ആര്‍ച്ചറിന്റെ മനോഹരമായ ഇൻസ്വിങ് ഡെലിവെറിയോടെയായിരുന്നു ബെംഗളൂരു ഇന്നിങ്സിന് തുടക്കമായത്
രാജസ്ഥാൻ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച തുടക്കം. പവര്‍പ്ലെ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 65-0 എന്ന നിലയിലാണ് ബെംഗളൂരു. 46 റണ്‍സുമായി ഫില്‍ സാള്‍ട്ടും 18 റണ്‍സുമായി കോലിയുമാണ് ക്രീസില്‍. ഇരുവരേയും പുറത്താക്കാനുള്ള നിരവധി അവസരങ്ങള്‍ രാജസ്ഥാൻ പാഴാക്കി.
ആര്‍ച്ചറിന്റെ മനോഹരമായ ഇൻസ്വിങ് ഡെലിവെറിയോടെയായിരുന്നു ബെംഗളൂരു ഇന്നിങ്സിന് തുടക്കമായത്. ആദ്യ ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ട് തന്റെ പേരില്‍ 10 റണ്‍സ് ചേര്‍ത്തു. ഓവറില്‍ വന്ന രണ്ട് ബൗണ്ടറികളും മികച്ചതായിരുന്നില്ല. ആദ്യ പന്തിലെ ബൗണ്ടറി ഇൻസൈഡ് എഡ്ജും നാലാം പന്തിലെ സിക്സര്‍ ടോപ് എഡ്ജുമായിരുന്നു. എങ്കിലും ബെംഗളൂരുവിന് മികച്ച ഫോമിലുള്ള ആര്‍ച്ചറിനെതിരെ റണ്‍സ് കണ്ടെത്താനായി.
രണ്ടാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡയ്ക്കെതിരെ താളം കണ്ടെത്താൻ വിഷമിക്കുന്ന വിരാട് കോലിയെയാണ് കണ്ടത്. എന്നാല്‍, ഓവറിലെ അവസാന പന്തില്‍ മിഡ് വിക്കറ്റിന് മുകളിലൂടെ ഫോര്‍ പായിച്ച് കോലി തിരിച്ചുവരവ് നടത്തി.
ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ആദ്യ ഓവറിന്റെ ആവര്‍ത്തനമെന്നവണ്ണം 10 റണ്‍സ് വന്നു. ആദ്യ ഓവറില്‍ ഭാഗ്യത്തിന്റെ അകമ്പടിയായിരുന്നെങ്കില്‍ ഇത്തവണ സാള്‍ട്ട് തന്റെ സ്വരൂപം പുറത്തെടുക്കുകയായിരുന്നു. മിഡ് വിക്കറ്റിലൂടെ ഫോറും ഡീപ് സ്ക്വയര്‍ ലെഗിലൂടെ സിക്സും നേടി സാള്‍ട്ട്.
നാലാം ഓവറില്‍ കോലിക്കെതിരെ മികച്ച റെക്കോര്‍ഡുള്ള സന്ദീപിന് സഞ്ജു പന്ത് കൈമാറി. ആദ്യ പന്തില്‍ തന്നെ കോലിയെ പുറത്താക്കാൻ അവസരം ലഭിച്ചെങ്കിലും റിയാൻ പരാഗ് ക്യാച്ച് പാഴാക്കി. ഓവറിലെ അഞ്ചാം പന്തില്‍ സാള്‍ട്ടിനെ കൈപ്പിടിയിലൊതുക്കാൻ സന്ദീപിനായിരുന്നു അവസരം ലഭിച്ചത്. എന്നാല്‍ അതും നഷ്ടപ്പെടുത്തി.
അഞ്ചാം ഓവറില്‍ തീക്ഷണയെത്തിയെങ്കിലും കൂട്ടുകെട്ട് പൊളിക്കാനായില്ല. സാള്‍ട്ടിന്റെ ബാറ്റിന്റെ ചൂട് ലങ്കൻ താരവും അറിഞ്ഞു. ഇതോടെ ബെംഗളൂരുവിന്റെ സ്കോർ അൻപതിലെത്തി. പവർപ്ലെയിലെ അവസാന ഓവറിലും സഞ്ജു വിശ്വാസമർപ്പിച്ചത് സന്ദീപിലായിരുന്നു. സാള്‍ട്ടിനെ ജയ്സ്വാള്‍ കൈവിടുകയും റണ്ണൗട്ട് അവസരം പാഴാക്കുകയും ചെയ്തു. ആറാം ഓവറില്‍ 15 റണ്‍സായിരുന്നു ബെംഗളൂരു നേടിയത്.