പാങ്ങോട് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയതിൽ നിന്നും സിസിടിവി നശിപ്പിക്കാനായി എത്തിയ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
തിരുവനന്തപുരം: കല്ലറയിൽ അഞ്ച് കടകൾ കുത്തിത്തുറന്നു മോഷണ നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മടവൂർ മുട്ടയം തുമ്പോട് സ്വദേശി സനോജ്(49) അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ കല്ലറ എആർഎസ് ജങ്ഷനുസമീപമുള്ള ശ്രീലക്ഷ്മി പൂക്കട, സമീപത്തുതന്നെയുള്ള ശരവണ പടക്കക്കട, ഫാമിലി പ്ലാസ്റ്റിക്, ജൻ ഔഷധി മെഡിക്കൽ സ്റ്റോർ, തോട്ടത്തിൽ ഫൈനാൻസിയേഴ്‌സ് എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്.
പടക്കക്കടയിൽ നിന്ന് നാലായിരം രൂപയും മെഡിക്കൽ സ്റ്റോറിൽനിന്ന് ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. പൂക്കടയിൽനിന്നും പണം നഷ്ടമായിട്ടുണ്ട്. ഫാമിലി പ്ലാസ്റ്റിക്കിൽ സാധനങ്ങൾ അടുക്കിവെച്ചിരുന്നതിനാൽ ക്യാഷ് കൗണ്ടറിനടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. ഇവിയുണ്ടായിരുന്ന സിസിടിവി ക്യാമറ ഇളക്കി മാറ്റിയശേഷമാണ് അകത്ത് കടന്നത്. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയതിൽ നിന്നും സിസിടിവി നശിപ്പിക്കാനായി എത്തിയ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഇത് പരിശോധിച്ചപ്പോഴാണ് മോഷണക്കേസുകളിൽ പ്രതിയായ സനോജ് ആണെന്ന് വ്യക്തമായത്. മോഷണത്തിന് ശേഷം വീട്ടിൽ പോയി കിടന്നുറങ്ങുന്ന ശൈലിയാണ് ഇയാളുടേതെന്നതിനാൽ പൊലീസ് വീട്ടിലെത്തിയപ്പോൾ ആളും വീട്ടിലുണ്ടായിരുന്നു. വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പാങ്ങോട് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്റ്റർ വിജിത് കെ.നായരുടെ നേതൃത്വത്തിലാണ് പ്രതിയെ കുടുക്കിയത്. ഇയാൾക്കെതിരെ പാങ്ങോട് സ്റ്റേഷനിൽ മാത്രം 17 കേസുകളുണ്ടെന്നും മറ്റ് സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകളുള്ളയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. ശിക്ഷാ കാലാവധി പൂർത്തിയായാൽ വീണ്ടും മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് അറിയിച്ചു.
പെണ്‍സുഹൃത്തിന്‍റെ വീടിനുനേരെ യുവാവിന്‍റെ ആക്രമണം; വീടിനും വാഹനത്തിനും തീയിട്ടു; പ്രതി അറസ്റ്റിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...