍ നാലിനു 23 അംഗ മന്ത്രിസഭയ്ക്ക് സിപിഐ രൂപം കൊടുത്തു. സി അച്ചുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി. ഐക്യകേരളത്തിന്‍റെ നാലാം നിയമസഭയും ആറാമത്തെ മന്ത്രിസഭയുമായിരുന്നു ഇത്. സംഭവബഹുലമായ പല സംഭവങ്ങള്‍ക്കും സാക്ഷിയായിരുന്നു ഈ ദീര്‍ഘകാല സര്‍ക്കാര്‍. രാജ്യത്തിന്‍റെ ജനാധിപത്യ ചരിത്രത്തില്‍ കേട്ടുകേഴ്‍വിയില്ലാത്ത ഒരു കറുത്തകാലത്ത് കേരളം ഭരിച്ചിരുന്ന സര്‍ക്കാര്‍ എന്ന പേരുള്‍പ്പെടെ പലതും ഈ മന്ത്രിസഭയെ കാത്തിരിപ്പുണ്ടായിരുന്നു. 

Election History Of Kerala Legislative Assembly Part  18

സിപിഐ, മുസ്ലീം ലീഗ്, കേരള കോൺഗ്രസ്, ആര്‍എസ്‍പി, പിഎസ്‍പി എന്നീ പാര്‍ട്ടി പ്രതിനിധികള്‍ ഉള്‍ക്കൊണ്ടതായിരുന്നു രണ്ടാം അച്ചുതമേനോന്‍ മന്ത്രിസഭ. മുഖ്യമന്ത്രിക്കു പുറമേ സിപിഐ പ്രതിനിധികളായി എൻ ഇ ബാലറാം, പി എസ്‌ ശ്രീനിവാസൻ, പി കെ രാഘവൻ, മുസ്ലിംലീഗിലെ സി എച്ച്‌ മുഹമ്മദ്‌ കോയ, അവുക്കാദർകുട്ടി നഹ, ആർഎസ്‍പിയിൽ ന്നും ടി കെ ദിവാകരൻ, ബേബി ജോൺ, പിഎസ്‍പിയിലെ എൻ കെ ബാലകൃഷ്‍ണൻ എന്നിവരായിരുന്നു മന്ത്രിസഭയിൽ. ലീഗിലെ ബാവാ ഹാജി എന്ന കെ മൊയ്‍തീൻകുട്ടി ഹാജി ഒക്ടോബർ 22ന്‌ നിയമസഭാ സ്‍പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 

ഈ മന്ത്രിസഭയുടെ ഘടനയിൽ ഒരു കൊല്ലത്തിനകം മാറ്റമുണ്ടായി.  മന്ത്രിസഭ പുനഃസംഘടനയെത്തുടര്‍ന്ന് സിപിഐ മന്ത്രിമാരായ എന്‍ ഇ ബലറാം, പി എസ് ശ്രീനിവാസന്‍, പി കെ രാഘവന്‍ എന്നിവര്‍ രാജിവച്ചു. പകരം അഴിമതി അന്വേഷണ കമ്മിഷൻ ക്ലീൻ ചിറ്റു നൽകിയ എം എന്‍ ഗോവിന്ദന്‍ നായരും ടി വി തോമസും മന്ത്രിമാരായി.   മുന്നണിയുമായി സീറ്റു ധാരണ ഉണ്ടായിരുന്നെങ്കിലും ഇന്ദിരാ കോൺഗ്രസ്‌ ആദ്യം മന്ത്രിസഭയിൽ നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ 1971 സെപ്റ്റംബറില്‍ മന്ത്രിസഭയില്‍ ഇന്ദിരാ കോണ്‍ഗ്രസും ചേര്‍ന്നു. കെ കരുണാകരന്‍, കെ ടി ജോര്‍ജ്, ഡോ കെ ജി അടിയോടി, വക്കം പുരുഷോത്തമന്‍, വെള്ള ഈച്ചരന്‍ എന്നിവരായിരുന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലേക്കെത്തിയതിന് ആർഎസ്‍പിയുടെ കേന്ദ്ര നേതൃത്വം എതിരായിരുന്നു.  പക്ഷേ കേരളത്തിലെ ആർഎസ്‍പി നേതൃത്വത്തിന് അത് ഇഷ്‍ടമായിരുന്നുതാനും. അങ്ങനെ ആർഎസ്‍പി പിളര്‍ന്നു, കേരളത്തിലെ ആർഎസ്‍പി കേരള ആർഎസ്‍പി എന്ന പേര് സ്വീകരിച്ചു. 

Election History Of Kerala Legislative Assembly Part  18

ഭരണ മുന്നണിക്കുളളിൽ സ്വരചേർച്ചയില്ലായ്‍മ പലപ്പോഴും പ്രകടമായിരുന്നു. എന്നാൽ അഭിപ്രായഭിന്നതകള്‍ ലെയ്‍സൺ കമ്മിറ്റിയിലും സംഘടനാതലത്തിലും ചർച്ചകളിലൂടെ പരിഹരിച്ച്‌ മുന്നോട്ടുപോകാൻ ഒരുപരിധിവരെ സിപിഐ സർക്കാരിനു കഴിഞ്ഞു. 1972 ഏപ്രില്‍ മൂന്നിന് ധനമന്ത്രി കെ ടി ജോര്‍ജ് അന്തരിച്ചു. വിദ്യാഭ്യാസമന്ത്രി സി എച്ച് മുഹമ്മദ്കോയ പാര്‍ലമെന്‍റില്‍ മത്സരിക്കാന്‍ 1973 മാര്‍ച്ച് ഒന്നാം തീയതി രാജിവച്ചു. ഇതേത്തുടര്‍ന്ന് ചാക്കേരി അഹമ്മദുകുട്ടി വിദ്യാഭ്യാസമന്ത്രിയായി.

മുസ്ലീം ലീഗിലെ ശൈഥില്യം
ഇതേസമയം ബാഫക്കി തങ്ങളുടെ നിര്യാണം മുസ്ലിംലീഗിൽ വിതച്ച ശൈഥില്യത്തിന്റെ വിത്തുകൾ മുളച്ചുപൊന്താൻ തുടങ്ങിയിരുന്നു. 1974 മെയ്‌ 14ന്‌ ലീഗിലെ ആറ്‌ എംഎൽഎമാർ അച്യുതമേനോൻ മന്ത്രിസഭയ്ക്കുളള പിന്തുണ പിൻവലിച്ചു. വിമത ലീഗിലെ ഇവർ നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷമായി. വിമത ലീഗിനോട്‌ ആഭിമുഖ്യം പുലർത്തിയിരുന്ന സ്‍പീക്കർ മൊയ്‍ദീൻകുട്ടി ഹാജി 1975 മെയ്‌ 8ന്‌ രാജിവച്ചു. ഇതോടെ നിയമസഭാധ്യക്ഷന്റെ ചുമതലകൾ ഡെപ്യൂട്ടി സ്‍പീക്കറും ആര്‍എസ്‍പിക്കാരനുമായ ആർ എസ്‌ ഉണ്ണി ഏറ്റെടുത്തു.

Election History Of Kerala Legislative Assembly Part  18

വര്‍ഷം 1975. സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാറായി. പക്ഷേ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനമായ അടിയന്തിരാവസ്ഥ കാത്തിരിപ്പുണ്ടായിരുന്നു. 1975 ഒക്ടോബര്‍ 21ന് സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഐക്യ കേരളത്തിന്‍റെ അതുവരെയുള്ള ചരിത്രത്തിലാധ്യമായി അങ്ങനെയൊന്ന് സംഭവിച്ചില്ല! കാരണം അപ്പോഴേക്കും ജനാധിപത്യ അവകാശങ്ങളും പൌരസ്വാതന്ത്ര്യവും കുഴിച്ചു മൂടി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസർക്കാർ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 

Election History Of Kerala Legislative Assembly Part  18

(ചിത്രം - ഇന്ദിരാ ഗാന്ധി)

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍,
ഡച്ച് ഇന്‍ കേരള ഡോട്ട് കോം,
ജനയുഗം,
വിക്കി പീഡിയ

(അടുത്തത് - ജയിലോ അതോ മുഖ്യമന്ത്രി കസേരയോ നല്ലത്..?!)

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

ഭാഗം 10- കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!

ഭാഗം 11- ആ ബജറ്റ് ദിവസം നിയമസഭയില്‍ സിപിഐയും കോണ്‍ഗ്രസും ഒത്തുകളിച്ചിരുന്നു!

ഭാഗം 12- ഗാന്ധിയെ സ്വപ്‍നം കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ!

ഭാഗം 13 - എംഎല്‍എയെ കാണാനില്ല, കിട്ടിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് കൂട്ടുകാരന് ഭീഷണി!

ഭാഗം 14- ഇഎംഎസിന്‍റെ കെണിയില്‍ വീണ് സിപിഐ, വീഴാതെ കേരളാ കോണ്‍ഗ്രസ്!

ഭാഗം 15- കേന്ദ്രത്തിന്‍റെ അരി കേരളത്തില്‍, രുചി അറിയാന്‍ ഗവര്‍ണ്ണര്‍ ഹോട്ടലില്‍..!

ഭാഗം 16- സിപിഎമ്മും മുസ്ലീം ലീഗും കൈകോര്‍ത്തു, പിന്നെ സംഭവിച്ചത്!

ഭാഗം 17- 'കണ്ണിലെ കൃഷ്‍ണമണി' തകര്‍ത്ത സിപിഎം - സിപിഐ പോര്!

Latest Videos
Follow Us:
Download App:
  • android
  • ios