vuukle one pixel image

UP Elections 2022 : കരുത്ത് ചോര്‍ന്ന് ബിഎസ്പി; നിഴല്‍ മാത്രമായി മായാവതി

Web Team  | Updated: Feb 22, 2022, 4:01 PM IST

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും (BJP) സമാജ്‍വാദി പാര്‍ട്ടിയും (Samajwadi Party) നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ നിഴല്‍ മാത്രമാണ് മായാവതി (Mayawati). കാന്‍ഷിറാം പിന്‍ഗാമിയായ കണ്ട മായാവതിക്ക് ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിയെഴുതാന്‍ ആകുമെന്നായിരുന്നു പ്രതീക്ഷ. ഭരണകാലത്ത് കോടികള്‍ മുടക്കി നിര്‍മിച്ച പാര്‍ക്കുകളും അഴിമതി ആരോപണവുമാണ് ബിഎസ്പിയെ കടപുഴക്കിയത്.

2022 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി സമ്മേളന പരിപാടിയില്‍ വച്ച് മായാവതി ഇങ്ങനെ പറഞ്ഞു. 2022 ല്‍ ബിഎസ്പി അധികാരത്തില്‍ എത്തിയാല്‍ സ്മാരകങ്ങളോ പാര്‍ക്കുകളോ പ്രതിമകളോ ഉണ്ടാക്കില്ല. വികസനം മാത്രമായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യം. തന്‍റെയും പാര്‍ട്ടിയുടെയും ഇന്നത്തെ അവസ്ഥക്ക് ഈ ഒരു പദ്ധതി മാത്രം ഉണ്ടാക്കിയ ആഘാതത്തെ കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മായാവതിക്ക് ബോധ്യം വന്നിരിക്കുന്നു. എന്നാല്‍ ആ തിരിച്ചറിവിന് ജനങ്ങളുടെ നഷ്ടമായ വിശ്വാസത്തെ തിരികെ പിടിക്കാനുള്ള കരുത്തില്ലെന്നതാണ് വാസ്തവം.2007 മുതല്‍ 2012 വരെയുള്ള ഭരണകാലത്ത് 2600 കോടി മുടക്കി തലസ്ഥാനത്തും നോയിഡയിലുമെല്ലാം ഏക്കറ് കണക്കിന് സ്ഥലത്ത് മായാവതി പാര്‍ക്കുകളും സ്മാരകങ്ങളും നിര്‍മിച്ചു. അംബേദ്ക്കറിനും കാന്‍ഷിറാമിനുമൊപ്പം തന്‍റെ തന്നെ പ്രതിമയും മായാവതി കെട്ടിപ്പൊക്കി. പാര്‍ക്കുകളിലും സ്മാരകങ്ങളിലുമെല്ലാം ബിഎസ്പിയുടെ ആന പ്രതിമകള്‍ നിറഞ്ഞ നിന്നു. തലസ്ഥാനത്ത് ആനകളെ കാണാതെ സഞ്ചരിക്കാന്‍ തന്നെ കഴിയാത്ത സാഹചര്യത്തെ പ്രതിപക്ഷം പരിഹസിച്ചു. പിന്നാലെ അഴിമതി ആരോപണവും ഉയർന്നു. 2012 തെരഞ്ഞെടുപ്പില്‍ മായാവതിയെ അട്ടിമറിച്ച് 224 സീറ്റ് നേടി അഖിലേഷ് യാദവ് അധികാരത്തില്‍ വന്നതിന് തന്നെ പാർക്കുകള്‍ വലിയ പങ്ക് വഹിച്ചു. അവിടെ തുടങ്ങിയ തകർച്ച ബിഎസ്പിക്ക് 2022 ലും അവസാനിച്ചിട്ടില്ല. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥയുണ്ടായാല്‍ ബിഎഎസ്പിയുടെ എംഎല്‍എമാരാകും ആര് ഭരിക്കുമെന്ന് തീരുമാനിക്കുമെന്നതിലാണ് മായാവതിയുടെ അവസാന പ്രതീക്ഷ.