തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിൽ പുതിയ ETO മെഷീൻ സ്ഥാപിച്ചു. ഇത് ആൻജിയോപ്ലാസ്റ്റി പോലുള്ള ഹൃദ്രോഗ ചികിത്സകൾക്ക് കൂടുതൽ സഹായകമാകും.
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കാർഡിയോളജി വകുപ്പിൽ ETO (എത്തിലിൻ ഓക്സൈഡ് സ്റ്റെറിലൈസേഷൻ മെഷീൻ ) സ്ഥാപിച്ചു. ബഹുമാനപ്പെട്ട ജില്ലാ കളക്ടർ അനു കുമാരി ഐ എ എസ് മെഷീൻ ജനങ്ങൾക്കായി തുറന്നുകൊടുത്തു. മെഡിക്കൽ ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യുന്നതിനുള്ള ഈ ഉപകരണം കാത് ലാബിലെ ഉപയോഗത്തിന് മാത്രമായി ലഭിക്കുന്നത് ശസ്ത്രക്രിയകൾക്ക് ഏറെ ഗുണകരമാകും.
ആൻജിയോ പ്ലാസ്റ്റി, ആൻജിയോഗ്രാം, മറ്റു ഹൃദ്‌രോഗ ചികിൽസകൾ എന്നിവ മുടക്കം കൂടാത നടത്തുന്നതിന് മെഷീൻ സഹായകരമാകും. ഇതുവഴിയായി മെഡിക്കൽ കോളജ് ഹൃദ്‌രോഗ വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഗുണമേന്മയർന്നതും വേഗത്തിലുള്ളതുമായ സേവനം ലഭ്യമാകുമെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ ലിനെറ്റ് മോറിസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കാർഡിയോളജി വിഭാഗം തലവൻ ഡോ. കെ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. എച്ച്ഡിഎസ് സൂപ്രണ്ട് ശ്രീ. കൃഷ്ണ ഭദ്രൻ, ഡോ. സിബു മാത്യു, ഡോ. പ്രവീൺ വേലപ്പൻ, കേരള ഹാർട്ട് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. ബിനോയ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. മാത്യു ഐപ്പ് നന്ദി അറിയിച്ചു.