കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ദില്ലി: കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് ഏതെങ്കിലും മതത്തിന് എതിരല്ല. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സിനിമയെ ചരിത്രമായി കാണരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എമ്പുരാൻ സിനിമ വിവാദത്തിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. സിനിമയിൽ വളച്ചൊടിക്കലുണ്ടെങ്കിൽ ജനം അത് തള്ളിക്കളയും. പ്രൊഡ്യൂസർ തന്നെ തിരുത്ത് വരുത്തുമെന്ന് പറഞ്ഞു. തങ്ങളത് ആവശ്യപ്പെട്ടതല്ല എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ''ഞാന്‍ ലൂസിഫര്‍ കണ്ട് അത് ആസ്വദിച്ച ഒരു സാധാരണക്കാരനാണ്. ഞാന്‍ വിചാരിച്ചു അത് ലൂസിഫറിന് ഒരു സീക്വല്‍ ആണെന്ന്. എനിക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു. മോഹന്‍ലാലിനെ നന്നായി എനിക്കറിയാം. ഇന്ന് പ്രൊഡ്യൂസര്‍ തന്നെ അത് കട്ട് ചെയ്ത് റീസെന്‍സര്‍ ചെയ്യുന്നു എന്ന് അവര്‍ പറയുന്നു. അതുകൊണ്ട് എനിക്ക് മനസിലാകുന്നത് അതില്‍ കുറച്ച് ഒബ്ജക്ഷണബിള്‍ ഇഷ്യൂസ് ഉണ്ട്, അതുകൊണ്ടാണല്ലോ അവര്‍ ചെയ്യുന്നത്? ഞാനല്ലല്ലോ പറഞ്ഞത് ചെയ്യാന്‍? ഞങ്ങളൊന്നും പറഞ്ഞില്ലല്ലോ. അവര്‍ ചെയ്യുന്നു. സിനിമയെ സിനിമയായിട്ട് കാണണം സിനിമയെ ചരിത്രമായിട്ട് കാണരുത്. ഞാന്‍ മോഹന്‍ലാലിന്‍റെ ഫാനാണ്. ഇപ്പോള്‍ അവര്‍ തന്നെ പറയുന്നു അത് മാറ്റുമെന്ന്. റീസെന്‍സര്‍ഷിപ്പിന് കൊടുക്കുന്നുവെന്നും സെവന്‍റീന്‍ കട്ട്സും ഉണ്ടെന്ന്. എനിക്ക് കാണാന്‍ ആഗ്രഹമില്ല. അത്രയേ ഉള്ളൂ. '' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേ സമയം, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി കേരളത്തിലെ എംപിമാര്‍ വോട്ടു ചെയ്യണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. മുനമ്പത്തെ ഭൂപ്രശ്നത്തിന്‍റെ പശ്ചാത്തലത്തിലാണ് വഖഫ് ഭേദഗതിക്ക് അനുകൂലമായി കേരള എംപിമാര്‍ വോട്ടു ചെയ്യണമെന്ന ആവശ്യം കെസിബിസി മുന്നോട്ടു വച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ വഖഫ് നിയമ ഭേദഗതിക്ക് അനുകൂലമായ നിലപാട് പാര്‍ലമെന്‍റില്‍ സ്വീകരിക്കുക ദുഷ്കരമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. ബില്ലിനെ എതിര്‍ക്കാനുളള തീരുമാനവുമായി മുന്നോട്ടു പോകാനാണ് സംഘടനയിലെ നിലവിലെ ധാരണ. ഇക്കാര്യത്തില്‍ കെസിബിസി നേതൃത്വവുമായി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തിയേക്കും. കെസിബിസി നിലപാടിനോട് സിപിഎമ്മും പ്രതികരിച്ചിട്ടില്ല.