ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍! ശ്വാസമടക്കിക്കണ്ട വോട്ടെണ്ണല്‍
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ കണ്ട 10 നിയോജനമണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
തിരുവനന്തപുരം: മഞ്ചേശ്വരവും വടക്കാഞ്ചേരിയും അവസാന നിമിഷ ട്വിസ്റ്റുകള്‍ ആവര്‍ത്തിക്കുമോ? അതോ, പുതിയ മണ്ഡലങ്ങള്‍ ഏതെങ്കിലുമാകുമോ ഇഞ്ചോടിഞ്ച് പോരുമായി തെരഞ്ഞെടുപ്പ് ഗോദയില്‍ സസ്‌പെന്‍സ് ത്രില്ലറാവുക. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണികള്‍ കോപ്പുകൂട്ടുമ്പോള്‍ കൂട്ടലും
കിഴിക്കലുകളുമായി നേതാക്കളും അണികളും ആവേശത്തിലാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ കണ്ട 10 നിയോജനമണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
വടക്കാഞ്ചേരി- 43
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന ലാപ്പില്‍ യുഡിഎഫിന്‍റെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അനില്‍ അക്കര വിജയക്കര തൊട്ട മണ്ഡലമാണ് വടക്കാഞ്ചേരി. സിപിഎമ്മിന്‍റെ മേരി തോമസ് കാഴ്‌ചവെച്ചത് വാശിയേറിയ പോരാട്ടം. അക്കര 65535 വോട്ടുകളും മേരി തോമസ് 65492 വോട്ടുകളുമായി ആവേശക്കൊടിയുയര്‍ത്തിയപ്പോള്‍ വിജയിയുടെ ഭൂരിപക്ഷം 43ലൊതുങ്ങി.
മഞ്ചേശ്വരം- ഭൂരിപക്ഷം 89
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ പ്രവചിച്ചിരുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട്ടെ മഞ്ചേശ്വരം. എന്നാല്‍ അവസാന ലാപ്പില്‍ 89 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്‍റെ ലീഗ് സ്ഥാനാര്‍ഥി പി ബി അബ്‌ദുള്‍ റസാഖ് കോണിപ്പടി കയറി. 56870 വോട്ടുകള്‍ അബ്‌ദുള്‍ റസാക്കിന് ലഭിച്ചപ്പോള്‍ കെ സുരേന്ദ്രന് 56781 വോട്ടുകള്‍ കിട്ടി. അബ്ദുൾ റസാഖിന്റെ മരണശേഷം 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിന്‍റെ തന്നെ എം സി ഖമറുദീൻ 7923 വോട്ടിന് ജയിച്ചു.
പീരുമേട്- 314
പോരാട്ടച്ചൂടില്‍ മഞ്ഞുരുകിയ സ്ഥലങ്ങളിലൊന്നാണ് ഇടുക്കിയിലെ പീരുമേട്. തുടര്‍ച്ചയായ മൂന്നാം അങ്കത്തിലും സിപിഐയുടെ ഇ എസ് ബിജിമോള്‍ ജയിച്ചുകയറി. എന്നാല്‍ ജയം അനായാസമായിരുന്നില്ല. കോണ്‍ഗ്രസിന്‍റെ അഡ്വ. സിറിയക് തോമസ് വാശിയേറിയ പോരാട്ടം കാഴ്‌ചവെച്ചപ്പോള്‍ ബിജിമോള്‍ക്ക് 314 വോട്ടിന്‍റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ. ബിജിമോള്‍ക്ക് ആകെ ലഭിച്ച വോട്ടുകള്‍ 56584. തൊട്ടുപിന്നിലെത്തിയ സിറിയക് തോമസിന് 56270 വോട്ടുകളും.
കൊടുവള്ളി- ഭുരിപക്ഷം 573
വാശിയേറിയ പോരാട്ടം നടന്ന മറ്റൊരിടം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണ്. മുസ്ലീം ലീഗിലായിരുന്ന കാരാട്ട് റസാഖ് കളംമാറി ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കളമൊരുക്കിയത്. കാരാട്ട് റസാഖ് 61033 വോട്ടുകള്‍ നേടിയപ്പോള്‍ ലീഗ് സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്റര്‍ 60460 വോട്ടുകള്‍ കൊണ്ട് തൃപ്‌തിപ്പെട്ടു. കാരാട്ട് റസാക്കിന് 573 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം.
പെരിന്തല്‍മണ്ണ- 579
മലപ്പുറത്തെ പെരിന്തല്‍മണ്ണ മണ്ഡലം നിലനിര്‍ത്താനിറങ്ങിയ മുസ്ലീം ലീഗിന്‍റെ മഞ്ഞളാംകുഴി അലിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പ് അഗ്‌നി പരീക്ഷയായി. സിപിഎം സ്ഥാനാര്‍ഥി വി ശശികുമാര്‍ ശക്തമായ പോരാട്ടം കാഴ്‌ചവെച്ചപ്പോള്‍ അലിയുടെ ഭൂരിപക്ഷം വെറും 579ലൊതുങ്ങി. അലി 70990 വോട്ടും ശശികുമാര്‍ 70411 വോട്ടും നേടി. 2006ല്‍ പെരിന്തല്‍മണ്ണ എംഎല്‍എയായ മുന്‍പരിചയം വി ശശികുമാറിന് തുണയാവുകയായിരുന്നു.
കാട്ടാക്കട- ഭൂരിപക്ഷം 849
സിപിഎം-കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരില്‍ തീപാറിയ മറ്റൊരു മണ്ഡലമാണ് തിരുവനന്തപുരത്തെ കാട്ടക്കട. 2011ല്‍ കോണ്‍ഗ്രസ് സീറ്റില്‍ വിജയിച്ച എന്‍ ശക്തന്‍ ഡപ്യൂട്ടി സ്‌പീക്കറും സ്‌പീക്കറുമായിരുന്നു. എന്നാല്‍ 2016ല്‍ ശക്തനെ 849 വോട്ടുകള്‍ക്ക് സിപിഎമ്മിന്‍റെ ഐ ബി സതീഷ് വീഴ്‌ത്തി. സതീഷ് 51614 വോട്ടുകളും ശക്തന്‍ 50765 വോട്ടുകളുമാണ് നേടിയത്.
കുറ്റ്യാടി- 1157
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അട്ടിമറി കണ്ട മണ്ഡലങ്ങളിലൊന്നാണ് കുറ്റ്യാടി. 2011ല്‍ നിയമസഭയിലെത്തിയത് സിപിഎമ്മിന്‍റെ കെ കെ ലതിക. എന്നാല്‍ 2016ല്‍ ലീഗിന്‍റെ പാറക്കല്‍ അബ്‌ദുള്ള 1157 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് വെന്നിക്കൊടി പാറിച്ചു. പാറക്കല്‍ 71809 വോട്ടുകള്‍ നേടിയപ്പോള്‍ ലതിക 70652 വോട്ടുകളാണ് നേടിയത്.
കണ്ണൂര്‍- ഭൂരിപക്ഷം 1196
ജനകീയനെങ്കിലും കോണ്‍ഗ്രസ് എസ് നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കണ്ണൂര്‍ നിയോജനമണ്ഡലത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ശക്തമായ പോരാട്ടം കാഴ്‌ചവെച്ചത് എതിര്‍മുഖത്ത് കോണ്‍ഗ്രസിന്‍റെ സതീശന്‍ പാച്ചേനി. കടന്നപ്പള്ളി 54347 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടരികിലെത്തിയ സതീഷന്‍ പാച്ചേനി 53151 വോട്ടുകള്‍ സ്വന്തമാക്കി. കടന്നപ്പള്ളി 1196 വോട്ടുകള്‍ക്ക് ഒടുവില്‍ വിജയിക്കുന്നതും മന്ത്രിയാകുന്നതും പിന്നീട് കണ്ടു.
മാനന്തവാടി- ഭൂരിപക്ഷം 1307
2011ലെ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന പി കെ ജയലക്ഷ്‌മിയുടെ മണ്ഡലമാണ് മാനന്തവാടി. എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒ ആര്‍ കേളു 1307 വോട്ടുകള്‍ക്ക് ജയലക്ഷ്‌മിയെ തോല്‍പിച്ചു. കേളു 62436 വോട്ടും ജയലക്ഷ്‌മി 61129 വോട്ടും നേടിയപ്പോള്‍ മണ്ഡലത്തിലെ ഭൂരിപക്ഷം 1307.
മങ്കട- ഭൂരിപക്ഷം 1508
എല്‍ഡിഎഫ് സ്വതന്ത്രനായി രണ്ട് തവണ മത്സരിച്ച മഞ്ഞളാംകുഴി അലിയെ ഒഴിച്ചുനിര്‍ത്തിയാല്‍ ലീഗിന്‍റെ പൊന്നാപുരം കോട്ടകളില്‍ ഒന്നാണ് മലപ്പുറത്തെ മങ്കട. തുടര്‍ച്ചയായ രണ്ടാം തവണയും മങ്കടയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു ലീഗിന്‍റെ ടി എ അഹമ്മദ് കബീര്‍. എന്നാല്‍ സിപിഎമ്മിന്‍റെ ടി കെ റഷീദ് അലിയോട് പോരടിച്ചപ്പോള്‍ അവസാന അങ്കത്തില്‍ ഭൂരിപക്ഷം ഇടിഞ്ഞു. കബീര്‍ 69165 വോട്ടുകളും റഷീദ് 67657 വോട്ടുകളും നേടിയപ്പോള്‍ ഭൂരിപക്ഷം 1508 മാത്രമായിരുന്നു.
- Kannur Legislative Assembly
- Kattakkada Legislative Assembly
- Kerala
- Kerala Assembly Election
- Kerala Elections
- Kerala Legislative Assembly
- Kerala Legislative Assembly Election 2016
- Kerala Legislative Assembly Election 2021
- Koduvally Legislative Assembly
- Manjeshwar Legislative Assembly
- Peerumade Legislative Assembly
- Perinthalmanna Legislative Assembly
- Wadakkanchery Legislative Assembly
- കേരള തെരഞ്ഞെടുപ്പ്
- കേരള നിയമസഭാ തെരഞ്ഞെടുപ്പ്