കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകൾ കൊണ്ട് എക്കാലവും തലയുയർത്തി നിന്ന് പെൺകരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓർക്കപ്പെടും.
തിരുവനന്തപുരം: കവിയും സാമൂഹ്യ, പരിസ്ഥതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോൾ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ശാന്തികവാടത്തിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും ചടങ്ങുകൾ. ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും. ടീച്ചറുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ടാവും.
undefined
സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനുമായിരുന്ന പരേതനായ ബോധേശ്വരന്റെയും തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ സംസ്‌കൃതം അധ്യാപികയായിരുന്ന പരേതയായ വി.കെ കാര്‍ത്ത്യാനിയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. ഭര്‍ത്താവ്: എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ, പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍. എന്‍ സി ഇ ആര്‍ടി മേധാവിയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടറുമായിരുന്നു അദ്ദേഹം. മകള്‍: ലക്ഷ്മി. വിദ്യാഭ്യാസ വിചക്ഷണയും എഴുത്തുകാരിയും അധ്യാപികയുമായിരുന്ന പരേതയായ ബി ഹൃദയകുമാരി, എഴുത്തുകാരിയും ചിന്തകയുമായിരുന്ന പരേതയായ സുജാതാ ദേവി എന്നിവര്‍ സഹോദരങ്ങളാണ്.
കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയർത്തി.
കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകൾ കൊണ്ട് എക്കാലവും തലയുയർത്തി നിന്ന് പെൺകരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓർക്കപ്പെടും.
1996ൽ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയുമായി. മനോനില തെറ്റിയവർക്കും ആരുമില്ലാത്തവർക്കും അസുഖങ്ങളാൽ തകർന്നുപോയവർക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു. കർമ്മഭൂമി പൊതുപ്രവർത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവർ നിരസിച്ചിരുന്നു.
സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ആശാൻ പ്രൈസ്, ഓടക്കുഴൽ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ എണ്ണമറ്റ അംഗീകാരങ്ങൾ. 2006ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
വൈകിട്ട് നാല് മണിയോടെ സുഗതകുമാരിയുടെ സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നൽകി.
സുഗതകുമാരിയുടെ മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.
മാധ്യമപ്രവര്‍ത്തകരടക്കം മറ്റാരേയും തന്നെ ശാന്തികവടത്തിലേക്ക് പ്രവേശിപ്പില്ല. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് സിംഗ് കൗറും സംസ്കാരചടങ്ങിൽ പങ്കെടുത്തു. ഇരുവരും പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിനെത്തിയത്.