ചെറിയ പെരുന്നാൾ അവധി ദിവസങ്ങളില്‍ തിരക്ക് വന്‍തോതില്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദ്ദേശങ്ങൾ നല്‍കിയത്.
ദോഹ: പെരുന്നാൾ അവധി പ്രമാണിച്ച് തിരക്ക് വര്‍ധിക്കുന്നതിനാല്‍ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഹമദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. തടസ്സങ്ങളില്ലാതെ, യാത്ര സുഗമമാക്കുന്നതിനായാണ് അധികൃതര്‍ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
തിരക്ക് വന്‍തോതില്‍ വര്‍ധിച്ചത് പരിഗണിച്ച് യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തി നടപടികൾ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാർക്ക് ഓൺലൈൻ ചെക്ക് ഇൻ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടിലെത്തണം. ഖത്തർ എയർവേസ് യാത്രക്കാർക്ക് നാല് മുതൽ 12 മണിക്കൂർ മുമ്പായി ചെക്ക് ഇൻ ചെയ്യാം. ഈ സൗകര്യം ഏപ്രിൽ അഞ്ചു വരെ തുടരും. നേരത്തേ ചെക്ക് ഇൻ ചെയ്യുന്ന ഖത്തർ എയർവേസ് യാത്രികർക്ക് ഡ്യൂട്ടി ഫ്രീ സ്റ്റോറിൽ 10 ശതമാനം ഡിസ്കൗണ്ടും അനുവദിച്ചു.
സെല്‍ഫ് ചെക്ക് ഇന്‍-ബാഗ് ഡ്രോപ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. സെല്‍ഫ് സര്‍വീസ് കിയോസ്കുകള്‍ ഉപയോഗിച്ച് ചെക്ക് ഇന്‍, ബോര്‍ഡിങ് പാസ് പ്രിന്റ് എന്നിവയടക്കമുള്ള നടപടികൾ പൂര്‍ത്തിയാക്കുക. 18 വയസ്സിന് മുകളിലുള്ള സ്വദേശികൾ, താമസക്കാർ എന്നീ യാത്രക്കാർക്ക് ഇ-ഗേറ്റ് ഉപയോഗിച്ച് വേഗത്തിൽ നടപടി പൂർത്തിയാക്കാം. യാത്ര പുറപ്പെടുന്നതിന്റെ 60 മിനിറ്റ് മുമ്പ് ചെക്ക് ഇൻ അവസാനിക്കും. പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് ബോർഡിങ് ഗേറ്റുകൾ അടക്കും.
ലഗേജ് അലവൻസും ഭാര നിയന്ത്രണങ്ങളും എയർലൈനുകൾ കർശനമായി പരിശോധിക്കുന്നതിനാൽ യാത്രക്കാർ അവരുടെ ലഗേജുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. യാത്രക്കാർക്കായി ഡിപ്പാർച്ചർ ഹാളിൽ ലഗേജിന്റെ ഭാരം നോക്കുന്നതിനും ബാഗേജ് റീപാക്കിനുമുള്ള സൗകര്യമുണ്ട്. പാര്‍ക്കിങ് ഏരിയയില്‍ നിശ്ചിത സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. അതുപോലെ തന്നെ ബാഗേജില്‍ നിരോധിത വസ്തുക്കള്‍ ഒന്നും ഇല്ലെന്ന് ഉറപ്പാക്കുകയും വേണം.
Read Also - നോമ്പുതുറക്കാൻ വൈകുമെന്ന് കരുതി അമിതവേഗം വേണ്ട; വണ്ടിയിലിരുന്നാൽ ഇഫ്താർ പാക്കറ്റ് കയ്യിലെത്തും
ദ്രാവകങ്ങള്‍, ഏയ്റോസോളുകള്, ജെല്‍ എന്നിങ്ങനെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വസ്തുക്കള്‍ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുക. വിമാനത്താവളത്തിൽനിന്നുള്ള നിർദേശങ്ങൾക്കായി എച്ച്.ഐ.എ ഖത്തർ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഫ്ലൈറ്റ് സ്റ്റാറ്റസ്, ബാഗേജ് ക്ലെയിം, ബോർഡിങ് ഗേറ്റുകളിലേക്കുള്ള ദിശ, ഭക്ഷണം, ഡ്യൂട്ടി ഫ്രീ ഓഫറുകൾ എന്നിവ അറിയാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം