മേഴ്‌സിക്കുട്ടിയമ്മയുടെ കാലിനടിയില്‍ നിന്ന് മണലൊഴുകിപ്പോയ ആഴക്കടല്‍ വഴി
ഒന്നര പതിറ്റാണ്ടോളം ചുവന്നു തുടുത്ത കുണ്ടറയില്‍ ഇത്തവണ മേഴ്‌സിക്കുട്ടിയമ്മ പരാജയം നുണയുമ്പോള്‍ മറ്റൊരിടത്തും ഫലം കാണാത്ത പ്രതിപക്ഷ ആരോപണങ്ങളുടെ ഒറ്റപ്പെട്ട വിജയമായി ഇതിനെ കണക്കാക്കേണ്ടി വരും.
'ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് പിന്നില്‍ വ്യക്തിപരമായ ആക്രമണമല്ല, ഇടതുമുന്നണിക്കെതിരെയുള്ള നീക്കമാണ് നടക്കുന്നത്'-തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് ഫിഷറീസ് മന്ത്രിയും കുണ്ടറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഒന്നര പതിറ്റാണ്ടോളം ചുവന്നു തുടുത്ത കുണ്ടറയില്‍ ഇത്തവണ മേഴ്‌സിക്കുട്ടിയമ്മ പരാജയം നുണയുമ്പോള്‍ മറ്റൊരിടത്തും ഫലം കാണാത്ത പ്രതിപക്ഷ ആരോപണങ്ങളുടെ ഒറ്റപ്പെട്ട വിജയമായി ഇതിനെ കണക്കാക്കേണ്ടി വരും.
വലിയ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി തുടര്‍ഭരണം ഉറപ്പിക്കുമ്പോഴും മേഴ്‌സിക്കുട്ടിയമ്മ പുറത്തിരിക്കുന്ന സഹചര്യം അപ്രതീക്ഷിതമല്ല. ഇടതു വിജയത്തിനിടെ കരടായ കുണ്ടറയിലെ പരാജയത്തിന് കാരണം ആഴക്കടല്‍ മത്സ്യബന്ധന കരാറും തുടര്‍ന്നുള്ള പ്രതിപക്ഷ പ്രചാരണവും തന്നെയാണെന്ന് വ്യക്തം. വിമര്‍ശനങ്ങള്‍ ഉന്നംവച്ചെത് ഇടതുമുന്നണിയെ എങ്കിലും കൊണ്ടത് മേഴ്‌സിക്കുട്ടിയമ്മയ്ക്കാണെന്ന് ഇന്ന് അവര്‍ തിരിച്ചറിയുന്നുണ്ടാകും..
തീരമേഖല ഉള്‍പ്പെടുന്ന കുണ്ടറയില്‍ നാട്ടുകാരിയായ തന്നെ ജനം കൈവിടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് മേഴ്‌സിക്കുട്ടിയമ്മയുടെ ആവര്‍ത്തിച്ചുള്ള ആത്മവിശ്വാസം. നാട്ടുകാരനല്ലാത്ത പ്രതിയോഗിക്കെതിരെ ആദ്യംമുതല്‍ ഉപയോഗിച്ച പ്രചരണായുധവും ഇതു തന്നെയായിരുന്നു. കൊട്ടാരക്കരക്കാരനും കെപിസിസി വൈസ് പ്രസിഡന്റുമായ പിസി വിഷ്ണുനാഥ് മത്സരത്തിനിറങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ മത്സര കാഠിന്യവും മേഴ്‌സിക്കുട്ടിയമ്മ തള്ളിയിരുന്നു. മണ്ഡലത്തില്‍ കടുത്ത മത്സരമില്ലെന്നായിരുന്നു ഒരു ഘട്ടത്തില്‍ മന്ത്രിയുടെ പ്രതികരണം. ജനങ്ങളെ വെല്ലുവിളിക്കരുതെന്നായിരുന്നു പിസി വിഷ്ണുനാഥിന്റെ മറുപടി.
സംസ്ഥാനത്ത് ഇടത് സുനാമിയിൽ പിണറായിക്ക് ഭരണത്തുടർച്ച, തകർന്നടിഞ്ഞ് യുഡിഎഫ്, ബിജെപി സംപൂജ്യർ...
അവസാന ലാപ്പില്‍ പിസി വിഷ്ണുനാഥിന്റെ വരവോടെ കുണ്ടറയിലെ യുഡിഎഫ് ക്യാമ്പ് കനത്ത മത്സരം തന്നെ കാഴ്ചവച്ചു. വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച് യുഡിഎഫ് പ്രചാരണ വേദികളില്‍ കണ്ട ആവേശം അതേപടി വോട്ടായെന്ന് ഒടുവിലത്തെ ഫലവും വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് - സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വെ ഫലവും മുന്‍തൂക്കം പിസി വിഷ്ണുനാഥിനാണെന്ന് പ്രവചിച്ചിരുന്നു. ഈ പ്രവചനങ്ങള്‍ക്കെല്ലാം ആധാരം ആഴക്കടല്‍ മത്സ്യബന്ധന കരാറും, തുടര്‍ന്നുള്ള പ്രതിപക്ഷ പ്രചാരണവും കരാര്‍ തീരദേശ ജനതയിലുണ്ടാക്കിയ അരക്ഷിത ബോധവുമായിരുന്നു.
'ഇഎംസിസി ഡയറക്ടർ മത്സരിക്കുന്നതിന് പിന്നിൽ അജണ്ടയുണ്ട്'; വീണ്ടും മേഴ്സിക്കുട്ടിയമ്മ...
രാഷ്ട്രീയ ജീവിതത്തിലെ ആറാമത്തെ തെരഞ്ഞെടുപ്പായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടേത്. നാടുമായുള്ള ആത്മബന്ധം മണ്ഡലത്തില്‍ തനിക്ക് നാലാം വിജയം സമ്മാനിക്കുമെന്ന് ഉറപ്പിച്ചിരുന്നു അവര്‍. എന്നാല്‍ തീരദേശങ്ങളില്‍ കാലിനടയില്‍ നിന്ന് ആഴക്കടലിലേക്ക് മണലൊഴുകിപ്പോയത് മേഴ്‌സിക്കുട്ടിയമ്മ അറിഞ്ഞില്ല. തോപ്പില്‍ രവി, കടവൂര്‍ ശിവദാസന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള പ്രമുഖരെ തോല്‍പ്പിച്ചാണ് മേഴ്‌സിക്കുട്ടിയമ്മ മൂന്നാം തവണയും നിയമസഭയിലെത്തിയത്. ഈ ആത്മവിശ്വാസം അവര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. 'വിഷ്ണുനാഥിന് ഇവിടെ വേരോട്ടമില്ല, ഞാന്‍ കുണ്ടറയുടെ ആളാണ്' എന്നും അവര്‍ പറഞ്ഞത് ഈ ആത്മവിശ്വാസത്തില്‍ തന്നെയായിരുന്നു.
ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള കുണ്ടറയില്‍ വിഷ്ണുനാഥ്, സര്‍ക്കാറിനെതിരായ രാഷ്ട്രീയം പറഞ്ഞായിരുന്നു വോട്ട് തേടിയത്. പി എസ് സി സമരവും സ്വര്‍ണ്ണക്കടത്തും കശുവണ്ടി, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങളും ആഴക്കടല്‍ കരാറിനു പുറമെ ഇവിടെ ചര്‍ച്ചയാക്കി. കൊല്ലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറികളുള്ള മണ്ഡലമാണ് കുണ്ടറ. മണ്ഡലത്തില്‍ പ്രശ്‌നങ്ങള്‍ വലിയ പരിധിവരെ പരിഹാരമായെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ വാദം. അത് വെറും അവകാശവാദം മാത്രമാണെന്നായിരുന്നു വിഷ്ണുനാഥിന്റെ മറുപടി. 88-ഓളം ഫാക്ടറികളുള്ള മണ്ഡലത്തില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു, ആനുകൂല്യങ്ങളില്ല, ഫാക്ടറി മുതലാളിമാരുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ വിഷ്ണുനാഥിന് സാധിച്ചു.
ലത്തീന്‍ കത്തോലിക്ക സമുദായത്തിന് കാര്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍, ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരായ സഭയുടെ ഇടയലേഖനവും, ഇടയലേഖനം ഇറക്കിയ ബിഷപ്പിനെതിരായ ഇടത് നിലപാടും മണ്ഡലത്തില്‍ സ്വാധീനം ചെലുത്തി എന്നുവേണം കരുതാന്‍. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയെന്നതായിരുന്നു ആരോപണം. തീരമേഖല കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതുന്ന കരാറായിരുന്നു ഇതെന്ന് തെളിവുകള്‍ സഹിതം ഉന്നയിച്ചപ്പോള്‍ കരാറില്‍ നിന്ന് പിന്നോട്ടുപോയ സര്‍ക്കാര്‍ പക്ഷെ, ഇതിന് കാരണക്കാരായവര്‍ക്കെതിരെ നടപടിക്കോ തെറ്റ് ഏറ്റുപറയാനോ തയ്യാറായിരുന്നില്ല.
ഇഎംസിസി കരാറും പി എസ് സി നിയമനങ്ങളുമടക്കമുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ ചര്‍ച്ചയായപ്പോള്‍ കഴിഞ്ഞതവണ 30,460 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് 4454 വോട്ടിന് പിസി വിഷ്ണുനാഥിനോട് കാലിടറി. ആശങ്കയുണ്ടായിരുന്നെങ്കിലും ഇത്തരമൊരു കനത്ത തോല്‍വി മേഴ്‌സിക്കുട്ടിയമ്മയോ പാര്‍ട്ടിയോ പ്രതീക്ഷിച്ചില്ലെന്നതാണ് വാസ്തവം. ഇടത് സര്‍ക്കാര്‍ ചരിത്രപരമായ ഭരണത്തുടര്‍ച്ചയിലേക്ക് കടക്കുമ്പോള്‍ ആദ്യ പിണറായി സര്‍ക്കാറിലെ തോല്‍വിയറിഞ്ഞ ഏക മന്ത്രിയെന്ന നാണക്കേട് രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.