ഉത്തരക്കടലാസുകൾ നഷ്‌ടമായ സംഭവം: കേരള സർവകലാശാല എംബിഎ ഫിനാൻസ് മൂന്നാം സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കേരള സ‍ർവകലാശാല എംബിഎ ഫിനാൻസ് വിഭാഗം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Kerala University MBA third semester results published

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ നഷ്ടമായതുമായി ബന്ധപ്പെട്ട സംഭവത്തിൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022-24 ഫിനാൻസ് സ്ട്രീം എംബിഎ ബാച്ചിലെ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെ തുടർന്ന് വീണ്ടും പരീക്ഷയെഴുതി ഐസിഎമ്മിലെ 65 കുട്ടികളും പരീക്ഷ പാസായി. നാലാം സെമസ്റ്റർ ഫലം കൂടി ഇനി പ്രഖ്യാപിക്കാനുണ്ട്. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തിയ ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. 

സർവകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കടുത്ത നടപടിക്കാണ് അന്വേഷണ സമിതിയുടെ നിർദ്ദേശം. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ പൂജപ്പുര ഐസിഎമ്മിലെ അധ്യാപകൻ പ്രമോദിനെ പിരിച്ചുവിടാനാണ് ശുപാർശ. കോളേജിലെ ഗസ്റ്റ് അധ്യാപകനാണ് പ്രമോദ്.  പാലക്കാടേക്ക് ബൈക്കിൽ ഉത്തരക്കടലാസുകൾ കൊണ്ടുപോയതിൽ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. പിരിച്ചുവിടുന്നതിൽ അന്തിമ തീരുമാനം വിസിയുടേതായിരിക്കും. പരീക്ഷ വീണ്ടും നടത്തുന്നതിന് ചെലവായ തുക പൂജപ്പുര ഐസിഎമ്മിൽ നിന്ന് ഈടാക്കും. അധ്യാപകന്റെ നിയമനത്തിൽ പ്രശ്നങ്ങളുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഇത് കൂടി കണക്കിലെടുത്താണ് സ്ഥാപനത്തിനെതിരായ നടപടി.

Latest Videos

മൂല്യനിർണയ രീതിയിൽ മാറ്റം വരുത്താനും തീരുമാനമുണ്ട്. അധ്യാപകർക്ക് ആൻസർ ഷീറ്റുകൾ ഇനി കൊടുത്തുവിടില്ല.  ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത് മാർക്കിടാനാകുന്ന ഓൺ സ്ക്രീൻ മൂല്യനിർണയം എംബിഎയ്ക്കും നടപ്പാക്കും. നിലവിൽ ചില പിജി കോഴ്സുകളിൽ ഓൺ സ്ക്രീൻ മൂല്യനിർണയം നടത്തുന്നുണ്ട്. അടിയന്തരമായി എംബിഎ മൂല്യനിർണയവും ഈ രീതിയിലേക്ക് മാറ്റും.  കേരള സർവകലാശാല രജിസ്ട്രാർ,  പരീക്ഷ കൺട്രോളർ, ഐക്യുഎസി കോർഡിനേറ്റ‌ർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.  സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സ‍ർവകലാശാല നേരത്തെ തന്നെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.  2022-24 ഫിനാൻ്സ് സ്ട്രീം എംബിഎ ബാച്ചിലെ 71 വിദ്യാർത്ഥികളുടെ ഉത്തരടക്കലാസുകളാണ് നഷ്ടപ്പെട്ടത്.  കഴിഞ്ഞ ദിവസമായിരുന്നു ഈ വിദ്യാർത്ഥികൾക്കുള്ള പുനഃപരീക്ഷ. 

vuukle one pixel image
click me!