ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ പൊലീസ് വീട് വളഞ്ഞ് പിടികൂടി. മൂവാറ്റുപുഴ സ്വദേശി അനിൽ കുമാറാണ് പിടിയിലായത്. കൊല്ലം ഏരൂരിൽ നിന്നാണ് അനിൽ കുമാറിനെ സാഹസികമായി പിടികൂടിയത്. ടെറസിന് മുകളിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ യുവതിയിൽ നിന്നാണ് അനിൽ കുമാർ ലക്ഷങ്ങള്‍ തട്ടിയത്. 10 ലക്ഷം രൂപയാണ് വാങ്ങിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പലയിടങ്ങളിൽ മാറി മാറി
താമസിക്കുകയായിരുന്നു.
ഏരൂരിലെ ബന്ധു വീട്ടിൽ പ്രതിയുണ്ടെന്ന് മനസിലാക്കി പൊലീസെത്തിയെങ്കിലും കതക് തുറന്നില്ല. തുടർന്ന് ഏരൂർ പൊലീസും പേരൂർക്കട പൊലീസും ചേർന്ന് വീട് വളഞ്ഞു. ടെറസിന് മുകളിൽ ഒളിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ നേരത്തെ ശ്രമത്തിലൂടെയാണ് പിടികൂടിയത്.
കൂടുതൽ പേരെ അനിൽ കുമാർ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം