പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്തതോടെ ഇവിടേയ്ക്ക് സഞ്ചാരികൾ കൂടുതലായി എത്താനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പുരാതനമായ പട്ടണമാണ് രാമേശ്വരം. രാമായണത്തിലൂടെ പ്രശസ്തമായ രാമേശ്വരം പ്രകൃതി സ്നേഹികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്ന മനോഹരമായ സ്ഥലമാണ്. വിശ്വാസികളും വിനോദ സഞ്ചാരികളും ഒരുപോലെ ഇവിടേയ്ക്ക് എത്താറുണ്ട്. പ്രശസ്തമായ ഹിന്ദു തീർത്ഥാടന കേന്ദ്രമായ രാമേശ്വരത്താണ് പാമ്പൻ പാലവും ശ്രീരാമനാഥ ക്ഷേത്രവുമെല്ലാം സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാമ്പൻ പാലം രാജ്യത്തിന് സമർപ്പിച്ചതോടെ വരും ദിവസങ്ങളിൽ ഇവിടേയ്ക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്താനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ രാമേശ്വരം സന്ദർശിക്കാൻ നിങ്ങൾക്കും പ്ലാൻ ഉണ്ടെങ്കിൽ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത 5 സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
1) കലാം നാഷണൽ മെമ്മോറിയൽ
അന്തരിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം പ്രവർത്തിച്ചിരുന്ന ഡി.ആർ.ഡി.ഒ. ആണ് കലാം നാഷണൽ മെമ്മോറിയൽ സ്ഥാപിച്ചത്. ഇന്തോ-മുഗൾ വാസ്തുവിദ്യകളുടെ നേർക്കാഴ്ച ഇവിടെ കാണാം. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സ്മാരകം ഉദ്ഘാടനം ചെയ്തത്. ഇവിടെ അഗ്നി മിസൈലിന്റെ ഒരു മാതൃകയും ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ അപൂർവ ഫോട്ടോഗ്രാഫുകളും ഏകദേശം 1,000 പെയിന്റിംഗുകളുമുണ്ട്. സ്മാരകത്തിന് ചുറ്റും മനോഹരമായ ഒരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5 വരെയുമാണ് പ്രവർത്തന സമയം. ഇവിടെ എത്തുന്നവർ ഫോട്ടോകൾ എടുക്കുന്നതിന് മുമ്പ് അനുമതി തേടേണ്ടതാണ്.
2) ഗന്ധമാദന പർവതം
രാമായണത്തിൽ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഗന്ധമാദന പർവതം. ധാരാളം ഭക്തർ ഒഴുകിയെത്തുന്ന രാമേശ്വരത്തെ പ്രാചീനമായ ആരാധനാലയങ്ങളിലൊന്ന് ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഗന്ധമാദന പർവ്വതം രാമപഥം എന്നും അറിയപ്പെടുന്നു. ശ്രീ രാമനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് 3 കി.മീ അകലെയാണ് ഗന്ധമാദന പർവതം സ്ഥിതി ചെയ്യുന്നത്. ശ്രീരാമൻറെ കാൽപ്പാട് ഇവിടെ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. രാമേശ്വരത്തെ ഏറ്റവും ഉയരമുള്ള പ്രദേശമായ ഇവിടെ നിന്ന് ശ്രീരാമൻ സീതയെ അന്വേഷിച്ചുവെന്നും പുരാണങ്ങളിൽ പറയുന്നു.
3) ശ്രീ രാമനാഥ സ്വാമി ക്ഷേത്രം
രാമേശ്വരത്തെ പ്രശസ്തമായ ആരാധനാലയമാണ് ശ്രീ രാമനാഥ സ്വാമി ക്ഷേത്രം. ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ്. രാമനാഥസ്വാമി ക്ഷേത്രം വാസ്തുവിദ്യകളുടെ അത്ഭുത സൃഷ്ടിയാണ്. ഇവിടെയുള്ള ഗോപുരങ്ങൾ, അമ്പരപ്പിക്കുന്ന ശിൽപ്പ കലകൾ, നീണ്ട ഇടനാഴികൾ എന്നിവ ലോകപ്രശസ്തമാണ്. ക്ഷേത്രത്തിനുള്ളിൽ 22 തീർത്ഥങ്ങൾ (പവിത്രമായ ജലാശയങ്ങൾ) ഉണ്ട്. അവിടെ കുളിച്ചാൽ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തമാകുമെന്നാണ് വിശ്വാസം.
രാവണനെ വധിച്ച ശേഷം പ്രായശ്ചിത്തമായി ശിവനെ ആരാധിക്കാൻ ശ്രീരാമൻ ആഗ്രഹിച്ചെന്നും ഇതിനായി കാശിയിൽ നിന്ന് ഒരു ശിവലിംഗം കൊണ്ടുവരാൻ ശ്രീരാമൻ ഹനുമാനോട് ആവശ്യപ്പെട്ടെന്നും പുരാണങ്ങളിൽ പറയുന്നു. ഹനുമാൻ വരാൻ വൈകിയപ്പോൾ ശിവനെ ആരാധിക്കാൻ ശ്രീരാമന് വേണ്ടി സീതാദേവി മണൽ കൊണ്ട് ഒരു ശിവലിംഗം നിർമ്മിച്ചെന്നും രാമലിംഗം എന്നറിയപ്പെടുന്ന അതേ ശിവലിംഗമാണ് ഇവിടെ ഇപ്പോഴും ആരാധിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
4) രാമസേതു
രാമായണത്തിൽ ഏറ്റവും പ്രധാനമായ ഒന്നാണ് രാമസേതു. സീതാദേവിയെ രാവണൻറെ പക്കൽ നിന്ന് മോചിപ്പിക്കാൻ ശ്രീരാമനും അദ്ദേഹത്തിന്റെ വാനര സൈന്യവും ശ്രീലങ്കയിലേയ്ക്ക് പോകാനായി നിർമ്മിച്ച പാലമായാണ് രാമസേതു പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്. 48 കിലോ മീറ്റർ നീളമുള്ള ഈ പാലം പ്രകൃതിദത്തമായ ചുണ്ണാമ്പുകല്ലുകളാലാണ് നിർമ്മിച്ചിരിക്കുന്നത്. വാൽമീകിയുടെ രാമായണത്തിൽ ഈ പാലത്തെ സേതുബന്തൻ എന്നാണ് വിശേഷിപ്പിക്കുന്നത്. 1480 വരെ രാമസേതു സമുദ്രനിരപ്പിന് മുകളിലായിരുന്നു എന്നാണ് ഇവിടുത്തെ ക്ഷേത്രരേഖകൾ സൂചിപ്പിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ കാരണം ഇത് പിന്നീട് കടലിൽ മുങ്ങിപ്പോകുകയായിരുന്നുവത്രേ. ആദംസ് ബ്രിഡ്ജ് അഥവാ ആദാമിൻറെ പാലം എന്നും ഇത് അറിയപ്പെടുന്നു.
5) പാമ്പൻ പാലം
പാമ്പൻ ദ്വീപിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കടൽ പാലമാണ്. കാലങ്ങളായി, പാമ്പൻ ദ്വീപും ഇന്ത്യയും തമ്മിലുള്ള ഏക ഗതാഗത ശൃംഖലയായിരുന്നു ഇത്. 1870കളിൽ ബ്രിട്ടീഷ് സർക്കാർ ശ്രീലങ്കയിലേക്കുള്ള വ്യാപാര ബന്ധം വികസിപ്പിക്കാൻ തീരുമാനിച്ചപ്പോഴാണ് പാമ്പൻ റെയിൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഏകദേശം 2.2 കിലോമീറ്റർ നീളവും 143 തൂണുകളുമുള്ള ഈ പാലം 1914ലാണ് ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്.
21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പഴയ പാമ്പൻ പാലത്തിന് ആധുനിക ഗതാഗതത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല. ഇതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പുതിയ പാലത്തിലൂടെ അതിവേഗ ട്രെയിനുകൾക്കും സഞ്ചരിക്കാൻ കഴിയും എന്നതാണ് സവിശേഷത. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാമ്പൻ പാലത്തിന് പഴയ പാലത്തേക്കാൾ 3 മീറ്റർ ഉയരം കൂടുതലാണ്.
READ MORE: ട്രെയിനുകൾ ഇനി കുതിച്ചുപായും! എഞ്ചിൻ മുതൽ വീലുകളിൽ വരെ സുപ്രധാന മാറ്റം; വരുന്നത് അടിമുടി അഴിച്ചുപണി