
കൊച്ചി: എറണാകുളം അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ ബാങ്ക് പ്രസിഡന്റ് പി ടി പോളിന്റെ ഭാര്യ റിമാന്റിൽ. 89 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ക്രൈം ബ്രാഞ്ച് എൽസിയെ അറസ്റ്റ് ചെയ്തത്. മരിച്ച പി ടി പോൾ ആയിരുന്നു കേസിൽ ഒന്നാം പ്രതി. തയ്യൽ തൊഴിലാളിയായ എൽസിയും പണം തട്ടിയിട്ടുണ്ടെന്നും വ്യാജ രേഖകൾ ഉണ്ടാക്കി എൽസി ബാങ്കിൽ നിന്നും ലോണെടുത്തു എന്നും അന്വേഷണ സംഘം പറയുന്നു. നിലവിൽ എൽസിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.
2002 ലാണ് അങ്കമാലി അർബൻ സഹകരണ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പി ടി പോളിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് തെരഞ്ഞെടുപ്പ് പോലുമില്ലാതെ വർഷങ്ങളായി ബാങ്കിന്‍റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. പോളിന്‍റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്ത് വന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതിയും ജീവനക്കാരും ചേർന്ന് ബാങ്കിൽ നടത്തിയത് 98 കോടിയുടെ തട്ടിപ്പാണെന്നാണ് സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ.
തുടർന്ന് എറണാകുളം ജില്ല സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാർ നൽകിയ പരാതിയിലാണ് 20 പേർക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തത്. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാർക്കുമെതിരെയാണ് കേസെടുത്തത്. മാസങ്ങള്‍ക്ക് മുൻപ് മരിച്ച കോണ്‍ഗ്രസ് നേതാവും മുൻ പ്രസിഡന്‍റുമായ പി ടി പോളാണ് ഒന്നാം പ്രതി. പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഭരണ സമിതി അംഗങ്ങളുടെ കൈയ്യിൽ പല ആവശ്യങ്ങൾക്കായി നാട്ടുകാർ നൽകിയ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കി ലോണ്‍ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ലോണ്‍ തിരിച്ചടയ്ക്കണമെന്ന് കാണിച്ച് ലോണെടുക്കാത്തവർക്കും നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam