ആക്രമണത്തിനിടെ തന്റെ കഴുത്ത് പിളർന്നു പോകുന്നതായി തോന്നി എന്നാണ് യാത്രക്കാരിയുടെ പരാതിയിൽ പറയുന്നത് എന്ന് പൊലീസ് പറയുന്നു.
ഭാര്യയെ അപമാനിച്ചതിന് അമേരിക്കൻ സിഇഒ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന ക്രൂയിസിലെ യാത്രക്കാരിയുടെ കഴുത്തിന് പിടിച്ച് ശ്വാസം മുട്ടിച്ചതായി പരാതി. ഫസ്റ്റ് അമേരിക്കൻ ഫിനാൻഷ്യലിന്റെ സിഇഒ കെന്നത്ത് ഡിജോർജിയോയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
വിർജിൻ വോയേജസ് ക്രൂയിസിൽ യാത്ര ചെയ്യുകയായിരുന്നു സിഇഒയും ഭാര്യയും. ആ സമയത്ത് ഷൂവിനെ ചൊല്ലിയുള്ള തർക്കമാണത്രെ ശ്വാസം മുട്ടിക്കുന്നതിലേക്ക് എത്തിച്ചേർന്നത്.
ഡിജോർജിയോയുടെ ഭാര്യ നിക്കോൾ ഡിജോർജിയോ ക്രൂയിസിലെ മറ്റൊരു സഹയാത്രികയോട് കോക്ക്ടെയിൽ ലോഞ്ചിൽ ഡാൻസ് ചെയ്യുമ്പോൾ ഷൂസ് ധരിക്കാൻ ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. നിക്കോളിനോടുള്ള മറുപടിയായി സഹയാത്രക്കാരി അവരെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തത്രെ. ഇതോടെ സ്ഥിതി വഷളായി.
പിന്നാലെ, ഡിജിയോർജിയോ യാത്രക്കാരിയുടെ അടുത്തേക്ക് വന്ന് കഴുത്തിൽ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഘർഷത്തിനിടെ സിഇഒ വധഭീഷണി മുഴക്കി എന്നും ദൃക്‌സാക്ഷികൾ പറയുന്നു. യുവതിയാവട്ടെ ശ്വാസമെടുക്കാൻ പാടുപെടുന്നതും സുരക്ഷാ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടത്രെ.
ആക്രമണത്തിനിടെ തന്റെ കഴുത്ത് പിളർന്നു പോകുന്നതായി തോന്നി എന്നാണ് യാത്രക്കാരിയുടെ പരാതിയിൽ പറയുന്നത് എന്ന് പൊലീസ് പറയുന്നു. ക്രൂയിസിലുണ്ടായിരുന്ന ഒരു ബാർടെൻഡർ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെട്ടത്. കപ്പൽ അടുത്ത തുറമുഖത്ത് എത്തുന്നതുവരെ ഡിജിയോർജിയോയോട് തന്റെ ക്യാബിനിൽ തന്നെ തുടരാൻ കപ്പലിന്റെ ക്യാപ്റ്റൻ ഉത്തരവിടുകയായിരുന്നു. അവിടെ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഭാര്യയ്ക്ക് ഭീഷണി നേരിടുന്നുവെന്ന് തോന്നിയതിനാൽ, ഭാര്യയെ സംരക്ഷിക്കാനാണ് സിഇഒ ശ്രമിച്ചത് എന്നാണ് ഡിജിയോർജിയോയുടെ നിയമസംഘം ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് പറഞ്ഞത്. യുഎസ് സമുദ്ര നിയമപ്രകാരം ആക്രമണം നടത്തിയതിന് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ, ഇയാളെ വിട്ടയക്കുകയായിരുന്നു. പക്ഷേ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.