വീഡിയോയിൽ വിവിധ മെറ്റൽ ബാറുകളാണ് കാണാൻ സാധിക്കുന്നത്. അതിന് മുകളിൽ ഓരോ മെറ്റൽ ബാറിനും മുകളിലായി ഡിസ്കൗണ്ടും എഴുതി വച്ചിരിക്കുന്നത് കാണാം. ഓരോന്നിനും ഇടയിലെ അകലം വ്യത്യസ്തമാണ്.
റെസ്റ്റോറന്റുകളിൽ പലതരത്തിലുള്ള ഓഫറുകളും നമ്മൾ കാണാറുണ്ട്. കോംപോ ഓഫറുകൾ, വാലന്റൈൻസ് ഡേ പോലുള്ള ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡേ ഓഫറുകൾ ഒക്കെ അതിൽ പെടുന്നു. എന്നാൽ, അതിവിചിത്രമായ ഒരു ഓഫറിന്റെ പേരിൽ ഒരു തായ് റെസ്റ്റോറന്റ് ഇപ്പോൾ വിമർശനം നേരിടുകയാണ്.
ഇവിടെ കിട്ടുന്ന ഡിസ്കൗണ്ടാണ് 'സ്കിന്നി ഡിസ്കൗണ്ട്'. മെറ്റൽ ബാറുകൾക്കിടയിലൂടെ എങ്ങനെയെങ്കിലും അകത്ത് കടന്നാലാണ് ഈ ഡിസ്കൗണ്ടിന് അർഹത ലഭിക്കുക. ഇൻസ്റ്റഗ്രാമിൽ വീഡിയോ വൈറലായതിന് പിന്നാലൊയണ് ഈ അസാധാരണമായ ഓഫർ ശ്രദ്ധ പിടിച്ചുപറ്റിയത്. ദിവസം മുഴുവൻ ഇന്റർനാഷണൽ ബ്രേക്ക്ഫാസ്റ്റ് ലഭിക്കുന്ന ചിയാങ് മായിലെ ചിയാങ് മായ് ബ്രേക്ക്ഫാസ്റ്റ് വേൾഡ് എന്ന കഫേയിലാണ് ഈ സ്കിന്നി ഡിസ്കൗണ്ട് ഉള്ളത്.
വീഡിയോയിൽ വിവിധ മെറ്റൽ ബാറുകളാണ് കാണാൻ സാധിക്കുന്നത്. അതിന് മുകളിൽ ഓരോ മെറ്റൽ ബാറിനും മുകളിലായി ഡിസ്കൗണ്ടും എഴുതി വച്ചിരിക്കുന്നത് കാണാം. ഓരോന്നിനും ഇടയിലെ അകലം വ്യത്യസ്തമാണ്. മാത്രമല്ല, ഓരോന്നിലൂടെയും കടക്കാനായാൽ വ്യത്യസ്തമായ ഡിസ്കൗണ്ടുകളാണ് ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ അകലത്തിലുള്ള മെറ്റൽ ബാറുകൾക്കിടയിലൂടെ കടന്നാൽ 20 ശതമാനമാണ് ഡിസ്കൗണ്ട്.
അതിലൂടെ ആളുകൾ കടന്ന് പോകാൻ ശ്രമിക്കുന്നതും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാവുന്നതാണ്. എന്നാൽ, അതിന് പലർക്കും സാധിക്കുന്നില്ല. അത്രയേറെ ചെറുതാണ് രണ്ട് ബാറുകൾക്കിടയിലെ അകലം. എന്നാൽ, വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ അനേകങ്ങളാണ് അതിന് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം തമാശക്കമന്റുകളാണ് നൽകിയതെങ്കിൽ മറ്റ് ചിലർ ഈ ഡിസ്കൗണ്ടിനെ വിമർശിക്കുകയാണ് ചെയ്തത്.
പ്ലസ് സൈസ് ആയിട്ടുള്ള ആളുകളെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് ഈ പ്രത്യേകതരം ഡിസ്കൗണ്ട് എന്നായിരുന്നു വിമർശകർ പ്രധാനമായും പറഞ്ഞത്.