മഴയോടൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തിയേറിയ കാറ്റ് വീശാനും സാധ്യതയുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴ. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
മക്കയുടെ ചില പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും ശക്തിയേറിയ കാറ്റ് വീശാനും സാധ്യതയുണ്ട്. റാനിയ, തുർബ, അൽ-മുവൈയ, അൽ-ഖുർമ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കാനും തായിഫ്, മെയ്സൻ, അദം, അൽ അർദിയാത് എന്നീ ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
read more: ചെറിയ പെരുന്നാൾ മാർച്ച് 30ന് ആയിരിക്കുമെന്ന് അൽ-അജാരി സയന്‍റിഫിക് സെന്‍റർ
തലസ്ഥാന നഗരിയായ റിയാദിലും കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തിയേറിയ കാറ്റ് വീശുമെന്നും ആലിപ്പഴ വീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഫീഫ്, അല്‍ ദവാദ്മി, അൽ ഖുവൈയ, അൽ റയ്ൻ, ശഖ്റ, അൽ ഖത്, മറാത്, അൽ സുൽഫി, അൽ മജ്മ, താദിഖ്, ഹുറൈമില എന്നീ മേഖലകളിലാണ് കനത്ത മഴ ലഭിക്കാൻ സാധ്യത. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അധികൃതർ നൽകുന്ന സുരക്ഷ മാർഗ്ഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ജനറൽ ഡയറക്ടറേറ്റ് എടുത്തുപറഞ്ഞു.