
തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടപ്പുരയിലെ വ്യാപാര സ്ഥാപനങ്ങളുടെ കയ്യേറ്റം ഒഴിപ്പിച്ച് തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. രാവിലെ ആറിന് കിഴക്കേ നടപ്പുരയിൽ നിന്നാണ് ഒഴിപ്പിക്കൽ തുടങ്ങിയത്. നാലു നടകളിലേയും നടപ്പുരകളിൽ ദേവസ്വം സ്ഥലത്തേക്ക് തള്ളി നിൽക്കുന്നവയെല്ലാം നീക്കം ചെയ്യും. ഭക്തർക്ക് തടസം ഉണ്ടാകുന്ന രീതിയിൽ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവട സാധനങ്ങൾ നിരത്തിയിരിക്കുന്നുവെന്ന ഗുരുവായൂർ സ്വദേശി മുരളീധരന്റെ പരാതിയിലാണ് ഇവ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ സർവ്വേ പൂർത്തിയാക്കിയാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. കയ്യേറ്റം നീക്കം ചെയ്യണമെന്ന് ദേവസ്വം വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാപാരികൾ പൊളിച്ചു നീക്കാത്തവ ദേവസ്വം നീക്കം ചെയ്ത് ലേലം ചെയ്യും. ദേവസ്വത്തിനൊപ്പം നഗരസഭയും പൊലീസും സഹകരിക്കണമെന്നും ഹൈക്കോടതി വിശദമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വത്തിലെ ആരോഗ്യ വിഭാഗം, റവന്യൂ, സെക്യൂരിറ്റി തുടങ്ങിയ വകുപ്പുകൾ ഏകോപിപ്പിച്ചാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, തഹസിൽദാർ ടി.കെ. ഷാജി, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ. അശോക് കുമാർ, ചീഫ് സെക്യൂരിറ്റി ഓഫീസർ എസ്. സുബ്രമണി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഒഴിപ്പിക്കൽ നടപടികൾ ഇന്ന് പൂർത്തീകരിക്കാൻ ആയില്ലെങ്കിൽ നാളെയും തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam