വഖഫ് ഭൂമിയെന്ന് വാദിച്ച ഫാറൂഖ് കോളേജ് ഇപ്പോൾ ഭൂമി ദാനമാണെന്ന് വാദിക്കുന്നത് മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് വഖഫ് ബോർഡ്
കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് ആക്കിയ വഖഫ് ബോർഡിൻ്റെ നടപടി ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മൻ്റ് അസോസിയേഷൻ നൽകിയ ഹർജിയിൽ വഖഫ് ട്രിബൂണലിൽ ഇന്നും വാദം തുടർന്നു. ഭൂമിയുമായി ബന്ധപ്പെട്ട് പറവൂർ മുൻസിഫ് കോടതിയുടെ വിധിയാണ് ട്രൈബൂണൽ ഇന്ന് പരിശോധിച്ചത്. കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാൻ വഖഫ് ഭൂമിയെന്ന് വാദിച്ച ഫാറൂഖ് കോളേജ് ഇപ്പോൾ ഭൂമി ദാനമാണെന്ന് വാദിക്കുന്നത് മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് വഖഫ് ബോർഡ് വാധിച്ചു.
മുനമ്പം ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളജ് 1971 ൽ സത്യവാങ്മൂലം നൽകിയെന്ന് വഖഫ് ബോർഡ് ഇന്ന് ചൂണ്ടിക്കാട്ടി. പറവൂർ സബ് കോടതിയിൽ ഫാറൂഖ് കോളജ് സത്യവാങ്മൂലം നൽകിയെന്നായിരുന്നു വഖഫ് ബോർഡ് വ്യക്തമാക്കിയത്. അങ്ങനെയൊരു സത്യവാങ്മൂലം ഉണ്ടോ എന്ന് അറിയില്ലെന്ന് ഫാറൂഖ് കോളജിൻ്റെ അഭിഭാഷകൻ മായീൻ കോടതിയിൽ പറഞ്ഞു. ഭൂമി ദാനമാണെന്നതിന് വിധി പ്രസ്‌താവത്തിൽ തന്നെ സൂചനകൾ ഉണ്ടെന്നായിരുന്നു ഫാറൂഖ് കോളേജിന്റെയും മുനമ്പം നിവാസികളുടെയും സുബൈദയുടെ മക്കളും വാദിച്ചത്. 1975 ലെ ഹൈക്കോടതി വിധി നാളെ പരിശോധിക്കും.