ട്രാൻസ്‌ജെൻഡർ വ്യക്തികളുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങൾ, ട്രാൻസ് ഐഡി കാർഡ് സംബന്ധിച്ച വിശദീകരണങ്ങൾ, സംശയനിവാരണത്തിനുള്ള അവസരം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
തൃശൂർ: സാത്തിയും (സോളിഡാരിറ്റി ആൻഡ് ആക്ഷൻ എഗെയ്ൻസ്റ്റ് ദ എച്ച്ഐവി ഇൻഫെക്ഷൻ ഇൻ ഇന്ത്യ) സഹയാത്രികയും തൃശൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും (DLSA) സംയുക്തമായി നടപ്പിലാക്കിയ ട്രാൻസ്‌ജെൻഡർ ഐഡി കാർഡിനായി അപേക്ഷിക്കുന്നവർക്കുള്ള സൗജന്യ നോട്ടറി അഫിഡവിറ്റ് അറ്റസ്റ്റേഷനും അപേക്ഷാ സഹായവും തൃശൂർ ജില്ലാ കോടതിയിലെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ട്രാൻസ്‌ജെൻഡർ ഐഡി കാർഡിന് അപേക്ഷിക്കാൻ ഒരുങ്ങുന്ന 16 ട്രാൻസ്‌ജെൻഡർ വ്യക്തികൾ പദ്ധതിയിൽ പങ്കെടുത്ത് ഗുണഭോക്താക്കളായി.
പരിപാടി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജുമായ സരിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ തൊഴിൽ, നിയമ അവകാശങ്ങൾ, വിവിധ സർക്കാർ പദ്ധതികളിളെ കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വസ്തുതാപരമായ വിവരങ്ങൾ ഉത്ഘാടക പ്രസംഗത്തിൽ ഉൾപ്പെടുത്തി.
ലാഡ്സ് (Legal Aid Defense Counsel System) ചീഫ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ സുജിത് ടി. എസ്. മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബിജു ബാലൻ എം. ബി. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നിർവഹിച്ചു.
സഹയാത്രിക അഡ്മിൻ അക്കൗണ്ടന്റായ സ്വാതിക സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ സഹയാത്രിക പ്രോഗ്രാം കോർഡിനേറ്റർ പൊന്നു ഇമ ആശംസകൾ അറിയിച്ചു. DLSA പ്രതിനിധി പ്രജിത് പ്രതാപൻ നന്ദിപറഞ്ഞു.
ട്രാൻസ്‌ജെൻഡർ വ്യക്തികളുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങൾ, ട്രാൻസ് ഐഡി കാർഡ് സംബന്ധിച്ച വിശദീകരണങ്ങൾ, സംശയനിവാരണത്തിനുള്ള അവസരം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. വരും മാസങ്ങളിലും സൗജന്യ ട്രാൻസ്‌ജെൻഡർ ഐഡി കാർഡിനായി സൗജന്യ നോട്ടറി അഫിഡവിറ്റ് അറ്റസ്റ്റേഷൻ ഇവന്റുകൾ നടത്തുമെന്ന് സഹയാത്രിക, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ലിംഗ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട വ്യക്തികൾക്ക് സർക്കാർ പദ്ധതികളും സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കും സഹായങ്ങൾക്കുമായി സഹയാത്രിക ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപെടാവുന്നതാണ്. ഹെല്പ് ലൈൻ നമ്പർ: +91 97449 55866