പ്രിയങ്ക ഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തി ഇഫ്താർ വിരുന്നിൽ പങ്കെടുത്തു
മലപ്പുറം: കോൺഗ്രസ് നേതാവ്, വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി പാണക്കാട് വീട്ടിലെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറിൽ പങ്കെടുക്കാനാണ് അവർ എത്തിയത്. സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലെ തർക്കങ്ങളിലും, മുന്നണിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള ലീഗ് നേതൃത്വത്തിൻ്റെ പരിഭവത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി ഇവിടെയെത്തിയത്.
വൈകിട്ട് 6.15ഓടെയാണ് പിയങ്ക ഗാന്ധി പാണക്കാട് എത്തിയത്. സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. മുസ്ലീം ലീഗ് നേതാക്കളുമായി അര മണിക്കൂര്‍ സൗഹൃദ സംഭാഷണം. തുടർന്ന് പാണക്കാട് തങ്ങള്‍ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കുെമാപ്പം പ്രിയങ്ക ഗാന്ധി ഇഫ്താറില്‍ പങ്കെടുത്തു.
മുസ്ലീം ലീഗ് വയനാട്ടില്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികളെക്കുറിച്ച് അന്വേഷിച്ച പിയങ്ക ഗാന്ധി കഴിയാവുന്നത്ര വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. കോൺഗ്രസ് നേതൃത്വം പഴയതു പോലെ പരിഗണിക്കുന്നില്ലെന്ന മുസ്ലീം ലീഗിന്‍റെ പരിഭവം തീര്‍ക്കാൻ കൂടിയാണ് പ്രിയങ്കാ ഗാന്ധിയുടെ പാണക്കാട് സന്ദര്‍ശിച്ചത്.