കരുവന്നൂർ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ.
തൃശ്ശൂർ: കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണൻ ഇന്ന് ഇ ഡിക്ക് മുമ്പിൽ ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കണമെന്നതിനാല്‍ ഇഡിയോട് സാവകാശം തേടും. കെ രാധാകൃഷ്ണൻ ചേലക്കരയിലാണ് ഇപ്പോഴുള്ളത്. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആയിരുന്നു നോട്ടിസ്. കരുവന്നൂർ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ.
ഭൂസ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സഹിതം ഹാജരാകാനായിരുന്നു ഇഡിയുടെ നിർദ്ദേശം. കരുവന്നൂർ കേസിനെ സംബന്ധിച്ച ഇഡി സമ്മൻസ് രാഷ്ട്രീയ പകപോക്കലെന്നാണ് കെ രാധാകൃഷ്ണൻ എംപി പ്രതികരിച്ചത്. നീക്കത്തിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും ലോക്‌സഭ സമ്മേളനത്തിനു ശേഷം ഹാജരാകാമെന്ന് ഇഡിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയം ദില്ലിയിൽ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. കരുവന്നൂര്‍ കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡി നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം