കേരളത്തിൽ ആരെയും രാഷ്ട്രീയ ശത്രുക്കൾ ആയി കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: പ്രധാന പ്ലാന്‍ മിഷൻ 2026 തന്നെയാണ് പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ ധനസ്ഥിതി ദുർബലമാണ്. മാറ്റം കൊണ്ടുവരാൻ കഴിയുന്നത് എന്‍ഡിഎയ്ക്ക് മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ മാറ്റവും ഒരു വർഷത്തിനുള്ളിൽ കൊണ്ടുവരാനാണ് ആഗ്രഹം. റിസ്ക് എടുക്കാൻ പേടി ഉള്ള ആളല്ല താനെന്നും തിരുവനന്തപുരത്ത് മത്സരിച്ചപ്പോഴും റിസ്ക് നോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കി പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
കേരളത്തിൽ ആരെയും രാഷ്ട്രീയ ശത്രുക്കൾ ആയി കാണുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ അഴിമതിക്കാരാണ്. കേരളത്തിൽ മാറ്റം കൊണ്ടുവരാൻ ബിജെപി അധികാരത്തിൽ വരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കടം വാങ്ങി എൽഡിഎഫും യുഡിഎഫും കടം വാങ്ങി ജീവിക്കുന്ന നയത്തിന്‍റെയും നിക്ഷേപവിരുദ്ധ രാഷ്ട്രീയത്തിന്‍റെയും ആളുകളാണ്. നോക്കുകൂലി ഉള്ള കേരളമല്ല, തൊഴിൽ, നിക്ഷേപം ഉള്ള കേരളമാണ് നമ്മുക്ക് വേണ്ടത്. ദില്ലിയിൽ നിന്നും കേന്ദ്ര സർക്കാർ പണം പ്രിന്റ് ചെയ്ത് ഇറക്കുകയല്ല. കേന്ദ്ര ഫണ്ടുകൾ കിട്ടുന്നതിന് കൃത്യമായ മാനദണ്ഡമുണ്ട്. അതൊന്നും കൃത്യമായി പാലിക്കാതെ കേന്ദ്രത്തെ പഴിക്കുകയാണ് കേരളമെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. എന്‍റെ പേരിൽ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷ്യത്തോടെയാണ് നേതാക്കൾ മുന്നോട്ട് പോകുക. എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എല്ലാം അനുഭവ സമ്പന്നരായ നേതാക്കളാണ്. അവർക്കൊക്കെ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. ഒരു ശക്തിയായി ബിജെപി വളർന്നുവരുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മോദി പഠിപ്പിച്ച് തന്നത് ജനങ്ങളുടെ അഭിപ്രായം അറിയാനാണ്. എന്‍ഡിഎ ശക്തമാക്കി മുന്നോട്ട് പോകും. ഏതെങ്കിലും ഘടകകക്ഷി പുതുതായി വരണമോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ സംസ്ഥാനം പരിഹാരം കാണണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു. ആശ വര്‍ക്കര്‍മാര്‍ക്കുള്ള പണം കൊടുത്ത് സംസ്ഥാനത്തിന് പ്രശ്നം തീർക്കണം. കേന്ദ്രം പണം തന്നില്ലെന്ന് പറഞ്ഞ് അവർക്ക് പണം നൽകാതെ ഇരിക്കുകയാണോ വേണ്ടത്. ആശമാർ പണി എടുക്കുന്നത് സംസ്ഥാനത്തിന് വേണ്ടി അല്ലേ. കേന്ദ്രവുമായി തർക്കം ഉണ്ടെങ്കിൽ അത് പിന്നീട് തീർക്കാം. ആദ്യം കേരളം കയ്യിൽ നിന്നും പണം എടുത്ത് നൽകട്ടെയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.