അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ: തൃശൂരിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പെരുമ്പിലാവ് അംബേദ്‌കർ നഗർ കോട്ടപ്പുറത്ത് വിജു മകൻ ഗൗതം (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെ പെരുമ്പിലാവിലെ കോഴിക്കോട് റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. വിദ്യാർത്ഥികൾ പെട്രോൾ അടിക്കാനായി ബൈക്ക് പമ്പിലേക്ക് തിരിക്കുന്നതിനിടെ, പുറകിൽ വന്ന ലോറിയുടെ പുറകുവശം ബൈക്കിൽ തട്ടിയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഇരുവരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. രണ്ടുപേരെയും നാട്ടുകാർ ഉടൻ തന്നെ തൊട്ടടുത്ത അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് കണ്ണേത്ത് മനുവിനെ (17) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗതമിന്‍റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് സംസ്ക്കരിക്കും. കോക്കൂർ സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ഗൗതം. മാതാവ്: രജില. സഹോദരങ്ങൾ: വൈഗ, ഭഗത്. ഇടിച്ച ശേഷം നിർത്താതെ പോയ ലോറി കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എറണാകുളം നേര്യമംഗലം മണിയാമ്പാറയിൽ കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. കെ എസ് ആര്‍ ടി സി ബസിനടിയിൽ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനിന്‍റാ ബെന്നി (14) ആണ് മരിച്ചത്. അപകടത്തിൽ 15 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമടക്കം പരിക്കേറ്റു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. റോഡിന്‍റെ സമീപത്തുനിന്നും 10 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പുറത്തേക്ക് തെറിച്ചുവീണ കുട്ടി ബസിന്‍റെ അടിയിൽ കുടുങ്ങിപോവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം