ടൂറിസം രംഗത്ത് കേരളത്തിന്റെ മത്സരം മറ്റ് സംസ്ഥാനങ്ങളോടല്ല; ലോകരാജ്യങ്ങളോടാണെന്ന് മുഹമ്മദ് റിയാസ്

കേരളത്തിലെ ഉത്സവാഘോഷങ്ങളടങ്ങിയ ഡിജിറ്റല്‍ ഇവന്‍റ് കലണ്ടര്‍ മന്ത്രി പുറത്തിറക്കി. 
 

Kerala tourism is not competing with other states but with the countries of the world says Muhammad Riyas

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ കേരളത്തിന്‍റെ വളര്‍ച്ച ലോക ശരാശരിക്കു മുകളിലാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളോടല്ല, ലോകരാജ്യങ്ങളുമായാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി വിനോദസഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് തയ്യാറാക്കിയ ഡിജിറ്റല്‍ ഇവന്‍റ് കലണ്ടര്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 ഏപ്രില്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെ കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുത്ത 101 ഉത്സവങ്ങളും പെരുന്നാളുകളും മറ്റ് ആഘോഷ പരിപാടികളുമാണ് ഡിജിറ്റല്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടികളെ കുറിച്ചുള്ള 75 വീഡിയോകള്‍, ചിത്രങ്ങള്‍, ലഘുവിവരണങ്ങള്‍ എന്നിവയും കലണ്ടറിലുണ്ട്. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ക്ക് കേരളത്തിലെ ഉത്സവങ്ങള്‍ മുന്‍കൂട്ടി പരിചയപ്പെടുത്തുക എന്നതാണ് ഈ ഫെസ്റ്റിവല്‍ കലണ്ടറിന്‍റെ ഉദ്ദേശം.

Latest Videos

കോവിഡിനു ശേഷമുള്ള ഓരോ വര്‍ഷവും കേരള ടൂറിസം ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്തെ പല പ്രധാന ടൂറിസം വിപണികള്‍ക്കും സ്ഥിരമായ മികവ് പ്രകടിപ്പിക്കാനാകാതെ പോകുമ്പോഴും നൂതനമായ പദ്ധതികളിലൂടെയും ഉല്‍പന്നങ്ങളിലൂടെയും കേരളത്തിന് തുടര്‍ച്ചയായി ശരാശരിക്കു മുകളില്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കുന്നു. കേരളത്തിലേക്കെത്തുന്ന ആഭ്യന്തര, വിദേശ സഞ്ചാരികളുടെ വര്‍ധനവില്‍ ഇത് പ്രകടമാണ്.

സഞ്ചാരികളുടെ അഭിരുചി തിരിച്ചറിഞ്ഞ് നവീന ആശയങ്ങള്‍ രൂപപ്പെടുത്താനുള്ള കേരള ടൂറിസത്തിന്‍റെ സവിശേഷതയാണ് ഡിജിറ്റല്‍ ഇവന്‍റ് കലണ്ടറിന്‍റെ രൂപകല്‍പനയിലും പ്രകടമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ കലണ്ടറിലൂടെ സഞ്ചാരികള്‍ക്ക് കേരളത്തിലെ ഉത്സവങ്ങളും പരിപാടികളും മുന്‍കൂട്ടി അറിയാനും അതനുസരിച്ച് യാത്രാ പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കാനുമാകും. ഇതിലൂടെ കൂടുതല്‍ ആളുകള്‍ കേരളത്തിലെ ഉത്സവങ്ങളില്‍ ഭാഗമാകും. കേരളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാനും ടൂറിസം ഡെസ്റ്റിനേഷനുകളെ കൂടുതല്‍ നന്നായി പരിചയപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നടക്കുന്ന ഉത്സവ പരിപാടികള്‍ യാത്രികര്‍ക്ക് പെട്ടെന്ന് കണ്ടെത്തുന്നതിനായിട്ടാണ് ടൂറിസം വകുപ്പ് ഡിജിറ്റല്‍ ഇവന്‍റ് കലണ്ടര്‍ പുറത്തിറക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം സെക്രട്ടറി ബിജു കെ. പറഞ്ഞു. ലോകത്ത് എവിടെയുള്ള സഞ്ചാരിക്കും കേരളത്തിലെ ഒരു ഉത്സവം എപ്പോഴാണ് നടക്കുന്നതെന്നും എവിടെയാണെന്നും കണ്ടെത്തി ആ സമയത്ത് ഇവിടെ എത്തിച്ചേരാനുള്ള സൗകര്യം ഇതിലൂടെ ഒരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വീഡിയോ, ഫോട്ടോ, മറ്റ് വിശദമായ വിവരങ്ങള്‍ എന്നിവയിലൂടെ ഓരോ ഉത്സവങ്ങളെയും കുറിച്ച് സഞ്ചരികള്‍ക്ക് കൂടുതലായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് സ്വാഗതപ്രസംഗത്തില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി ചടങ്ങിന് നന്ദി പറഞ്ഞു.

എല്ലാ ജാതി മതസ്ഥരും ഒത്തുചേരുന്ന നിരവധി ഉത്സവങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ക്ഷേത്രോത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, ഉറൂസ്, നേര്‍ച്ച തുടങ്ങിയവ നടക്കുന്ന സ്ഥലം, തീയതി,  പ്രധാന ആചാരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള ലഘുവിവരണം കലണ്ടറിന്‍റെ പ്രത്യേകതയാണ്. ഇതിന് പുറമേ പ്രധാന ആഘോഷങ്ങളായ ഓണം, വിഷു, ക്രിസ്മസ്, ബലി പെരുന്നാള്‍ തുടങ്ങിയവയും കേരളത്തിന്‍റെ തനത് കലകളായ വള്ളംകളി, പുലികളി, തെയ്യം, തിറ, പടയണി തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിനോദ സഞ്ചാര വകുപ്പും സര്‍ക്കാരും നേതൃത്വം നല്‍കുന്ന മറ്റ് ആഘോഷ പരിപാടികളും കലണ്ടറിലുണ്ട്.

READ MORE: 'തലസ്ഥാനത്ത് വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് ഇറക്കുന്ന ആദ്യ എയർലൈൻ'; കേരളടൂറിസത്തെ വേറെ ലെവലാക്കാൻ മലേഷ്യൻ എയർലൈൻസ്

vuukle one pixel image
click me!