'രണ്ട് മാസം സ്‌കൂളും 10 മാസം അവധിക്കാലവും ആയിരുന്നെങ്കില്‍; അല്ലെങ്കില്‍ സ്‌കൂള്‍ ഇടിഞ്ഞുപോയെങ്കില്‍!'

ആകെയുള്ള നാല് പുഴുപ്പല്ലുകള്‍ എന്‍റെ പ്രധാന ആയുധമായിരുന്നു. അത് പലപ്പോഴും മറ്റുള്ളവരുടെ കൈയില്‍ ആഴ്ന്നു ഇറങ്ങി. ചെളിപിടിച്ച നഖം വെട്ടി വൃത്തിയാക്കാന്‍ ആര്‍ക്ക് നേരം! അത് കൊണ്ട് മാന്തി ഉരിഞ്ഞുപോയ തൊലിയില്‍ രക്തം കല്ലിച്ചു നിന്നിരുന്നു. കൂട്ടത്തിലെ ഏറ്റവും ചെറുതെന്ന പദവി മുതലെടുക്കാന്‍ എനിക്കറിയാമായിരുന്നു.


നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

Latest Videos

അശ്വതിയുടെ ഒരു സ്‌കൂള്‍കാല ചിത്രം



പിന്നിലേക്കുള്ള വഴി നിഷ്‌കരുണം കാലം താഴിട്ട് പൂട്ടി, മുന്നോട്ടുള്ള അനിശ്ചിതത്വം നിറഞ്ഞ പരുക്കന്‍ വീഥികള്‍ നോക്കി പകച്ചു നില്‍ക്കുന്ന, വര്‍ത്തമാന യൗവനത്തിന്‍റെ ക്രൂരമായ ആനന്ദത്തിന്‍റെ ഇടയിലും അപ്പൂപ്പന്‍താടി പാലം ഇട്ട് തന്ന് ഒരു പാവം പാവാടക്കാരിയെ വിരല്‍ തുമ്പില്‍ നടത്താന്‍ ശ്രമിക്കാറുണ്ട്, ഓര്‍മ്മകള്‍. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള എന്‍റെ ജീവിതത്തിലെ ഏറ്റവും പൂര്‍ണതയുള്ള കാലഘട്ടം.

മധ്യവേനലവധി എന്നാല്‍, കോട്ടപ്പുറത്തെ അമ്മയുടെ വീട്ടിലേക്കുള്ള പലായനമാണ്. കളിക്കാന്‍ കൂട്ടുകാരെ കിട്ടാത്ത എന്‍റെ മുക്കണ്ണം പോലെ അല്ല അവിടെ. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍പ്പെട്ട് മരവിച്ച എന്‍റെ വാസനാവികൃതികള്‍ പടര്‍ന്ന് പന്തലിക്കുന്ന ദിനങ്ങള്‍. മാര്‍ച്ചില്‍ സ്‌കൂള്‍ അടച്ച ദിവസം തന്നെ എന്നെ കൊണ്ടുപോകാന്‍ മാമ വരും. 'ഇപ്പോ പോണ്ടെടി, വിഷൂന് പോവാ നമുക്ക്' എന്നൊക്കെ എന്നോട് പറഞ്ഞ് തോറ്റ അമ്മയുടെ അടുത്ത അടവ് മിണ്ടാവ്രതമാണ്. 

ഒന്നിനും എന്നെ അനുനയിപ്പിക്കാന്‍ ആകില്ല. റബ്ബര്‍ പാലിന്‍റെ കറയുടെ മണമായിരുന്നു അച്ഛനും അമ്മയ്ക്കും എന്‍റെ വീടിനും. ഒരു അധ്യയന കാലം മുഴുവന്‍ അടുക്കളയിലെ റബ്ബര്‍ ചുള്ളല്‍ കൊണ്ടടിച്ചും, ചെവി പിടിച്ചു തിരിച്ചും, കൈയില്‍ നുള്ള് തന്നും ശിക്ഷിച്ചിട്ട്, ഇനി പോണ്ടാന്നോ! ഇനി സുഖ ചികിത്സയുടെ നാളുകള്‍. 

ഓര്‍മകളുടെ ആമുഖം

എന്നാലും മാമയുടെ തോളില്‍ ഇരുന്ന് പിന്നിലേക്ക് നോക്കുമ്പോള്‍ തിണ്ണയുടെ തൂണും പിടിച്ചു എന്‍റെ പോക്കും നോക്കി നില്‍ക്കുന്ന അമ്മയുടെ വിഷാദഛവി കലര്‍ന്ന മുഖമാണ് മധ്യവേനലവധി ഓര്‍മകളുടെ ആമുഖ ചിത്രം. ബസ്സ് ഇറങ്ങി വരുന്ന വഴിയില്‍ ഒക്കെയും വിശേഷം ചോദിക്കുന്നവരുടെ തിരക്കാണ്. 

തെങ്ങിന്‍റെ മടല്‍ കൊത്തിയൊടിച്ച് തൊടിയില്‍ നില്‍ക്കുന്ന അമ്മൂട്ട്യേടത്തി ചോദിക്കാന്‍ പോകുന്ന വിശേഷം 'പരീക്ഷ കഴിഞ്ഞോ മാ' എന്നാവും. സ്വതവേ നാണക്കാരിയായ ഞാന്‍ ഏതെങ്കിലും വശത്ത് നിന്ന് മുഖം തിരിച്ചു 180 ഡിഗ്രി ചലിപ്പിക്കുമ്പോള്‍ ഉത്തരം ആയി. എന്തൊക്കെയാണ് അവര്‍ക്ക് അറിയേണ്ടത്? രണ്ട് മാസത്തേക്കുള്ള കുപ്പായം അടുക്കിവെച്ച തൂണിക്കടയുടെ കിറ്റും ചുരുട്ടിപിടിച്ച് മാമയാണ് ഓരോന്നിനും ഉത്തരം പറയുക. 

വഴിയില്‍ കോലു മിഠായി, മിച്ചര്‍ ഒക്കെ പീടികയില്‍ നിന്ന് വാങ്ങും. മിച്ചര്‍ മിക്കവാറും എണ്ണ ചുക്ക് അടിച്ചിട്ടുണ്ടാകും. അങ്ങനെ നടന്ന് നടന്നു കുളത്തിന്‍റെ ഒരുവശത്ത് കൂടിയുള്ള തോട്ടുവരമ്പിലൂടെ ഓടി പടി കേറിയാല്‍ ഓടിട്ട അമ്മമ്മയുടെ വീട് കാണാം. വരവും പ്രതീക്ഷിച്ച് ഇരിക്കുന്ന അമ്മമ്മയും മേമയും.

മുടിയെന്ന പെണ്‍ഭാവം

'പെണ്ണിന്‍റെ മുടി ചേപ്രക്കെട്ടു, അതൊന്ന് കൊണ്ടോയി വെട്ടിക്കണം' -അതാവും അവരുടെ ആദ്യത്തെ ആവശ്യം. എന്‍റെ ജീവിതത്തിന്‍റെ ആദ്യ ദശകത്തിന്‍റെ പകുതിയും മൊട്ടയായി ജീവിച്ചിരുന്ന എനിക്ക് അടുത്ത പകുതിയില്‍ നീട്ടി വളര്‍ത്താവുന്ന തരത്തില്‍ മുടി വളര്‍ത്താം എന്ന ഒരു പ്രൊമോഷന്‍ അനുവദിക്കപ്പെട്ടു. ബാര്‍ബര്‍ ഷോപ്പില്‍ ഉള്ളവരുടെ കരവിരുതിന് കലാബോധം തീരെ ഉണ്ടായിരുന്നില്ല. 

ബ്ലേഡ് തട്ടി ചെവിയൊക്കെ മുറിഞ്ഞാലും കുറേ കുട്ടിക്കൂറ പൗഡര്‍ തട്ടി അവരതിനെ മറയ്ക്കും. ബ്യൂട്ടി പാര്‍ലര്‍ അന്നൊന്നും ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കേണ്ട സ്ഥലമേ ആയിരുന്നില്ല. പെണ്‍കുട്ടികളും ഒരു പ്രായം വരെ അവിടെ നിന്ന് മുടി വെട്ടും. മൊട്ടയും, പുഴുപ്പല്ലും, മുട്ടൊപ്പം ഇറക്കമുള്ള ഉടുപ്പും പിന്നെ കവിളിന്‍റെ ഇടത് ഭാഗത്തെ ഒരു നുണക്കുഴിയും. ഇതിന്‍റെ സംയോജനം ആയിരുന്നു എന്‍റെ കുട്ടിക്കാല രൂപം.

മുടി വേണമെന്ന് ഞാന്‍ ആഗ്രഹിച്ചാല്‍ തന്നെയും 'മുടിയൊന്നും വേണ്ട, നീരിറങ്ങും, നല്ല കുട്ട്യോള്‍ ഒക്കെ മുടി വെട്ടും, ആ കുട്ട്യേ കണ്ടില്ലേ... ' ഇങ്ങനെ ഓരോന്ന് കേക്കണം. അതുകൊണ്ട് ആഗ്രഹം തോര്‍ത്തില്‍ പൊതിഞ്ഞു മുന്നിലേക്ക് ഇട്ട് മുടിയെന്ന് ഭാവിച്ചു നടക്കും. നിറയെ മുല്ല പൂക്കള്‍ വിരിയുന്ന കാലമാണത്. എല്ലാ വീട്ടിലും പൂവ് ഉണ്ടാവും. ഒരു കോപ്പയും എടുത്ത് അതിരാവിലെ പൂ ഇറുക്കാന്‍ ഇറങ്ങും. ചെടി മണവും നിറവും മതിഭ്രമിപ്പിച്ച് അങ്ങനെ പൂത്തുലഞ്ഞ് നില്‍ക്കുന്നുണ്ടാവും. അതെല്ലാം മാലയായി കോര്‍ത്ത് നീണ്ട മുടിയില്‍ വെക്കാന്‍ എന്ത് കൊതിയായിരുന്നു!

ആകെയുള്ള മുടിയില്‍ നാലഞ്ച് മടക്ക് ആയി സ്ലൈഡ് കുത്തി നടക്കാം എന്നല്ലാതെ എന്ത് ചെയ്യാന്‍. 

പാള വീട്ടിലെ കുടുംബം

നേരത്തെ പറഞ്ഞ പോലെ ഇടയ്ക്കിടെ വേദന വരാറുള്ള ആകെയുള്ള നാല് പുഴുപ്പല്ലുകള്‍ എന്‍റെ പ്രധാന ആയുധമായിരുന്നു. അത് പലപ്പോഴും മറ്റുള്ളവരുടെ കൈയില്‍ ആഴ്ന്നു ഇറങ്ങി. ചെളിപിടിച്ച നഖം വെട്ടി വൃത്തിയാക്കാന്‍ ആര്‍ക്ക് നേരം! അത് കൊണ്ട് മാന്തി ഉരിഞ്ഞുപോയ തൊലിയില്‍ രക്തം കല്ലിച്ചു നിന്നിരുന്നു. കൂട്ടത്തിലെ ഏറ്റവും ചെറുതെന്ന പദവി മുതലെടുക്കാന്‍ എനിക്കറിയാമായിരുന്നു. ചോറും കൂട്ടാനും വച്ച് കളിക്കുന്ന നേരത്ത് പൂഴിമണ്ണിന്‍റെ ചോറ് വെറുതെ ഉണ്ടാക്കി വെക്കുകയല്ല. കുറെയൊക്കെ അകത്തും പോകും. ചെമ്പരത്തിപ്പൂവും കോളാമ്പി പൂവും കൊണ്ട് ഉണ്ടാക്കിയ കൂട്ടാന്‍. കമ്മ്യൂണിസ്റ്റ് അപ്പ (പച്ച) ഇല കൊണ്ടുള്ള പപ്പടം ഈര്‍ക്കില്‍ കൊണ്ട് കാച്ചിയെടുക്കാന്‍ എന്തായിരുന്നു ഉത്സാഹം! കൈതച്ചക്ക ചെടിയുടെ ഇലയാണ് ഞങ്ങളുടെ മീന്‍. കാരണം അതിന് മുള്ളുണ്ട്. കട്ടിയുള്ള ഇലയായതിനാല്‍ സ്രാവ് ആയിട്ട് സങ്കല്‍പ്പിക്കാന്‍ കൂടുതല്‍ എളുപ്പം. ശീമക്കൊന്ന ഇലയാണ് കാശ്. ധാരാളികളാ ഞങ്ങള്‍ക്ക് അത് ഇടാന്‍ ഏതെങ്കിലും ജ്വല്ലറിയില്‍ നിന്ന് സൗജന്യം ആയി ലഭിച്ച പേഴ്‌സ് ഉണ്ടാകും.

ആദ്യമെല്ലാം സ്‌നേഹത്തോടെ നിര്‍മ്മിക്കപ്പെട്ട കുടുംബം കുറച്ച് നേരം കഴിഞ്ഞാല്‍ തകര്‍ന്ന് തരിപ്പണമാവും, ഒരാവേശത്തിന് കൊഞ്ഞനം കുത്തി തെറ്റി പോന്നാല്‍ പിന്നെ അവരുടെ കൂടെ കൂട്ടിയില്ലെങ്കിലോ എന്നുള്ള പേടി ഉണ്ടാകും. നീണ്ട് പരന്ന് കിടക്കുന്ന കവുങ്ങിന്‍ തോട്ടങ്ങളില്‍ വീഴുന്ന പാളകള്‍ കൊണ്ട് കളി വീട് ഉണ്ടാക്കി അതിന്‍റെയുള്ളില്‍ ഒരു കുടുംബം സൃഷ്ടിക്കും. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക്ക് മണമുള്ള ആ പച്ച ബൊമ്മക്കും നീലക്കണ്ണും സില്‍ക്ക് നാരിന്‍റെ മുടിയും തിളങ്ങുന്ന ഉടുപ്പുമുള്ള ബൊമ്മക്കും ഒരേ വാത്സല്യം ചൊരിയുന്ന അമ്മയായി മാറാന്‍ മാത്രമുള്ള നിഷ്‌കളങ്കത ആ കാലത്ത് കൈമുതലായി ഉണ്ടായിരുന്നു. 

'നൊണയത്തി' 

അല്ലെങ്കിലും കുട്ടിക്കാലം അങ്ങനെയാണ്. മുതിര്‍ന്നവരുടെ ലോകത്തോട് ഒരുതരം കടുത്ത കൗതുകമാണ്. അവരുടെ ചര്‍ച്ചകള്‍ ഒളിഞ്ഞ് നിന്ന് കേള്‍ക്കുകയും അതിനെ പറ്റി കൂലങ്കഷമായി ഇല്ലാത്ത പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ചര്‍ച്ച ചെയ്ത് മറ്റൊരു തലത്തില്‍ എത്തിക്കാനും കഴിയുന്ന ആ പ്രത്യേക തരം സര്‍ഗ്ഗാത്മഗതയുള്ള ഒരു കുട്ടിയായിരുന്നു ഞാന്‍. അതിനെ പലരും 'നൊണയത്തി' എന്ന് അപവാദ സ്വരത്തില്‍ വിളിച്ചു. അതുകൊണ്ട് മുഖത്തെ ആ നുണക്കുഴി വളരെ പെട്ടന്ന് എന്‍റെ മുഖമുദ്രയായി. അതില്‍ എനിക്ക് നല്ല അലോഹ്യം ഉണ്ടായിരുന്നു. പിന്നെ കുറച്ച് വടി കൊണ്ടുള്ള തലോടല്‍ ഒക്കെ കിട്ടിയപ്പോള്‍ ആ കരയിലെ ഏറ്റവും വലിയ സത്യസന്ധയായി ഞാന്‍ മാറി. 

അമ്മയുടെ വീടിന്‍റെ പിന്നില്‍ വലിയ പറമ്പ് ആയിരുന്നു. പാമ്പും കാവും പനകളും പ്രേതകഥകളും പുല്ലാനിക്കാടും. അപ്പോള്‍ നിലവില്‍ ഡ്യൂട്ടിയില്‍ ഇല്ലാത്ത പ്രേതങ്ങളെ മനോമുകുരത്തില്‍ സൃഷ്ടിച്ച് ഞങ്ങള്‍ കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും കഥകള്‍ പറഞ്ഞ് സ്വയം ഭയം ജനിപ്പിച്ച് ആര്‍ത്തു വിളിച്ച് പേടിച്ച് ഉറങ്ങുക ശരിക്കും ഒരു ലഹരിയായിരുന്നു. ഒരുവശത്തെ തൊടിയില്‍ ഞങ്ങള്‍ക്ക് പ്രവേശനം നിഷിദ്ധമാണെങ്കില്‍, മറ്റേ തൊടി ഞങ്ങളുടെ ആവാസ വ്യവസ്ഥയായിരുന്നു. വെളിച്ചം വീഴാന്‍ അനുവദിക്കാത്ത തരത്തില്‍ ഇടതൂര്‍ന്ന് വളരുന്ന മരങ്ങള്‍. പലതരം മൂച്ചികളില്‍ നിന്ന് വീഴുന്ന മാങ്ങകള്‍. ഓരോ കാറ്റിലും വേനല്‍മഴയിലും നിലം പതിക്കുന്ന മാങ്ങകളില്‍ മിക്കതിലും പുഴുക്കള്‍ ആദ്യമേ അട്ടിപ്പേറവകാശം സ്ഥാപിച്ചിരിക്കും. എങ്കിലും അവര്‍ അധിനിവേശം നടത്താത്ത കുറച്ച് ഭാഗം ഞങ്ങള്‍ വായിലാക്കും. 

'മാങ്ങാണ്ടിക്ക് കൂട്ട് പോകാന്‍' വിളി വരുമെന്ന് അറിയുമെന്നതിനാല്‍ ആര് വിളിച്ചാലും തിരിഞ്ഞ് നോക്കരുതെന്ന് മാമ്പഴ ശാസ്ത്രം. എങ്കിലും പറ്റിക്കപ്പെടാന്‍ മാത്രം പോന്ന വിശാലമായ മനസ്സ് എനിക്കുള്ളതിനാല്‍ പലതവണ വഞ്ചിക്കപ്പെട്ടു. ഈ തൊടിക്ക് പിന്നില്‍ വിശാലമായ പറങ്കി മൂച്ചി തോട്ടം. ഞങ്ങള്‍ കുട്ടികള്‍ക്ക് അവിടെ താത്കാലിക തസ്തികയുണ്ട് ഈ കാലത്ത്. കളക്ഷന്‍ ഡ്യൂട്ടി ഞങ്ങള്‍ക്കാണ് (ഞാന്‍ വെറും സബ് കളക്ടര്‍, ഇതിലും പ്രാവീണ്യം കുറവായിരുന്നു). പറങ്കിയണ്ടി പെറുക്കി ഒരു കിറ്റ് കൊടുത്താല്‍ തോട്ടം നോക്കുന്ന ആള്‍ അഞ്ച് രൂപ തരും. ഒരു കിറ്റ് നിറക്കാന്‍ കുറേ പാട് പെടണം. അല്ലെങ്കിലും ചില അധ്വാനത്തിന് അന്നും ഇന്നും വലിയ വില ഇല്ലല്ലോ. അന്ന് അഞ്ച് രൂപ ധാരാളം. മിഠായി വാങ്ങലാണ് ആകെയുള്ള ക്രയം. 

മുള്ളെടുക്കല്‍ 'ശസ്ത്രക്രിയ'

തൊടിയിലൂടെ നടക്കുമ്പോള്‍ ഇടയ്‌ക്കൊരു മുള്ള് കേറും. ഇടയ്ക്കല്ല ഇടയ്ക്കിടയ്ക്ക്. ചെരിപ്പ് ഇടാന്‍ എന്‍റെ കാലിന് ഇഷ്ടല്ല. മുള്ളിനാണെങ്കില്‍ എന്‍റെ കാല്‍ കണ്ടാല്‍ കൂടെ പോരുകയും വേണം. ചിലപ്പോള്‍ ആരോടും പറയാതെ ഒളിപ്പിച്ച മുറിവ് പഴുത്ത് വഷളാവും. നിലത്ത് കുത്താനാവില്ല. പിന്നെ ശസ്ത്രക്രിയയുടെ സമയമാണ്. മണ്ണെണ്ണ, പിന്ന്, നല്ല നഖമുള്ള ഒരാള്‍, മുള്ളെടുക്കല്‍ സ്‌പെഷ്യലിസ്റ്റ് എന്നിവര്‍ ചേര്‍ന്ന് ആക്രമണം തുടങ്ങും. എന്നെ പിടിച്ച് വെക്കാന്‍ ഒന്ന് രണ്ട് പേരുണ്ടാകും. ചെളി പിടിച്ച കാലിലെ മുള്ള് കുത്തിയ കറുത്ത പാട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ പലഭാഗത്ത് അമര്‍ത്തും. എവിടെ തൊടുമ്പോള്‍ ഞാന്‍ നിലവിളിക്കുന്നോ അവിടെ മണ്ണെണ്ണ തേച്ച് പിന്ന് കൊണ്ട് കുത്തല്‍, ഇളക്കല്‍, ചിനക്കല്‍, കീറല്‍, ഒപ്പം എന്‍റെ കാറല്‍. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ മുള്ള് പറിച്ചെടുക്കും. 

അവരുടെ ആത്മഹര്‍ഷം കാണേണ്ടത് തന്നെ. ആ മുള്ള് എല്ലാവര്‍ക്കും കാണിച്ച് കൊടുത്ത് അതിനെപ്പറ്റി വര്‍ണിച്ചാലേ അവര്‍ക്ക് സമാധാനമൊള്ളൂ. സ്വന്തം കാലിലെ മുള്ള് എടുത്ത് എടുത്ത് ഈ കാര്യത്തില്‍ എനിക്ക് പിന്നീട് വൈദഗ്ദ്ധ്യം കൈവന്നു. ഇതൊക്കെ അച്ഛന്‍ അറിഞ്ഞാല്‍ എന്താവും എന്നതാണ് എന്‍റെ സമാധാനക്കേട്. മാങ്ങാചുന തട്ടി പൊള്ളിയ ചുണ്ടും, വിയര്‍ത്ത് ഒലിച്ച് പറങ്കിമാങ്ങയുടെ കറയുള്ള കുപ്പായവും, ചെരിപ്പിടാതെയുള്ള നടത്തവും, സ്വയം തൊഴിലും. ഇതൊക്കെ അച്ഛന്‍ കാണേണ്ട താമസം, ചീത്ത കേള്‍ക്കും, വീട്ടിലേക്ക് കൊണ്ടുപോകും. 

ഞാന്‍ എന്‍റെ ജൈവികമായ ചോദനകള്‍ പരിഹരിച്ച് പോരുന്നതില്‍ അതീവ സന്തോഷവതിയാണെന്ന് അക്കാലത്തെ വില്ലനായ അച്ഛനോട് പറഞ്ഞിട്ട് കാര്യം ഇല്ല. ഒരു ദയയും പ്രതീക്ഷിക്കണ്ട. ഇങ്ങനെ വേനലവധിക്കാലം ഓരോ ദിവസം വച്ച് പെട്ടെന്ന് കഴിഞ്ഞു പോകും. വിഷു വരും. അന്ന് 10 രൂപ തന്നെ വലിയ സംഖ്യയാണ് കുട്ടികളെ സംബന്ധിച്ച് (ഒരു 2005 സമയം). കുട്ടികള്‍ നാണയ തുട്ട് പ്രതീക്ഷിച്ചാല്‍ മതി. കുട്ടികള്‍ക്ക് പൈസയുടെ ആവശ്യമില്ല. ശരിയാണ്. ആവശ്യങ്ങള്‍ മുതിര്‍ന്നവര്‍ സാധിപ്പിച്ചു തരും. 50 രൂപ നോട്ട് ഒക്കെ കിട്ടിയവര്‍ ഞങ്ങളെ സംബന്ധിച്ച് ഏറ്റവും ഭാഗ്യമുള്ളവരായിരുന്നു. 238, 192 ഇങ്ങനെ ഒക്കെ ആയിരുന്നു എണ്ണി പെറുക്കി എടുത്തുവച്ച കൈനീട്ടങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം. 

കൊന്നപ്പൂവ് കൊഴിഞ്ഞും വേനല്‍ മഴ പിഴിഞ്ഞും ഇങ്ങനെ ദിവസങ്ങള്‍ കഴിയുമ്പോള്‍ സ്‌കൂളിലെ റിസള്‍ട്ട് വരും.

മീനിന്‍റെ സ്മാരകശിലകള്‍

'ഇനി വിരുന്നൊക്കെ മതി ഇവിടേക്ക് വായോ എന്തെങ്കിലും നാലക്ഷരം പഠിക്ക്' എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് വിളി വരും. തോട്ടിലും ചാലിലും സുഖമായി കഴിയുന്ന മീനുകളെ കൊണ്ടുവന്ന് കിണറ്റില്‍ ഇട്ട് കുറച്ച് കൂടി നല്ല ജീവിതം നല്‍കാന്‍ ആഗ്രഹിച്ച ഞങ്ങള്‍ക്ക് മുന്നില്‍ അവകള്‍ വീരചരമം പ്രാപിച്ചു. ഒരു മീനിനെ പെട്ടിയിലാക്കി തെങ്ങിന് ചുവട്ടില്‍ കുഴിച്ചിട്ട് കണ്ണില്‍ക്കണ്ട കാട്ടുപൂവ് ഒക്കെ കൊണ്ട് വന്നു ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് ഒരു മെയ് പത്തിനാണ്. എക്കാലവും ഓര്‍മ പുതുക്കാന്‍ വരുമെന്ന വാക്ക് ഞങ്ങള്‍ ആ വലിയ പരല്‍ മീനിന് നല്‍കിയിരുന്നു. പിന്നെ ഏത് തെങ്ങിന്‍റെ ചുവട്ടിലാണ് കുഴിച്ചിട്ടത് എന്ന് മറന്നു. എങ്കിലും ഓര്‍മയില്‍ നീന്തി തുടിക്കുന്ന ആ മീന്‍ ഇഹലോക വാസം വെടിഞ്ഞിട്ട് കാലങ്ങള്‍ കുറേ ആയെന്ന് ഓര്‍ക്കുമ്പോള്‍ പ്രായം ഒരുപാട് ആയെന്ന ഓര്‍മ്മയുടെ മുള്ള് മനസ്സില്‍ കുത്തും. പരലും, മൊയ്യും, കണ്ണന്‍മീനും പലപ്പോഴും എന്‍െ കൈകള്‍ക്കുള്ളില്‍ പെട്ടെങ്കിലും ആയുസ്സിന്‍റെ പുസ്തകത്തില്‍ ആ കവുങ്ങിന്‍ തോട്ടത്തിലെ ചാലിലെ തണുത്ത വെള്ളത്തില്‍ ഇനിയും ഏറെക്കാലം ജീവിക്കാന്‍ അനുവാദം ഉണ്ടായിരുന്നു അവര്‍ക്ക്. 

പ്രത്യേകിച്ച് ഒരു കാര്യത്തിലും സാമര്‍ഥ്യം ഇല്ലാത്തതിനാല്‍ ഒരു അസിസ്റ്റന്‍റായി  ഞാന്‍ പ്രവര്‍ത്തിച്ചു പോന്നു. മീനിനെ പിടിക്കാനുള്ള ചൂണ്ട, ഞാഞ്ഞൂലുകളെ നിക്ഷേപിച്ച ഡപ്പ, പഴയ തോര്‍ത്തുമുണ്ട്, മീനുകളെ സൂക്ഷിക്കാനുള്ള വലിയ പാത്രം ഇതൊക്കെ പിടിച്ചു നടക്കല്‍ വലിയ ഗമയായിരുന്നു. ഈ പണി ഒക്കെ കഴിഞ്ഞ് നട്ടുച്ചക്ക് കൂടെ ഉള്ള കുട്ടികള്‍ ആരുടെയെങ്കിലും വീട്ടില്‍ പോയി ഭക്ഷണം കഴിക്കും. ഇന്ന ആളുടെ വീട് എന്നൊന്നും അന്ന് ഇല്ല. അഭിമാന പ്രശ്‌നങ്ങള്‍ പിന്നെ ആണ് തുടങ്ങുന്നത്. 

ആരുടെയോ കല്യാണം! 

അന്ന് വായ അടക്കാതെ സംസാരിച്ചിരുന്നവരോട് മിണ്ടാന്‍ എന്തോ മടിയാണ് ഇപ്പോള്‍. വൈബ് ചേരാത്ത പ്രശ്‌നമായത് കൊണ്ട് സ്വയം ഒരു കൂട് സൃഷ്ടിച്ചു അതിനുള്ളില്‍ തപസ്സ് ഇരിക്കാം,  പ്രശ്‌ന പരിഹാരം വരെ തല്ക്കാലം. അതുപോലെ തന്നെ അമ്മമ്മയെ വിളിച്ച കല്യാണത്തിന് സ്ഥിരം ക്ഷണയിതാവ് എന്ന നിലയില്‍ ഞാന്‍ എന്‍റെ സജീവ സാന്നിധ്യം അറിയിച്ചിരുന്നു. ആരുടെ കല്യാണമായാലും വേണ്ടില്ല. കുറേ മുല്ലപ്പൂവും വച്ച് നല്ല ഉടുപ്പ് ഇട്ട് ഗമയില്‍ മുമ്പില്‍ നടന്നോളും. ഇപ്പോള്‍ അടുപ്പമുള്ളവര്‍ പോലും എത്ര വിളിച്ചാലും ഒഴികഴിവ് പറഞ്ഞ് ഒഴിയാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുത്തു. 

വേനല്‍ കാലം കഴിയാറാകുന്നു 

മുറ്റത്തെ പ്ലാവില പെറുക്കി കിരീടവും മാലയും ഉണ്ടാക്കിത്തരുന്ന കളിക്കൂട്ടുകാരന്‍റെ കൂടെ 'ഓരോ വീട്ടിലും ഒരു മരം' പദ്ധതിയുണ്ടാക്കി ഓരോ കറിവേപ്പിന്‍ തൈ കൊടുത്തത് ഇന്ന് വലിയ മരമായി നില്‍ക്കാന്‍ സാധ്യത ഇല്ല. കൂട്ടാന്‍ ഉണ്ടാക്കുമ്പോള്‍ അമ്മമാര്‍ രണ്ട് കര്യോപ്പിന്‍റെ ഇല പറിച്ച് പറിച്ച് അത് ബാല്യത്തിലെ നശിച്ചിട്ടുണ്ടാകും. 

നിറവേറാത്ത പ്രാര്‍ത്ഥനകള്‍

മറ്റുള്ളവര്‍ക്ക് പാല്‍പ്പല്ലു കൊഴിയുമ്പോള്‍ എന്‍റെ ഇടക്കിടക്ക് വേദന വരാറുള്ള കേടായ പല്ലുകള്‍ ഇടയ്ക്ക് ആട്ടി ആട്ടി നൂല്‍ വച്ച് വലിച്ചു എടുക്കും ആരെങ്കിലും. പെരയ്ക്ക് മീതെ എറിയും. ഇനി വരുന്നത് സ്ഥിരം പല്ലാണ്.  

കാലവര്‍ഷം അടുത്ത ആഴ്ചയോട് കൂടി എത്തും. മൂകമായ മഴമേഘങ്ങള്‍ നിഴലിക്കുന്ന ഒരു പകലില്‍ വിങ്ങി പൊട്ടുന്ന മനസ്സുമായി പടിയിറക്കം. ഇടവപ്പാതി സ്‌കൂള്‍ ഗേറ്റും തുറന്ന് കാത്തിരിക്കയാണ്. രണ്ട് മാസം സ്‌കൂളും 10 മാസം അവധിക്കാലവും ആയിരുന്നെങ്കില്‍, സ്‌കൂള്‍ ഇടിഞ്ഞ് പൊളിഞ്ഞ് പോയാല്‍ മതിയായിരുന്നു... ഇങ്ങനെ എത്ര നിറവേറാത്ത പ്രാര്‍ത്ഥനകള്‍! 

പടി ഇറങ്ങി തിരിഞ്ഞ് നോക്കുമ്പോള്‍ അമ്മമ്മയുടെ കണ്ണിലും ഒരു നനവ്...

click me!