നിലമ്പൂരിന് ഡബിൾ ഹാപ്പി,  ജില്ലാ ആശുപത്രിക്ക് ഒന്നല്ല, രണ്ട് ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍

Published : Apr 16, 2025, 07:33 PM IST
നിലമ്പൂരിന് ഡബിൾ ഹാപ്പി,  ജില്ലാ ആശുപത്രിക്ക് ഒന്നല്ല, രണ്ട് ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍

Synopsis

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 21 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 3 നെഗറ്റീവ് പ്രഷര്‍ ഐസൊലേഷന്‍ ഐസിയുകള്‍ സജ്ജമാക്കി.

മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ എന്നിവ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മികച്ച ആശുപത്രി സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിന് 92 ശതമാനം സ്‌കോറോടെയാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം നേടിയത്. മാതൃ-ശിശു പരിചരണത്തിന് മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ 95.74 ശതമാനം സ്‌കോറും ലേബര്‍ റൂം 90.25 ശതമാനം സ്‌കോറും നേടിയാണ് ലക്ഷ്യ അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ ആകെ 227 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും 14 ആശുപത്രികള്‍ക്ക് ലക്ഷ്യ അംഗീകാരവും ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 21 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 3 നെഗറ്റീവ് പ്രഷര്‍ ഐസൊലേഷന്‍ ഐസിയുകള്‍ സജ്ജമാക്കി. ആധുനിക സജ്ജീകരണങ്ങളോട് കൂടി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വയോജന വാര്‍ഡുകള്‍ സജ്ജമാക്കി. സര്‍ക്കാരിന്റ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായ നിര്‍ണയ ഹബ് ആന്റ് സ്‌പോക്ക് ലാബ് നെറ്റ് വര്‍ക്കിംഗിലെ ഹബ് ലാബായി തെരഞ്ഞെടുത്ത മലപ്പുറം ജില്ലയിലെ ആദ്യത്തെ ലാബോട്ടറിയാണ് നിലമ്പൂര്‍ ജില്ലാശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ലാബ്.

രക്തഘടകങ്ങള്‍ വേര്‍തിരിക്കാനുള്ള സൗകര്യത്തോടെയുള്ള രക്ത ബാങ്ക്, മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവ സജ്ജമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.

അത്യാഹിത വിഭാഗം, ജനറല്‍, സ്‌പെഷ്യാലിറ്റി വിഭാഗം എന്നിവയിലെല്ലാം മികച്ച സേവനങ്ങളാണ് നല്‍കിവരുന്നത്. ദിവസവും രണ്ടായിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 300 ഓളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ചികിത്സിക്കുന്നതിനായി ഐസിയു സംവിധാനം സജ്ജമാണ്. ആദിവാസി മേഖലയിലെ ഈ ആശുപത്രിക്ക് കാത്ത് ലാബിനായി ബജറ്റില്‍ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും 4 ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതി കൂടിയാണ് ഈ ദേശീയ അംഗീകാരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാറിന്റെ മിറർ തട്ടി, റോഡ് മുറിച്ച് കടക്കാൻ നിന്ന യുവാവ് വീണു, കാർ ഡ്രൈവറെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പൊലീസുകാരൻ വീട്ടിലെത്തിയില്ല, മുഹമ്മയിൽ തെരച്ചിലിൽ സ്റ്റേഷന്റെ ടെറസിൽ മൃതദേഹം