വഖഫ് ബില്ലിലെ 2 വകുപ്പുകളെ അനുകൂലിച്ച ജോസ് കെ മാണിയുടെ നിലപാട് ആശ്വാസകരമെന്ന് കെസിബിസി; സിപിഎമ്മിന് അമർഷം

വഖഫ് ഭേദഗതി ബില്ലിലെ 2 വകുപ്പുകളെ അനുകൂലിച്ച് വോട്ട് ചെയ്ത ജോസ് കെ മാണിയുടെ നിലപാട് ആശ്വാസകരമെന്ന് കെസിബിസി


കൊച്ചി: വഖഫ് ബില്ലില്‍ ജോസ് കെ.മാണിയെടുത്ത നിലപാട് ആശ്വാസകരമെന്ന് കത്തോലിക്ക സഭ. ബില്ലിനെ പൂര്‍ണമായും അനുകൂലിച്ചില്ലെങ്കിലും ജോസ് കെ.മാണിയും, ഫ്രാന്‍സിസ് ജോര്‍ജും ഡീന്‍ കുര്യാക്കോസും ഒരു പരിധിവരെ സഭയ്ക്ക് സ്വീകാര്യമായ നിലപാടെടുത്തുവെന്ന് കെസിബിസി വക്താവ് ഫാദര്‍ തോമസ് തറയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മറ്റുള്ള എംപിമാര്‍ അതുപോലും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതിയെ പൂർണമായും അനുകൂലിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടിരുന്നില്ല. മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് ഓർക്കണമെന്നും അനുകൂലിക്കാവുന്ന ഇടങ്ങളിൽ അനുകൂലിക്കണമെന്നുമാണ് കെസിബിസി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ബില്ല് നിയമമാകുന്നതിലൂടെ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കെസിബിസി. 

അതേസമയം ഇടതുമുന്നണിയുടെ ഭാഗമായ ജോസ് കെ മാണിയുടെ നിലപാടിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്. എന്നാൽ ജോസ് കെ മാണിയെ പിണക്കാതെ പ്രശ്നം പരിഹരിക്കാനാണ് സിപിഎം ശ്രമം. മുന്നണി ഒന്നാകെ എതിർത്ത ബില്ലിലെ ചില വ്യവസ്ഥകളോട് യോജിച്ച ജോസ് കെ മാണിയുടെ രീതി ശരിയായില്ല എന്ന കാര്യം അദ്ദേഹത്തെ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Latest Videos

എൽഡിഎഫിനെ മറ്റ് അംഗങ്ങൾക്കൊപ്പം പൊതു വോട്ടെടുപ്പിൽ ബില്ലിനെ എതിർത്ത ജോസ് കെ മാണി, വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിൽ രണ്ടിടത്താണ് അനുകൂലിച്ച് വോട്ട് ചെയ്തത്. വഖഫ് തർക്കങ്ങളിൽ ട്രൈബ്യൂണൽ തീർപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്. വഖഫ് ബോർഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും ജോസ് കെ മാണി അനുകൂലിച്ചു. എൽ ഡി എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് (എം) ചെയർമാനാണ് നിലവിൽ ജോസ് കെ മാണി. 

click me!