വാടാനപ്പള്ളി ഉപ്പുപടന്നയിലെ 80 കുടുംബങ്ങള്‍ സര്‍വ്വീസ് റോഡിനായി കാത്തിരിക്കുന്നു. ആര് ഫണ്ട് നല്‍കുമെന്ന രാഷ്ട്രീയ തര്‍ക്കമാണ് ഇതിന് കാരണം.
തൃശൂര്‍: സര്‍വ്വീസ് റോഡിന് ആരിൽ നിന്ന് പണം സ്വീകരിക്കണമെന്ന രാഷ്ട്രീയ തര്‍ക്കത്തിന്‍റെ ഇരകളായി വാടാനപ്പള്ളി ഉപ്പുപടന്നയിലെ 80 കുടുംബങ്ങള്‍. ദേശീയ പാതയോട് ചേര്‍ന്ന് സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചാലേ ഇവര്‍ക്ക് പുറത്തു കടക്കാനാവൂ. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫണ്ട് നല്‍കാമെന്ന് പറഞ്ഞിട്ടും പഞ്ചായത്ത് തടസം നില്‍ക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ദേശീയ പാത നിര്‍മ്മാണം തീര്‍ന്നശേഷം എംഎല്‍എ ഫണ്ടുപയോഗിച്ച് സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചു നല്‍കുമെന്നാണ് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് വാദിക്കുന്നത്.
നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാത 66ലെ വാടാനപ്പിള്ളി ഉപ്പുപടന്നയില്‍ ഈ പ്രദേശത്ത് 80ലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. പുറത്തേക്ക് ഇറങ്ങാനുള്ള ഇവരുടെ ആകെയുള്ള റോഡാണ് ഇത്. ദേശീയപാത പൂര്‍ത്തിയാവുന്നതോടെ ഈ റോഡ് അടയും, സര്‍വ്വീസ് റോഡ് ഇല്ലതാനും. 150 മീറ്റര്‍ നീളത്തില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലമുണ്ടെങ്കിലും ആര് നിര്‍മ്മിക്കുമെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് നടക്കുന്നത്. സുരേഷ് ഗോപി എംപി പണമനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തതായി ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് അറിയിക്കുന്നില്ല.
ദേശീയ പാത നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടന്‍ മുരളി പെരുനെല്ലി എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് സര്‍വീസ് റോഡ് നിര്‍മ്മിക്കുമെന്നാണ് പഞ്ചായത്ത് പറയുന്നത്. അതല്ലെങ്കില്‍ പഞ്ചായത്ത് തന്നെ സര്‍വ്വീസ് റോഡ് പണിയും അധികൃതര്‍ പറയുന്നു. പണിയും തീര്‍ത്ത് പാത കെട്ടിയടച്ച് ദേശീയ പാത അധികൃതര്‍ പോയിട്ട് സര്‍വ്വീസ് റോഡ് തരാമെന്നു പറയുന്നത് ന്യായമല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിര്‍മ്മാണ കമ്പനിയുടെ ഗോഡൗണിന് മുന്നിലെ സമരം ശക്തമാക്കാനാണ് തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം