കൊലയാളി ഛിന്നഗ്രഹത്തില്‍ നിന്ന് ഭൂമി സുരക്ഷിതമാകുന്നു; പക്ഷേ ചന്ദ്രന് സംഭവിക്കുന്നത് കണ്ടറിയണം!

2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ വ്യാസം 53-67 മീറ്റർ എന്ന് ഏറ്റവും പുതിയ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു, ഇത് ഏകദേശം 10 നില കെട്ടിടത്തിന്‍റെ വലുപ്പത്തോളം വരുമിത് 

city killer asteroid 2024 YR4 no longer a threat to earth but it may collide with moon

കാലിഫോര്‍ണിയ: 2032 ഡിസംബറിൽ ഭൂമിയോടും ചന്ദ്രനോടും അപകടകരമായി അടുത്തെത്തുമെന്ന് കണക്കുകൂട്ടിയിരുന്ന സിറ്റി കില്ലർ ഛിന്നഗ്രഹമാണ് '2024 വൈആര്‍4' (Asteroid 2024 YR4). ഈ ഛിന്നഗ്രഹത്തെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ഉപയോഗിച്ച് ശാസ്‍ത്രജ്ഞർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിരീക്ഷഷണങ്ങളുടെ ആദ്യഘട്ടം ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പൂർത്തിയാക്കിയപ്പോള്‍ ഛിന്നഗ്രഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. 

ഫെബ്രുവരിയിലാണ്  അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തിന് 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ പഠനങ്ങള്‍ക്കായി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി അനുവദിച്ചത്. ഈ ആദ്യഘട്ട നിരീക്ഷണത്തിൽ നിന്നും ഛിന്നഗ്രഹം മുമ്പ് കണക്കാക്കിയതിനേക്കാൾ വലുതും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണെന്ന് കണ്ടെത്തി. മാത്രമല്ല ഭൂമിക്ക് ഈ ഛിന്നഗ്രഹത്തിൽ നിന്നുള്ള ഭീഷണി കുറയുകയാണെന്നും, അതേസമയം ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു എന്നുമാണ് പുതിയ കണ്ടെത്തൽ.

Latest Videos

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പുതിയ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ വ്യാസം 174-220 അടി (53-67 മീറ്റർ) ആണെന്നാണ്, ഇത് ഏകദേശം 10 നില കെട്ടിടത്തിന്‍റെ വലുപ്പത്തോളം വരും. മുമ്പത്തെ വലിപ്പ കണക്കായ 131-295 അടി (40-90 മീറ്റർ) നേക്കാൾ അല്പം ഉയർന്ന ശ്രേണിയാണിത്. ഭാഗ്യവശാൽ, 2032 ഡിസംബർ 22ന് ഭൂമിയുമായി 2024 വൈആര്‍4 ഛിന്നഗ്രഹം കൂട്ടിയിടിക്കാനുള്ള സാധ്യത ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുന്നു. എങ്കിലും ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. 2032ൽ 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത ഏകദേശം 2 ശതമാനം സാധ്യതയിൽ നിന്ന് 3.8% ആയി ഉയർന്നതായി നാസ പുതിയ അപ്‌ഡേറ്റില്‍ വ്യക്തമാക്കി. 

Read more: കാറ്റി പെറി മുതല്‍ ഗെയ്ൽ കിംഗ് വരെ; ക്രൂ മുഴുവന്‍ വനിതകള്‍, ആറ് സ്ത്രീകളുമായി ബ്ലൂ ഒറിജിൻ ബഹിരാകാശത്തേക്ക്

അടുത്ത കുറച്ച് വർഷത്തേക്ക് 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം ബാഹ്യ സൗരയൂഥത്തിലേക്ക് അപ്രത്യക്ഷമാകും. 2024 ഡിസംബറിലാണ് ജ്യോതിശാസ്ത്രജ്ഞർ ആദ്യമായി 2024 വൈആര്‍4 ഛിന്നഗ്രഹം കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത പലപ്പോഴും ഭൂമിയുടെ പാതയെ മുറിച്ചുകടക്കുന്നു. ഇത് കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അത് ഭൂമിയിൽ പതിച്ചാൽ, ഒരു നഗരം മുഴുവൻ നശിപ്പിക്കാൻ കഴിയും. 500 ഹിരോഷിമ ബോംബുകൾക്ക് തുല്യമായിരിക്കും ആഘാതം.

2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 3.1 ശതമാനം വരെ ഗവേഷകർ ആദ്യം കണക്കാക്കിയിരുന്നു. പിന്നീട് നാസ അത് പൂജ്യം ശതമാനം ആയി കുറച്ചു. അനിശ്ചിതത്വങ്ങൾക്ക് ഇടയിൽ, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ഈ അപകടകരമായ ബഹിരാകാശ പാറയെക്കുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്‍പേസ് ഏജൻസി (ESA) തീരുമാനിക്കുകയായിരുന്നു. എന്തായാലും മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചുള്ള രണ്ടാം ഘട്ട നിരീക്ഷണങ്ങൾക്കൊടുവിൽ ഈ ഛിന്നഗ്രഹത്തിന്‍റെ പരിക്രമണ പാതയും ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യതയും കൂടുതൽ വ്യക്തമാക്കും.

Read more: സിറ്റി-കില്ലര്‍ ഛിന്നഗ്രഹം ഭൂമിയെ തൊടമാട്ടേ... ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് നാസ; ലോകത്തിന് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!