
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയറിന്റെ ഡയമണ്ട് ജൂബിലി വര്‍ഷത്തില്‍, കുറഞ്ഞ വിലയില്‍ മരുന്നുകളും ഇംപ്ലാന്റുകളും ലഭ്യമാക്കുന്ന ജനപ്രിയ ഫാര്‍മസി ശൃംഖലയായ അമൃത് (Affordable Medicines and Reliable Implants for Treatment) ഫാര്‍മസികള്‍ക്ക് പുതിയ രൂപവും ഭാവവും. പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, അമൃത് ഫാര്‍മസിയുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോയും എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. അനിത തമ്പി ഔദ്യോഗികമായി പ്രകാശനം ചെയ്തു.
പുതിയ മാറ്റം രാജ്യമെമ്പാടുമുള്ള സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ മികച്ച മരുന്നുകള്‍ ലഭ്യമാക്കുക എന്ന അമൃത് ഫാര്‍മസിയുടെ ലക്ഷ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡോ. അനിത തമ്പി പറഞ്ഞു. മുന്നോട്ടുള്ള യാത്രയിലെ പുതിയ അധ്യായമാണ് അമൃത് എന്ന ബ്രാന്‍ഡിലൂടെ എച്ച്എല്‍എല്‍ കുറിച്ചിരിക്കുന്നത്. ചുരുങ്ങിയ വിലയില്‍ ലോകോത്തരനിലവാരവുമുള്ള ഇംപ്ലാന്റ് ഉല്‍പ്പന്നങ്ങള്‍ അമൃത് ഫാര്‍മസികളിലൂടെ ആവശ്യക്കാരിലേക്ക് എച്ച്എല്‍എല്‍ എത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) അജിത് എന്‍, ഗ്രൂപ്പ് ഹെഡ് ബെന്നി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ 2015-ല്‍ ആരംഭിച്ച അമൃത് ഫാര്‍മസികള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ലഭ്യമാക്കുന്ന ഫാര്‍മസി ശൃംഖലയാണ്. ഇന്ന് 25 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 222 അമൃത് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആറ് കോടിയിലധികം രോഗികള്‍ക്ക് അമൃത് ഫാര്‍മസികളിലൂടെ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി കഴിഞ്ഞു. 13,104 കോടി രൂപയുടെ മരുന്നുകളും ആരോഗ്യ ഉപകരണങ്ങളുമാണ് ഇതുവരെ വിതരണം ചെയ്തത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഏകദേശം 6,500 കോടി രൂപയുടെ ലാഭമാണ് മരുന്നിന്റെ ചിലവില്‍ നേടിക്കൊടുക്കാനായത്. കൂടാതെ, അമൃത് ഫാര്‍മസികള്‍ ആരംഭിച്ചതിലൂടെ രാജ്യത്തുടനീളമായി 1700-ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി.
വിപുലീകരണ ലക്ഷ്യവുമായി എച്ച്എല്‍എല്‍
പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയോടെ, രാജ്യത്തുടനീളം അമൃത് ഫാര്‍മസി ശൃംഖല വിപുലീകരിക്കാനും കൂടുതല്‍ സാധാരണക്കാരിലേക്ക് താങ്ങാനാവുന്ന ചികിത്സ എത്തിക്കാനുമാണ് എച്ച്എല്‍എല്‍ ലക്ഷ്യമിടുന്നത്. അമൃത് ഫാര്‍മസിയുടെ അടിസ്ഥാന മൂല്യങ്ങളെ പ്രതിഫലിക്കുന്ന തരത്തിലാണ് പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 'AMRIT' എന്ന വാക്കിന് മുകളിലായി ഗുളികയുടെ ചിത്രവും മെഡിക്കല്‍ ക്രോസും ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ചുവപ്പ്, പച്ച എന്നീ നിറങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ചുവപ്പ് നിറം വേഗത്തിലും വിശ്വാസ്യതയോടെയുമുള്ള രോഗീപരിചരണത്തെയും പച്ച നിറം പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, വിശ്വാസ്യത, വളര്‍ച്ച എന്നിവയെയും സൂചിപ്പിക്കുന്നു. എച്ച്എല്‍എല്ലിന്റെ റീട്ടെയില്‍ ബിസിനസ് ഡിവിഷനാണ് അമൃത് ഫാര്‍മസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ വിഭാഗം തന്നെയാണ് രാജ്യവ്യാപകമായി എച്ച്എല്‍എല്‍ ഫാര്‍മസി, എച്ച്എല്‍എല്‍ ഒപ്റ്റിക്കല്‍സ് ശൃംഖലകളും കൈകാര്യം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam