vuukle one pixel image

കൊടിയത്തൂർ ​ഗ്രാമീൺ ബാങ്കിലെ അപ്രൈസർ ആത്മഹത്യ ചെയ്തു

Web Team  | Published: May 19, 2022, 4:11 PM IST

ഗ്രാമീണ ബാങ്കിലെ സ്വര്‍ണ പണയ തട്ടിപ്പിൽ അന്വേഷണം (Investigation On Bank Fraud) നടക്കുന്നതിനിടെ അപ്രൈസര്‍ ജീവനൊടുക്കി. മുക്കം സ്വദേശി മോഹനനാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കൊടിയത്തൂർ ഗ്രാമീണ ബാങ്കിലെ (Kodiyathur Gramin Bank) 27 ലക്ഷം രൂപയുടെ സ്വര്‍ണ പണയതട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം (Police Investigation) നടക്കുന്നതിനിടെയാണ് സംഭവം. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്ത് വെച്ച് 11 മണിയോടെയാണ് മോഹനൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. ഗുരുതര പരിക്കൊടെ മോഹനനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗ്രാമീണ ബാങ്കിന്‍റെ കൊടിയത്തൂര്‍ ശാഖ കേന്ദ്രീകരിച്ചായിരുന്നു മുക്കുപണ്ടം പണയം വെച്ച്  തട്ടിപ്പ് നടന്നത്. കോൺഗ്രസ് നേതാവും കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ബാബു പൊലുകുന്നത്ത് മുഖ്യപ്രതിയായ കേസില്‍ ദളിത് കോൺഗ്രസ് നേതാവായ വിഷ്ണു അടക്കം രണ്ട് പേര്‍ റിമാന്‍ഡിലാണ്. മുഖ്യപ്രതി ബാബു നിലവിൽ ഒളിവിലാണ്. കേസിൽ മുക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപ്രൈസർ ജീവനൊടുക്കിയത്.

ദളിത് കോൺഗ്രസ് നേതാവായ വിഷ്ണു മുക്കുപണ്ടം പന്തീരാങ്കാവിലെ മറ്റൊരു ബാങ്കിൽ പണയം വെക്കാനെത്തിയ ഘട്ടത്തിൽ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിലറിയിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. പിന്നാലെയാണ് കൊടിയത്തൂർ ഗ്രാമീണ ബാങ്കിലെ ലക്ഷങ്ങളുടെ തട്ടിപ്പടക്കം പുറത്ത് വന്നത്. തട്ടിപ്പ് പുറത്ത് വന്നതിനെത്തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പെലുകുന്നത്തിനെയും ദലിത് കോൺഗ്രസ് നേതാവ് വിഷ്ണുവിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരിച്ച മോഹനൻ കേസിൽ പ്രതിയല്ല. അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കെയാണ് ആത്മഹത്യ.